MATHAIA 15:1-11
MATHAIA 15:1-11 MALCLBSI
അനന്തരം യെരൂശലേമിൽനിന്നു പരീശന്മാരും മതപണ്ഡിതന്മാരും യേശുവിന്റെ അടുക്കൽവന്ന് “അങ്ങയുടെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യങ്ങൾ ലംഘിക്കുന്നത് എന്തുകൊണ്ട്? അവർ ഭക്ഷണം കഴിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ” എന്നു പറഞ്ഞു. യേശു അതിന് ഇങ്ങനെ മറുപടി നല്‌കി: “നിങ്ങളുടെ പാരമ്പര്യം പാലിക്കുന്നതിനുവേണ്ടി, ഈശ്വരകല്പനയെ നിങ്ങൾ ലംഘിക്കുന്നത് എന്തുകൊണ്ട്? പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക എന്നും പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം എന്നും ദൈവം കല്പിച്ചിരിക്കുന്നു. എന്നാൽ ‘പിതാവിനോ മാതാവിനോ എന്നിൽനിന്നു ലഭിക്കേണ്ടതു എന്തെങ്കിലും ഞാൻ ദൈവത്തിനു നല്‌കിയിരിക്കുന്നു’ എന്ന് ഒരുവൻ പറഞ്ഞാൽ പിന്നെ അച്ഛനെയും അമ്മയെയും സംരക്ഷിക്കേണ്ടതില്ല എന്നു നിങ്ങൾ പഠിപ്പിക്കുന്നു. അങ്ങനെ പാരമ്പര്യം പുലർത്താൻവേണ്ടി ദൈവവചനം നിങ്ങൾ നിരർഥകമാക്കുന്നു. കപടഭക്തരേ, നിങ്ങളെക്കുറിച്ച് യെശയ്യാ പ്രവചിച്ചിരിക്കുന്നത് എത്രയോ വാസ്തവം. ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു. അവരുടെ ഹൃദയമാകട്ടെ എന്നിൽനിന്നു വിദൂരസ്ഥമായിരിക്കുന്നു. അവർ എന്നെ ആരാധിക്കുന്നതു വ്യർഥം; മനുഷ്യനിർമിതങ്ങളായ അനുശാസനങ്ങളാണ് അവരുടെ ധർമോപദേശം. പിന്നീട് യേശു ജനങ്ങളെ അടുക്കൽ വിളിച്ച് അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഇതു കേട്ടു ഗ്രഹിച്ചുകൊള്ളുക: മനുഷ്യന്റെ വായിലേക്കു ചെല്ലുന്നത് അല്ല അവനെ അശുദ്ധനാക്കുന്നത്; പ്രത്യുത വായിൽനിന്നു പുറത്തു വരുന്നതാണ്.”