MATHAIA 14:13-21
MATHAIA 14:13-21 MALCLBSI
യേശു അതു കേട്ടപ്പോൾ ഒരു വഞ്ചിയിൽ കയറി അവിടംവിട്ട് തനിച്ച് ഒരു വിജനസ്ഥലത്തേക്കു പോയി. ജനങ്ങൾ ഇതറിഞ്ഞു പട്ടണങ്ങളിൽനിന്നു കാൽനടയായി അവിടുത്തെ പിന്തുടർന്നു. യേശു അവിടെ ചെന്നിറങ്ങിയപ്പോൾ ഒരു വലിയ ജനസമൂഹത്തെ കണ്ടു. അവിടുത്തേക്ക് അവരിൽ അനുകമ്പ തോന്നി. അവരുടെ കൂടെയുണ്ടായിരുന്ന രോഗികൾക്ക് അവിടുന്ന് സൗഖ്യം നല്‌കി. സന്ധ്യ ആയപ്പോൾ ശിഷ്യന്മാർ അവിടുത്തോടു പറഞ്ഞു: “ഇതൊരു വിജനസ്ഥലമാണല്ലോ; നേരവും വൈകി; ജനങ്ങളെ പറഞ്ഞയച്ചാലും; അവർ ഗ്രാമങ്ങളിൽ ചെന്നു വല്ല ഭക്ഷണസാധനങ്ങളും വാങ്ങട്ടെ.” യേശു അവരോടു പറഞ്ഞു: “അവർ പോകേണ്ടതില്ല; നിങ്ങൾ തന്നെ അവർക്കു ഭക്ഷണം നല്‌കണം.” അവർ യേശുവിനോട്: “ഞങ്ങളുടെ പക്കൽ അഞ്ചപ്പവും രണ്ടു മീനുമല്ലാതെ മറ്റൊന്നുമില്ല” എന്നു പറഞ്ഞു. “അവ ഇങ്ങു കൊണ്ടുവരൂ” എന്നു പറഞ്ഞശേഷം ജനങ്ങളോടു പുൽപ്പുറത്തിരിക്കുവാൻ യേശു ആജ്ഞാപിച്ചു. അനന്തരം ആ അഞ്ചപ്പവും രണ്ടു മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി സ്തോത്രം ചെയ്തു മുറിച്ച് ജനങ്ങൾക്കു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. എല്ലാവരും ഭക്ഷിച്ചു സംതൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങൾ പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. ഭക്ഷണം കഴിച്ചവർ സ്‍ത്രീകളെയും കുട്ടികളെയും കൂടാതെ അയ്യായിരത്തോളം പേർ ഉണ്ടായിരുന്നു.