MATHAIA 13:53-58
MATHAIA 13:53-58 MALCLBSI
ഈ സദൃശോക്തികൾ പൂർത്തിയാക്കിയശേഷം യേശു അവിടെനിന്നു പുറപ്പെട്ടു സ്വന്തം ദേശത്തു ചെന്നു; അവരുടെ സുനഗോഗിൽ പോയി അവരെ പഠിപ്പിച്ചു. അവർ ആശ്ചര്യഭരിതരായി ഇങ്ങനെ പറഞ്ഞു: “ഈ അറിവും അദ്ഭുതസിദ്ധികളും ഈ മനുഷ്യന് എവിടെനിന്നു കിട്ടി? ആ മരപ്പണിക്കാരന്റെ മകനല്ലേ ഇയാൾ? മറിയം ഇയാളുടെ അമ്മയും യാക്കോബും യോസേഫും ശിമോനും യൂദായും ഇയാളുടെ സഹോദരന്മാരുമല്ലേ? ഇയാളുടെ സഹോദരികൾ എല്ലാവരും ഇവിടെത്തെന്നെ ഉണ്ടല്ലോ! പിന്നെ ഇയാൾക്ക് ഈ സിദ്ധികളെല്ലാം എവിടെനിന്ന്? ഇങ്ങനെ പറഞ്ഞുകൊണ്ട് അവർ അവിടുത്തെ തിരസ്കരിച്ചു. യേശു അവരോടു പറഞ്ഞു: “ഒരു പ്രവാചകൻ സ്വദേശത്തും സ്വഭവനത്തിലും മാത്രമേ നിന്ദിക്കപ്പെടുന്നുള്ളൂ.” അവരുടെ അവിശ്വാസം നിമിത്തം യേശു അവിടെ അധികം അദ്ഭുതപ്രവൃത്തികൾ ചെയ്തില്ല.