YouVersion Logo
Search Icon

MATHAIA 1:18-25

MATHAIA 1:18-25 MALCLBSI

യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു. യേശുവിന്റെ മാതാവായ മറിയവും യോസേഫും തമ്മിൽ വിവാഹനിശ്ചയം ചെയ്തിരുന്നു. അവർ ഒരുമിച്ചു ചേരുന്നതിനു മുമ്പ് മറിയം പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചിരിക്കുന്നതായി കാണപ്പെട്ടു. മറിയമിന്റെ ഭർത്താവായ യോസേഫ് ഒരു ഉത്തമ മനുഷ്യനായിരുന്നതുകൊണ്ട് മറിയം അപമാനിതയാകുന്നതിൽ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് രഹസ്യമായി മറിയമിനെ ഉപേക്ഷിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ ഇതേപ്പറ്റി അദ്ദേഹം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ദൈവദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി ഇപ്രകാരം പ്രസ്താവിച്ചു: “ദാവീദിന്റെ പുത്രനായ യോസേഫേ, നിന്റെ ഭാര്യയായ മറിയമിനെ സ്വീകരിക്കുന്നതിനു ശങ്കിക്കേണ്ടാ; അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും; ആ ശിശുവിന് യേശു എന്നു പേര് വിളിക്കണം. തന്റെ ജനങ്ങളെ അവരുടെ പാപങ്ങളിൽനിന്ന് അവിടുന്നു രക്ഷിക്കും.” “ഇതാ കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവൻ ദൈവം നമ്മോടുകൂടി എന്നർഥമുള്ള ‘ഇമ്മാനുവേൽ’ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകൻ മുഖാന്തരം ദൈവം അരുളിച്ചെയ്തതു നിറവേറുന്നതിന് ഇവയെല്ലാം സംഭവിച്ചു. യോസേഫ് നിദ്രവിട്ടുണർന്ന് ദൈവദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു; അദ്ദേഹം തന്റെ ഭാര്യയെ സ്വീകരിച്ചു. എന്നാൽ പുത്രനെ പ്രസവിക്കുന്നതുവരെ അദ്ദേഹം മറിയമിനോടു ശാരീരികബന്ധം പുലർത്തിയില്ല. ശിശുവിനെ അദ്ദേഹം യേശു എന്നു പേര് വിളിച്ചു.