YouVersion Logo
Search Icon

LUKA 9:1-17

LUKA 9:1-17 MALCLBSI

യേശു പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ചു കൂട്ടി സകല ഭൂതങ്ങളെയും പുറത്താക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അധികാരവും ശക്തിയും നല്‌കി. പിന്നീടു ദൈവരാജ്യം വിളംബരം ചെയ്യുവാനും അസ്വസ്ഥരെ സുഖപ്പെടുത്തുവാനും അവരെ അയച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “യാത്രയ്‍ക്കുവേണ്ടി നിങ്ങൾ ഒന്നും കരുതേണ്ടാ; വടിയോ, സഞ്ചിയോ, ആഹാരമോ, പണമോ വേണ്ടാ; രണ്ടു വസ്ത്രവും എടുക്കേണ്ടതില്ല. നിങ്ങൾ ഏതെങ്കിലും ഭവനത്തിൽ ചെന്നാൽ ആ സ്ഥലത്തുനിന്നു പോകുന്നതുവരെ അവിടെത്തന്നെ പാർക്കുക. ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ ആ പട്ടണം വിട്ടുപോകുമ്പോൾ അവർക്ക് എതിരെയുള്ള സാക്ഷ്യത്തിനുവേണ്ടി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുക.” അങ്ങനെ ശിഷ്യന്മാർ പുറപ്പെട്ട് സുവിശേഷം ഘോഷിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തുകൊണ്ട് ഗ്രാമംതോറും സഞ്ചരിച്ചു. ഈ കാര്യങ്ങളെല്ലാം സാമന്തരാജാവായ ഹേരോദാ കേട്ടു. യോഹന്നാൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു ചിലരും ഏലിയാ പ്രവാചകൻ പ്രത്യക്ഷനായിരിക്കുന്നു എന്നു മറ്റുചിലരും പണ്ടത്തെ പ്രവാചകന്മാരിലൊരാൾ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു വേറെ ചിലരും പറയുന്നതുകേട്ട് ഹേരോദാ അമ്പരന്ന് ഇപ്രകാരം പറഞ്ഞു: “യോഹന്നാനെ ഞാൻ ശിരഛേദം ചെയ്തുവല്ലോ; ഇങ്ങനെയെല്ലാം പറഞ്ഞു കേൾക്കുന്ന ഈ മനുഷ്യൻ ആരായിരിക്കും?” ഹേരോദാ യേശുവിനെ കാണാൻ ശ്രമിച്ചു. തങ്ങൾ ചെയ്ത കാര്യങ്ങളെല്ലാം അപ്പോസ്തോലന്മാർ തിരിച്ചുവന്ന് യേശുവിനോടു പറഞ്ഞു. അവിടുന്ന് അവരെ കൂട്ടിക്കൊണ്ട് രഹസ്യമായി ബെത്‍സെയ്ദ എന്ന പട്ടണത്തിലേക്കു പോയി. ജനങ്ങൾ ഇതറിഞ്ഞ് യേശുവിനെ പിന്തുടർന്നു. അവിടുന്ന് അവരെ സ്വീകരിച്ച്, ദൈവരാജ്യത്തെപ്പറ്റി അവരോടു സംസാരിക്കുകയും രോഗശാന്തി ആവശ്യമുള്ളവർക്കു സൗഖ്യം നല്‌കുകയും ചെയ്തു. അസ്തമയത്തോടടുത്തപ്പോൾ പന്ത്രണ്ടു ശിഷ്യന്മാർ യേശുവിനെ സമീപിച്ചു പറഞ്ഞു: “ഇതു വിജനസ്ഥലമാണല്ലോ; ഈ ജനം അടുത്തുള്ള ഗ്രാമങ്ങളിലും കുടിപാർപ്പുള്ള സ്ഥലങ്ങളിലും പോയി രാപാർക്കുകയും വല്ല ഭക്ഷണസാധനങ്ങളും വാങ്ങുകയും ചെയ്യുവാൻ ഇവരെ പറഞ്ഞയച്ചാലും.” എന്നാൽ യേശു പറഞ്ഞു: “നിങ്ങൾ അവർക്കു വല്ലതും ഭക്ഷിക്കുവാൻ കൊടുക്കണം!” അതിനു മറുപടിയായി അവർ, “ഞങ്ങളുടെ പക്കൽ അഞ്ചപ്പവും രണ്ടു മീനുമല്ലാതെ മറ്റൊന്നുമില്ല; ഞങ്ങൾ പോയി ഈ വലിയ ജനസഞ്ചയത്തിനു വേണ്ട ആഹാരം വാങ്ങണമെന്നാണോ അങ്ങു പറയുന്നത്?” എന്നു ചോദിച്ചു. പുരുഷന്മാർതന്നെ അയ്യായിരത്തോളം അവിടെ കൂടിയിരുന്നു. ഏകദേശം അമ്പതുപേർ വീതമുള്ള പന്തികളായി അവരെ ഇരുത്തുവാൻ യേശു ശിഷ്യന്മാരോട് ആജ്ഞാപിച്ചു. എല്ലാവരെയും അവർ ഇരുത്തി. യേശു ആ അഞ്ച് അപ്പവും രണ്ടുമീനും കൈയിലെടുത്തു സ്വർഗത്തിലേക്കു നോക്കി, വാഴ്ത്തി നുറുക്കി, ജനത്തിനു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. അധികം വന്ന അപ്പക്കഷണങ്ങൾ ശിഷ്യന്മാർ പന്ത്രണ്ടു കുട്ടകളിൽ സംഭരിച്ചു.