LUKA 7:31-50
LUKA 7:31-50 MALCLBSI
യേശു തുടർന്നു പറഞ്ഞു: “ഈ തലമുറയിലെ മനുഷ്യരെ ഞാൻ എന്തിനോടാണ് ഉപമിക്കേണ്ടത്? ആർക്കു തുല്യരാണവർ? ‘ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതി; നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലാപഗാനം പാടി; നിങ്ങൾ കരഞ്ഞില്ല’ എന്നിങ്ങനെ ചന്തയിലിരുന്ന് അന്യോന്യം വിളിച്ചുപറയുന്ന കുട്ടികൾക്ക് തുല്യരാണവർ. “സ്നാപകയോഹന്നാൻ ഭക്ഷണപാനീയങ്ങളിൽ വർജനം ആചരിക്കുന്നവനായി വന്നു. അദ്ദേഹം ഭൂതാവിഷ്ടനാണെന്നു നിങ്ങൾ പറയുന്നു; മനുഷ്യപുത്രൻ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നവനായി വന്നു. ‘ഇതാ ഭോജനപ്രിയനും മദ്യപനുമായ മനുഷ്യൻ! ചുങ്കക്കാരുടെയും അധർമികളുടെയും സ്നേഹിതൻ!’ എന്നു നിങ്ങൾ പറയുന്നു. ദൈവികമായ ജ്ഞാനമാണു ശരിയായതെന്ന് അതു സ്വീകരിക്കുന്ന എല്ലാവരാലും തെളിയിക്കപ്പെട്ടിരിക്കുന്നു.” ഒരിക്കൽ ഒരു പരീശൻ യേശുവിനെ വിരുന്നിനു ക്ഷണിച്ചു. അവിടുന്ന് അയാളുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരുന്നു. ആ പട്ടണത്തിൽ പാപിനിയായ ഒരു സ്‍ത്രീ ഉണ്ടായിരുന്നു. യേശു ആ പരീശന്റെ ഭവനത്തിൽ ഉണ്ടെന്നറിഞ്ഞ് അവൾ ഒരു വെൺകല്പാത്രത്തിൽ പരിമളതൈലവുമായി എത്തി. അവൾ യേശുവിന്റെ പിറകിൽ അവിടുത്തെ കാല്‌ക്കൽ കരഞ്ഞുകൊണ്ടുനിന്നു. തന്റെ കണ്ണുനീർകൊണ്ട് അവൾ അവിടുത്തെ പാദങ്ങൾ നനയ്‍ക്കുവാൻ തുടങ്ങി. അവൾ തലമുടികൊണ്ട് അതു തുടച്ചു. അവിടുത്തെ പാദങ്ങൾ തുടരെ ചുംബിക്കുകയും പരിമളതൈലം പൂശുകയും ചെയ്തു. ഇതുകണ്ട് ആതിഥേയനായ പരീശൻ ആത്മഗതം ചെയ്തു: “ഇദ്ദേഹം പ്രവാചകനായിരുന്നെങ്കിൽ, തന്നെ സ്പർശിച്ച ഈ സ്‍ത്രീ ആരാണെന്നും എങ്ങനെയുള്ളവളാണെന്നും അറിയുമായിരുന്നു; അവൾ ഒരു പാപിനിയാണല്ലോ.” യേശു പരീശനോടു പറഞ്ഞു: “ശിമോനേ താങ്കളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്.” “ഗുരോ, പറഞ്ഞാലും” എന്ന് അയാൾ പറഞ്ഞു. യേശു അരുൾചെയ്തു: “പണം കടം കൊടുക്കുന്ന ഒരാൾക്കു രണ്ടുപേർ കടപ്പെട്ടിരുന്നു; ഒരാൾ അഞ്ഞൂറു ദിനാറും മറ്റെയാൾ അമ്പതു ദിനാറുമായിരുന്നു അയാൾക്കു കൊടുക്കാനുണ്ടായിരുന്നത്. കടം വീട്ടാൻ കഴിവില്ലായ്കയാൽ രണ്ടുപേർക്കും ആ തുകകൾ അയാൾ ഇളച്ചുകൊടുത്തു; ഇവരിൽ ആരാണ് അയാളെ അധികം സ്നേഹിക്കുക?” “കൂടുതൽ സംഖ്യ ഇളച്ചു കിട്ടിയവനായിരിക്കുമെന്ന് എനിക്കു തോന്നുന്നു” എന്നു ശിമോൻ പറഞ്ഞു. “അതു ശരിതന്നെ” എന്നു പറഞ്ഞശേഷം യേശു ആ സ്‍ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോടു പറഞ്ഞു: “ഈ സ്‍ത്രീയെ താങ്കൾ കാണുന്നുണ്ടല്ലോ. ഞാൻ നിങ്ങളുടെ ഭവനത്തിൽ വന്നു; നിങ്ങൾ എനിക്കു കാലു കഴുകുവാൻ വെള്ളം തന്നില്ല; ഇവളാകട്ടെ തന്റെ കണ്ണുനീരുകൊണ്ട് എന്റെ കാലു കഴുകി, തലമുടികൊണ്ടു തുടച്ചു. നിങ്ങൾ ചുംബനം ചെയ്ത് എന്നെ സ്വീകരിച്ചില്ല. ഇവളാകട്ടെ ഞാനിവിടെ വന്നപ്പോൾ മുതൽ എന്റെ പാദങ്ങളിൽ തുടരെ ചുംബിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ എന്റെ തലയിൽ തൈലം പൂശിയില്ല; എന്നാൽ ഇവൾ എന്റെ പാദങ്ങളിൽ പരിമളതൈലം പൂശി. അതുകൊണ്ടു ഞാൻ പറയുന്നു: ഇവൾ കൂടുതൽ സ്നേഹിച്ചതിനാൽ ഇവളുടെ എണ്ണമറ്റ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു; കുറച്ചു ക്ഷമിക്കപ്പെട്ടവൻ കുറച്ചു മാത്രമേ സ്നേഹിക്കുകയുള്ളൂ.” പിന്നീട് ആ സ്‍ത്രീയോട്: “നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്ന് അരുൾ ചെയ്തു. യേശുവിനോടുകൂടി ഭക്ഷണം കഴിക്കാനിരുന്നവർ: “പാപങ്ങൾ ക്ഷമിക്കുകപോലും ചെയ്യുന്ന ഇവൻ ആര്?” എന്നു തമ്മിൽ പറഞ്ഞു തുടങ്ങി. യേശു ആ സ്‍ത്രീയോട്: “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു, സമാധാനത്തോടുകൂടി പോകുക” എന്നു പറഞ്ഞു.