LUKA 6:27-49
LUKA 6:27-49 MALCLBSI
“എന്നാൽ എന്റെ പ്രബോധനം കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; നിങ്ങളെ ദ്വേഷിക്കുന്നവർക്കു നന്മ ചെയ്യുക; നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക; നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക. നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതുംകൂടി കാണിച്ചുകൊടുക്കുക. നിന്റെ പുറങ്കുപ്പായം അപഹരിക്കുന്നവനു കുപ്പായംകൂടി വിട്ടുകൊടുക്കാൻ മടിക്കരുത്. നിന്നോടു ചോദിക്കുന്ന എല്ലാവർക്കും കൊടുക്കുക. നിന്റെ വസ്തുവകകൾ അപഹരിച്ചവനോട് അവ തിരിച്ചു ചോദിക്കരുത്. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ വർത്തിക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെതന്നെ അവരോടും വർത്തിക്കുക. “നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കുന്നതുകൊണ്ടു നിങ്ങൾക്കുള്ള മേന്മയെന്ത്? പാപികൾപോലും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കുമാത്രം നന്മ ചെയ്താൽ നിങ്ങൾക്കുള്ള മേന്മയെന്ത്? പാപികളും അങ്ങനെതന്നെ ചെയ്യുന്നുണ്ടല്ലോ. തിരിച്ചുകിട്ടുമെന്നാശിച്ചു കൊണ്ടു വായ്പ കൊടുത്താൽ നിങ്ങൾക്ക് എന്തു മെച്ചം? കൊടുത്തത് അത്രയും തിരിച്ചുവാങ്ങാമെന്നു കരുതി പാപികൾപോലും പാപികൾക്കു കടം കൊടുക്കാറുണ്ടല്ലോ. എന്നാൽ നിങ്ങൾ ശത്രുക്കളെ സ്നേഹിക്കുക; അവർക്കു നന്മ ചെയ്യുക. തിരിച്ച് ഒന്നുംതന്നെ പ്രതീക്ഷിക്കാതെ കടം കൊടുക്കുക. അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും; നിങ്ങൾ അത്യുന്നതന്റെ മക്കളായിത്തീരും; അവിടുന്നു നന്ദികെട്ടവരോടും തൻകാര്യക്കാരോടും ദയാലുവാണല്ലോ. നിങ്ങളുടെ പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക. “ആരെയും വിധിക്കരുത്; എന്നാൽ ദൈവം നിങ്ങളെയും വിധിക്കുകയില്ല. ആരെയും കുറ്റവാളിയെന്നു വിധിക്കരുത്; എന്നാൽ നിങ്ങളെയും കുറ്റവാളികളെന്നു വിധിക്കുകയില്ല. മറ്റുള്ളവരോടു ക്ഷമിക്കുക; എന്നാൽ ദൈവം നിങ്ങളോടും ക്ഷമിക്കും. കൊടുക്കുക; എന്നാൽ നിങ്ങൾക്കു ലഭിക്കും. അമർത്തിക്കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവുതന്നെ നിങ്ങൾക്കു ലഭിക്കും. നിങ്ങൾ അളന്നുകൊടുക്കുന്ന അളവായിരിക്കും നിങ്ങൾക്കു തിരിച്ചു കിട്ടുക.” യേശു അവരോട് ഒരു ദൃഷ്ടാന്തം പറഞ്ഞു: “അന്ധന് അന്ധനെ വഴി കാണിക്കുവാൻ കഴിയുമോ? രണ്ടുപേരും കുഴിയിൽ വീഴുകയില്ലേ? ഗുരുവിന് ഉപരിയല്ല ശിഷ്യൻ; എന്നാൽ അവൻ പൂർണമായി പഠിച്ചു കഴിയുമ്പോൾ ഗുരുവിനൊപ്പമാകും. “സഹോദരന്റെ കണ്ണിലെ കരടു കാണുകയും സ്വന്തം കണ്ണിലെ കോല് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? അഥവാ സ്വന്തം കണ്ണിൽ കോല് ഇരിക്കെ സഹോദരനോട്, ‘സഹോദരാ, നിന്റെ കണ്ണിലെ കരടു ഞാൻ എടുത്തുകളയട്ടെ’ എന്നു പറയുവാൻ എങ്ങനെ കഴിയും? ഹേ! കപടനാട്യക്കാരാ, ആദ്യം നിന്റെ കണ്ണിൽനിന്നു കോല് എടുത്തു കളയുക; അപ്പോൾ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയത്തക്കവിധം തെളിവായി കാണും. “നല്ല വൃക്ഷത്തിൽ ചീത്ത ഫലം കായ്‍ക്കുകയില്ല; ചീത്ത വൃക്ഷത്തിൽ നല്ല ഫലവും കായ്‍ക്കുകയില്ല. ഓരോ വൃക്ഷവും അതതിന്റെ ഫലംകൊണ്ടു തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന് അത്തിപ്പഴമോ, ഞെരിഞ്ഞിലിൽ നിന്നു മുന്തിരിങ്ങയോ ആരും പറിക്കുന്നില്ല. നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നന്മയുടെ നിക്ഷേപത്തിൽനിന്നു നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ടമനുഷ്യൻ തന്റെ ഹൃദയത്തിലുള്ള ദുഷ്ടതയുടെ നിക്ഷേപത്തിൽനിന്നു തിന്മ പുറപ്പെടുവിക്കുന്നു. തന്റെ ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതാണല്ലോ അവൻ സംസാരിക്കുന്നത്. “നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കുകയും ഞാൻ പറയുന്നതു ചെയ്യാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? എന്റെ അടുക്കൽ വന്ന് എന്റെ വാക്കുകൾ കേട്ട് അവ അനുസരിക്കുന്ന ഏതൊരുവനും ആരോടു സമനാണെന്നു ഞാൻ പറഞ്ഞുതരാം. ആഴത്തിൽ വാനം തോണ്ടി പാറമേൽ അടിസ്ഥാനമുറപ്പിച്ചു വീടുപണിയുന്ന മനുഷ്യനോടു തുല്യനായിരിക്കും അവൻ. വെള്ളം പൊങ്ങി, ഒഴുക്ക് ആ വീടിന്മേൽ ആഞ്ഞടിച്ചു; പക്ഷേ അതിനെ ഇളക്കുവാൻ കഴിഞ്ഞില്ല, എന്തെന്നാൽ ബലവത്തായി നിർമിച്ചതായിരുന്നു ആ വീട്. എന്നാൽ എന്റെ പ്രബോധനം കേട്ട് അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുന്നവൻ ശരിയായ അടിസ്ഥാനമിടാതെ പൂഴിമണലിൽ വീടു നിർമിച്ചവനോടു തുല്യനത്രേ. ആ വീടിന്മേൽ ഒഴുക്ക് ആഞ്ഞടിച്ചു; തൽക്ഷണം അതു നിലംപതിച്ചു; ആ വീടിന്റെ തകർച്ച വലുതായിരുന്നു.”