LUKA 5:17-39
LUKA 5:17-39 MALCLBSI
ഒരിക്കൽ യേശു പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. യെഹൂദ്യയിലും ഗലീലയിലുമുള്ള എല്ലാ ഗ്രാമങ്ങളിൽനിന്നും യെരൂശലേമിൽനിന്നും പരീശന്മാരും മതോപദേഷ്ടാക്കളും അവിടെ വന്നുകൂടി. രോഗങ്ങൾ ശമിപ്പിക്കുന്നതിനുള്ള ദൈവശക്തി യേശുവിന് ഉണ്ടായിരുന്നു. ചിലർ ഒരു പക്ഷവാതരോഗിയെ കിടക്കയിൽ എടുത്തുകൊണ്ടുവന്ന് യേശുവിന്റെ മുമ്പിൽ എത്തിക്കുവാൻ ശ്രമിച്ചു. പക്ഷേ, ജനങ്ങളുടെ തിരക്കുമൂലം അകത്തേക്കു കൊണ്ടുചെല്ലുവാൻ കഴിഞ്ഞില്ല. മറ്റൊരു മാർഗവും കാണാഞ്ഞതുകൊണ്ട് അവർ മുകളിൽ കയറി മട്ടുപ്പാവു പൊളിച്ച് രോഗിയെ കിടക്കയോടെ ഇറക്കി അവിടുത്തെ മുമ്പിൽ വച്ചു. യേശു അവരുടെ വിശ്വാസം കണ്ടപ്പോൾ “സ്നേഹിതാ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ പരീശന്മാരും മതപണ്ഡിതന്മാരും “ദൈവദൂഷണം പറയുന്ന ഇവൻ ആര്? പാപങ്ങൾ ക്ഷമിക്കുവാൻ ദൈവത്തിനല്ലാതെ മറ്റാർക്കാണു കഴിയുക?” എന്നിങ്ങനെ ചിന്തിച്ചുതുടങ്ങി. യേശു അവരുടെ മനോഗതം മനസ്സിലാക്കി. “നിങ്ങൾ എന്താണ് ചിന്തിക്കുന്നത്? നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ, ഏതാണ് എളുപ്പം? മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ മോചിക്കുവാൻ അധികാരമുണ്ടെന്നു നിങ്ങൾ മനസ്സിലാക്കണം” എന്ന് യേശു അവരോടു പറഞ്ഞു. അനന്തരം അവിടുന്ന് പക്ഷവാതരോഗിയോട് ആജ്ഞാപിച്ചു: “ഞാൻ നിന്നോടു പറയുന്നു, എഴുന്നേറ്റു കിടക്കയെടുത്തു വീട്ടിലേക്കു പോകുക.” ഉടനെ ആ മനുഷ്യൻ അവരുടെ മുമ്പിൽ എഴുന്നേറ്റു നിന്നു. അയാൾ കിടക്കയെടുത്തു ദൈവത്തെ പ്രകീർത്തിച്ചുകൊണ്ടു സ്വഭവനത്തിലേക്കു പോയി. എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ സ്തുതിച്ചു. അവരുടെ ഉള്ളിൽ ഭയം നിറഞ്ഞു. “എന്തൊരു അവിശ്വസനീയമായ സംഗതിയാണ് ഇന്നു നാം കണ്ടത്” എന്ന് അവർ അന്യോന്യം പറഞ്ഞു. പിന്നീടു യാത്രാമധ്യേ ചുങ്കം പിരിവുകാരനായ ലേവി അയാളുടെ ജോലിസ്ഥലത്ത് ഇരിക്കുന്നതു യേശു കണ്ടു. “എന്നെ അനുഗമിക്കുക” എന്ന് അവിടുന്ന് ലേവിയോടു പറഞ്ഞു. അയാൾ എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു. യേശുവിനുവേണ്ടി ലേവി തന്റെ വീട്ടിൽ ഒരു വലിയ വിരുന്നൊരുക്കി. ചുങ്കംപിരിവുകാരും മറ്റുമായി ഒട്ടുവളരെ ആളുകൾ യേശുവിനോടുകൂടി ഭക്ഷണം കഴിക്കുവാനിരുന്നു. പരീശന്മാരും മതപണ്ഡിതന്മാരും ശിഷ്യന്മാരോടു പിറുപിറുത്തുകൊണ്ട്: “ചുങ്കക്കാരോടും മതനിഷ്ഠയില്ലാത്തവരോടുംകൂടി ഇരുന്നു നിങ്ങൾ ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ട്?” എന്നു ചോദിച്ചു. യേശു പ്രതിവചിച്ചു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. പുണ്യവാന്മാരെ വിളിക്കുവാനല്ല, പാപികളെ അവരുടെ പാപത്തിൽനിന്നു പിന്തിരിപ്പിക്കുവാനാണു ഞാൻ വന്നത്.” അവർ പറഞ്ഞു: “യോഹന്നാന്റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു; അങ്ങനെതന്നെ പരീശന്മാരുടെ ശിഷ്യന്മാരും ചെയ്യുന്നു. താങ്കളുടെ ശിഷ്യന്മാരാകട്ടെ ഉപവസിക്കാതെ തിന്നുകയും കുടിക്കുകയും ചെയ്യുന്നുവല്ലോ!” അതിന് യേശു: “മണവാളൻ കൂടെയുള്ളപ്പോൾ കല്യാണത്തിനു വന്ന അതിഥികളെക്കൊണ്ട് ഉപവസിപ്പിക്കുവാൻ നിങ്ങൾക്കു കഴിയുമോ? മണവാളനെ അവരിൽനിന്നു നീക്കുന്ന സമയം വരും. അക്കാലത്ത് അവർ ഉപവസിക്കും” എന്നു മറുപടി നല്‌കി. ഒരു ദൃഷ്ടാന്തവും അവിടുന്ന് അവരോടു പറഞ്ഞു: “ആരും പുതിയ വസ്ത്രത്തിന്റെ ഒരു കഷണം കീറിയെടുത്തു പഴയ വസ്ത്രത്തോടു ചേർത്തു തുന്നുകയില്ല. അങ്ങനെ ചെയ്താൽ പുതിയ വസ്ത്രം കീറിക്കളയുന്നു എന്നു മാത്രമല്ല, പുതിയ കഷണം പഴയതിനോടു ചേരാതിരിക്കുകയും ചെയ്യും. അതുപോലെതന്നെ പുതുവീഞ്ഞ് ആരും പഴയ തോല്‌ക്കുടങ്ങളിൽ പകർന്നു വയ്‍ക്കാറില്ല. അങ്ങനെ ചെയ്താൽ പുതുവീഞ്ഞു തോല്‌ക്കുടം പൊളിച്ച് ഒഴുകിപ്പോകും; കുടവും നശിക്കും. പുതുവീഞ്ഞു പുതിയ തോല്‌ക്കുടത്തിൽത്തന്നെ പകർന്നു വയ്‍ക്കണം. പഴയ വീഞ്ഞു കുടിച്ചു ശീലിച്ച ആരുംതന്നെ പുതുവീഞ്ഞ് ഇഷ്ടപ്പെടുകയില്ല; പഴയതുതന്നെയാണു മെച്ചം എന്നു പറയും.”