YouVersion Logo
Search Icon

LUKA 5:1-16

LUKA 5:1-16 MALCLBSI

ഒരു ദിവസം യേശു ഗന്നേസരെത്ത് തടാകത്തിന്റെ തീരത്തു നില്‌ക്കുകയായിരുന്നു. ജനം ദൈവവചനം കേൾക്കുവാൻ അവിടുത്തെ ചുറ്റും തിങ്ങിക്കൂടി. അപ്പോൾ രണ്ടു വഞ്ചി കരയ്‍ക്കടുത്തുകിടക്കുന്നത് യേശു കണ്ടു. മീൻപിടിത്തക്കാർ ആ വഞ്ചികളിൽ നിന്നിറങ്ങി വല കഴുകുകയായിരുന്നു. ഒരു വഞ്ചി ശിമോൻറേതായിരുന്നു. യേശു അതിൽ കയറിയശേഷം കരയ്‍ക്കുനിന്നു വഞ്ചി അല്പം തള്ളിനീക്കുവാൻ ശിമോനോടു പറഞ്ഞു. അതിലിരുന്നുകൊണ്ട് അവിടുന്നു ജനങ്ങളെ പ്രബോധിപ്പിച്ചു. അതിനുശേഷം ആഴമുള്ളിടത്തേക്കു വഞ്ചി നീക്കി വലയിറക്കുവാൻ യേശു ശിമോനോടു പറഞ്ഞു. “ഗുരോ, രാത്രി മുഴുവൻ ഞങ്ങൾ കഠിനമായി അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ചു ഞാൻ വലയിറക്കാം” എന്നു ശിമോൻ പറഞ്ഞു. അവർ വലയിറക്കി. വല കീറിപ്പോകുമാറ് ഒരു വലിയ മീൻകൂട്ടം അതിലകപ്പെട്ടു. അവർ സഹായത്തിനുവേണ്ടി മറ്റേ വഞ്ചിയിലുള്ള കൂട്ടുകാരെ മാടിവിളിച്ചു. അവർ വന്നു രണ്ടു വഞ്ചികളും മുങ്ങാറാകുവോളം മീൻ നിറച്ചു. ശിമോൻ പത്രോസ് ഇതു കണ്ട് യേശുവിന്റെ കാല്‌ക്കൽ സാഷ്ടാംഗം വീണ്: “കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ; എന്നെ വിട്ടുപോയാലും” എന്നു പറഞ്ഞു. അന്നത്തെ മീൻപിടിത്തത്തിൽ ശിമോനും കൂടെയുണ്ടായിരുന്നവരും, ശിമോന്റെ പങ്കാളികളായ യാക്കോബും യോഹന്നാനും സംഭ്രമിച്ചു. യാക്കോബും യോഹന്നാനും സെബദിയുടെ മക്കളായിരുന്നു. യേശു ശിമോനോട്: “ഭയപ്പെടേണ്ടാ; ഇന്നുമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും” എന്നു പറഞ്ഞു. അവർ വഞ്ചികൾ കരയ്‍ക്കടുപ്പിച്ചശേഷം സർവസ്വവും ഉപേക്ഷിച്ചു യേശുവിനെ അനുഗമിച്ചു. ഒരു ദിവസം യേശു ഒരു പട്ടണത്തിൽ ചെന്നപ്പോൾ ശരീരം ആസകലം കുഷ്ഠരോഗം ബാധിച്ച ഒരാൾ അവിടുത്തെ അടുക്കൽ വന്നു. അയാൾ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ട്: “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സുഖപ്പെടുത്തുവാൻ കഴിയും” എന്നു പറഞ്ഞു. അപ്പോൾ യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ടു പറഞ്ഞു: “എനിക്കു മനസ്സുണ്ട്, നീ സുഖം പ്രാപിക്കുക.” തൽക്ഷണം കുഷ്ഠരോഗം ആ മനുഷ്യനെ വിട്ടുമാറി. “ഇക്കാര്യം ആരോടും പറയരുത്; എന്നാൽ പുരോഹിതന്റെ അടുക്കൽ ചെന്നു നിന്നെത്തന്നെ കാണിച്ച് എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിനായി മോശ കല്പിച്ചിട്ടുള്ളപ്രകാരം ശുദ്ധീകരണത്തിനുള്ള വഴിപാട് അർപ്പിക്കുക” എന്ന് അവിടുന്ന് നിഷ്കർഷിച്ചു. എങ്കിലും യേശുവിനെക്കുറിച്ചുള്ള ഈ വാർത്ത നാട്ടിലെങ്ങും പരന്നു. അവിടുത്തെ പ്രബോധനം കേൾക്കുവാനും രോഗശാന്തി ലഭിക്കുവാനും വലിയ ജനസഞ്ചയങ്ങൾ വന്നുകൊണ്ടിരുന്നു. അവിടുന്നാകട്ടെ പ്രാർഥിക്കുവാൻ വിജനസ്ഥലങ്ങളിലേക്കു മാറിപ്പോകുമായിരുന്നു.