YouVersion Logo
Search Icon

LUKA 4:1-30

LUKA 4:1-30 MALCLBSI

പരിശുദ്ധാത്മാവിനാൽ പരിപൂരിതനായി യേശു യോർദ്ദാനിൽനിന്നു തിരിച്ചു പോയി. ആത്മാവ് അവിടുത്തെ വിജനപ്രദേശത്തേക്കു നയിച്ചു. അവിടെ നാല്പതു ദിവസം പിശാച് യേശുവിനെ പരീക്ഷിച്ചു. ആ സമയം മുഴുവനും അവിടുന്ന് ഒന്നും ഭക്ഷിച്ചില്ല. അതു കഴിഞ്ഞപ്പോൾ അവിടുത്തേക്ക് വിശന്നു. അപ്പോൾ പിശാച് അവിടുത്തോടു പറഞ്ഞു: “അങ്ങു ദൈവപുത്രനാണെങ്കിൽ ഈ കല്ലിനോട് അപ്പമായിത്തീരുവാൻ കല്പിക്കുക.” യേശുവാകട്ടെ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്നു വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ” എന്നു പ്രതിവചിച്ചു. പിന്നീടു പിശാച് ഉയർന്ന ഒരു സ്ഥലത്തേക്ക് യേശുവിനെ കൂട്ടിക്കൊണ്ടുപോയി; ക്ഷണനേരംകൊണ്ടു ലോകത്തിലെ സകല രാജ്യങ്ങളും കാണിച്ചുകൊടുത്തു. “ഈ സകല അധികാരവും പ്രതാപവും ഞാൻ താങ്കൾക്കു നല്‌കാം; ഇവയെല്ലാം എന്നെ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന് ഇവ കൊടുക്കുന്നു. എന്നെ ആരാധിക്കുകയാണെങ്കിൽ ഇവയെല്ലാം താങ്കളുടേതാകും” എന്നു പിശാചു പറഞ്ഞു. യേശു അതിനു മറുപടിയായി: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിക്കുക; അവിടുത്തെ മാത്രമേ ആരാധിക്കാവൂ എന്നാണല്ലോ എഴുതിയിരിക്കുന്നത്” എന്നു പറഞ്ഞു. അനന്തരം പിശാച് യേശുവിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടുപോയി; ദേവാലയത്തിന്റെ മുകളിൽ ഏറ്റവും ഉയരംകൂടിയ സ്ഥാനത്തു നിറുത്തിക്കൊണ്ടു പറഞ്ഞു: “അങ്ങു ദൈവപുത്രനാണെങ്കിൽ ഇവിടെനിന്നു താഴേക്കു ചാടുക; ‘നിന്നെ സംരക്ഷിക്കുവാൻ ദൂതന്മാരോടു ദൈവം ആജ്ഞാപിക്കും; നിന്റെ പാദം കല്ലിൽ തട്ടാത്തവിധം അവർ തങ്ങളുടെ കൈകളിൽ താങ്ങിക്കൊള്ളും’ എന്ന് എഴുതിയിട്ടുണ്ടല്ലോ.” യേശു മറുപടി നല്‌കി: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും വിശുദ്ധഗ്രന്ഥത്തിൽ പറയുന്നുണ്ട്.” ഇങ്ങനെ സകല പ്രലോഭനങ്ങളും പ്രയോഗിച്ചശേഷം പിശാചു തല്‌ക്കാലം യേശുവിനെ വിട്ടുമാറി. യേശു പരിശുദ്ധാത്മാവിന്റെ ചൈതന്യത്തോടുകൂടി ഗലീലയിൽ തിരിച്ചെത്തി. ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം അവിടുത്തെപ്പറ്റിയുള്ള ശ്രുതി പരന്നു. അവിടുന്ന് അവരുടെ സുനഗോഗുകളിൽ പോയി പഠിപ്പിച്ചു. എല്ലാവരും അവിടുത്തെ പ്രകീർത്തിച്ചു. അങ്ങനെ യേശു വളർന്ന നസറെത്തിൽ ചെന്ന്, പതിവുപോലെ ശബത്തുദിവസം സുനഗോഗിൽ പോയി. വേദപാരായണത്തിനായി എഴുന്നേറ്റു നിന്നപ്പോൾ യെശയ്യാപ്രവാചകന്റെ ഗ്രന്ഥച്ചുരുൾ അവിടുത്തെ കൈയിൽ കൊടുത്തു. ചുരുൾ തുറന്നപ്പോൾ താഴെപ്പറയുന്ന ഭാഗം കണ്ടു: “ദരിദ്രരോടു സദ്‍വാർത്ത ഘോഷിക്കുവാൻ ദൈവം എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ അവിടുത്തെ ആത്മാവ് എന്റെമേൽ ആവസിക്കുന്നു; തടവുകാർക്ക് വിടുതൽ പ്രഖ്യാപനം ചെയ്യുവാനും, അന്ധന്മാർക്കു കാഴ്ച നല്‌കുവാനും, പീഡിതരെ സ്വതന്ത്രരാക്കുവാനും, ദൈവം തന്റെ ജനത്തെ വീണ്ടെടുക്കുന്ന വർഷം വിളംബരം ചെയ്യുവാനും, അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.” അനന്തരം യേശു ഗ്രന്ഥം ചുരുട്ടി ശുശ്രൂഷകനെ തിരിച്ചേല്പിച്ചശേഷം ഇരുന്നു; അവിടെ കൂടിയിരുന്ന എല്ലാവരുടെയും കണ്ണുകൾ അവിടുത്തെ നോക്കിയിരുന്നു. അവിടുന്ന് അവരോട് ഇപ്രകാരം പ്രസ്താവിച്ചു: “ഞാൻ വായിച്ച ഈ വേദഭാഗം നിങ്ങൾ കേട്ടപ്പോൾത്തന്നെ അതു സംഭവിച്ചിരിക്കുന്നു.” എല്ലാവരും അവിടുത്തെ പ്രശംസിച്ചു സംസാരിച്ചു. അവിടുത്തെ അധരങ്ങളിൽനിന്നു നിർഗമിച്ച ഹൃദ്യമായ വാക്കുകൾ അവരെ അദ്ഭുതപ്പെടുത്തി. “ഇയാൾ യോസേഫിന്റെ മകൻ തന്നെ അല്ലേ?” എന്ന് അവർ ചോദിച്ചു. യേശു അവരോടു: “വൈദ്യാ, നീ നിന്നെത്തന്നെ സുഖപ്പെടുത്തുക’ എന്ന പഴമൊഴി ഉദ്ധരിച്ചുകൊണ്ട് ‘കഫർന്നഹൂമിൽ താങ്കൾ ചെയ്തതായി ഞങ്ങൾ കേട്ടിരിക്കുന്നതെല്ലാം താങ്കളുടെ സ്വന്തം നാടായ ഇവിടെയും ചെയ്യുക’ എന്നു നിങ്ങൾ നിശ്ചയമായും എന്നോടാവശ്യപ്പെടും. എന്നാൽ ഒരു പ്രവാചകനും സ്വന്തനാട്ടിൽ സുസമ്മതനായിരിക്കുകയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.” “ഒരു വസ്തുത ഞാൻ പറയട്ടെ: ഏലീയായുടെ കാലത്തു മൂന്നര വർഷം മഴയില്ലാതെ നാട്ടിലെങ്ങും കഠിനമായ ക്ഷാമമുണ്ടായി. അന്ന് ഇസ്രായേലിൽ ധാരാളം വിധവമാർ ഉണ്ടായിരുന്നെങ്കിലും ഏലീയായെ അവരുടെ ആരുടെയും അടുക്കലേക്കയയ്‍ക്കാതെ സീദോനിലെ സരെപ്തയിലുള്ള ഒരു വിധവയുടെ അടുക്കലേക്കു മാത്രമാണു ദൈവം അയച്ചത്. എലിശാപ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ അനേകം കുഷ്ഠരോഗികളുണ്ടായിരുന്നെങ്കിലും സിറിയക്കാരനായ നയമാൻ മാത്രമേ സുഖം പ്രാപിച്ചുള്ളൂ.” ഇതു കേട്ടപ്പോൾ സുനഗോഗിലുണ്ടായിരുന്നവരെല്ലാം കോപാക്രാന്തരായി. അവർ ചാടി എഴുന്നേറ്റ് അവിടുത്തെ പിടിച്ചു പട്ടണത്തിനു പുറത്താക്കി. ആ പട്ടണം നിർമിച്ചിരുന്നത് ഒരു കുന്നിൻപുറത്തായിരുന്നു. അവിടുത്തെ ആ കുന്നിന്റെ നിറുകയിൽനിന്ന് തള്ളിയിടുവാനായിരുന്നു അവരുടെ ശ്രമം. പക്ഷേ അവിടുന്ന് അവരുടെ ഇടയിൽക്കൂടി കടന്നു തന്റെ വഴിക്കു പോയി.