LUKA 23:26-56
LUKA 23:26-56 MALCLBSI
യേശുവിനെ ക്രൂശിൽ തറയ്‍ക്കുവാൻ കൊണ്ടുപോകുമ്പോൾ കുറേനക്കാരനായ ശിമോൻ കൃഷിസ്ഥലത്തുനിന്നു വരികയായിരുന്നു. അവർ അയാളെ തടഞ്ഞു നിറുത്തി കുരിശു ചുമന്നുകൊണ്ടു യേശുവിന്റെ പിന്നാലേ പോകുന്നതിന് അത് അയാളുടെ ചുമലിൽ വച്ചുകൊടുത്തു. ഒരു വലിയ ജനാവലി യേശുവിനെ അനുഗമിച്ചിരുന്നു. അവിടുത്തേക്കുറിച്ചു വിലപിക്കുകയും പൊട്ടിക്കരയുകയും ചെയ്യുന്ന സ്‍ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു. യേശു തിരിഞ്ഞ് അവരോടു പറഞ്ഞു: “യെരൂശലേമിലെ വനിതകളേ, എന്നെച്ചൊല്ലി നിങ്ങൾ കരയേണ്ടതില്ല; നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലിക്കരയുക. എന്തെന്നാൽ വന്ധ്യകളും പ്രസവിച്ചിട്ടില്ലാത്ത സ്‍ത്രീകളും പിഞ്ചുകുഞ്ഞുങ്ങളില്ലാത്ത മാതാക്കളും ഭാഗ്യവതികൾ എന്നു പറയേണ്ടിവരുന്ന ദിവസങ്ങൾ വരുന്നു! പർവതങ്ങളോടു ‘ഞങ്ങളുടെമേൽ വീഴുക’ എന്നും മലകളോടു ‘ഞങ്ങളെ മൂടുക’ എന്നും അന്ന് അവർ പറഞ്ഞുതുടങ്ങും. പച്ചമരത്തോട് ഇങ്ങനെ അവർ ചെയ്യുന്നെങ്കിൽ ഉണങ്ങിയതിന് എന്താണു സംഭവിക്കാതിരിക്കുക.” രണ്ടു കുറ്റവാളികളെക്കൂടി യേശുവിനോടൊപ്പം വധിക്കുവാൻ അവർ കൊണ്ടുപോയി. തലയോട് എന്നു പേരുള്ള സ്ഥലത്ത് അവർ എത്തി. അവിടെ യേശുവിനെയും അവിടുത്തെ ഇടത്തും വലത്തും ആ കുറ്റവാളികളെയും അവർ കുരിശിൽ തറച്ചു. യേശു ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, ഇവരോടു ക്ഷമിക്കണമേ; ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ലല്ലോ!” പിന്നീട് യേശുവിന്റെ വസ്ത്രം പങ്കിടുന്നതിനുവേണ്ടി അവർ ചീട്ടിട്ടു. ജനം ഇതെല്ലാം നോക്കിക്കൊണ്ട് അടുത്തുനിന്നു. യെഹൂദന്മാർ അവിടുത്തെ പരിഹസിച്ചുകൊണ്ടു പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു ആണെങ്കിൽ ഇവൻ സ്വയം രക്ഷപെടട്ടെ” പടയാളികളും യേശുവിനെ പരിഹസിച്ചു; അവർ അടുത്ത ചെന്നു പുളിച്ച വീഞ്ഞു നീട്ടിക്കൊടുത്തുകൊണ്ട് “നീ യെഹൂദന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷപെടുത്തുക” എന്നു പറഞ്ഞു. ‘ഇവൻ യെഹൂദന്മാരുടെ രാജാവ്’ എന്ന് എഴുതി കുരിശിന്റെ മുകളിൽ വച്ചിരുന്നു. കുരിശിൽ തറയ്‍ക്കപ്പെട്ട കുറ്റവാളികളിൽ ഒരാൾ യേശുവിനെ അവഹേളിച്ചുകൊണ്ടു പറഞ്ഞു: “താങ്കൾ ക്രിസ്തുവല്ലേ? താങ്കളെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക.” എന്നാൽ മറ്റേ കുറ്റവാളി അയാളെ ശകാരിച്ചു: “തുല്യശിക്ഷയ്‍ക്കു വിധേയനായിട്ടും നിനക്കു ദൈവത്തെ ഭയമില്ലേ? നമ്മുടെ ശിക്ഷ തികച്ചും ന്യായമായിട്ടുള്ളതത്രേ. നമ്മുടെ പ്രവൃത്തികൾക്കു തക്ക പ്രതിഫലമാണു ലഭിച്ചിരിക്കുന്നത്. ഇദ്ദേഹമാകട്ടെ, ഒരു തെറ്റും ചെയ്തിട്ടില്ല.” പിന്നീട് അയാൾ പറഞ്ഞു: “യേശുവേ, അവിടുന്നു രാജത്വം പ്രാപിക്കുമ്പോൾ എന്നെയും ഓർത്തുകൊള്ളണമേ.” യേശു അയാളോട് “നീ ഇന്ന് എന്നോടുകൂടി പറുദീസയിൽ ഉണ്ടായിരിക്കും എന്നു ഞാൻ നിന്നോടു പറയുന്നു” എന്ന് അരുളിച്ചെയ്തു. അപ്പോൾ ഏകദേശം പന്ത്രണ്ടുമണി ആയിരുന്നു. അതുമുതൽ മൂന്നുമണിവരെ ദേശം ആകമാനം അന്ധകാരത്തിലാണ്ടു പോയി. സൂര്യന്റെ പ്രകാശം നിലച്ചു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറിപ്പോയി. “പിതാവേ തൃക്കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്ന് ഉച്ച ശബ്ദത്തിൽ പറഞ്ഞുകൊണ്ട് യേശു പ്രാണൻ വെടിഞ്ഞു. ഈ സംഭവം കണ്ടുനിന്ന ശതാധിപൻ അതിൽ ദൈവത്തിന്റെ മഹത്ത്വം ദർശിച്ചിട്ടു സ്തോത്രം ചെയ്തു. “നിശ്ചയമായും ഈ മനുഷ്യൻ നീതിമാൻ ആയിരുന്നു” എന്ന് അയാൾ പറഞ്ഞു. കാഴ്ചക്കാരായി വന്നുകൂടിയ ജനങ്ങൾ ഈ സംഭവങ്ങളെല്ലാം കണ്ടപ്പോൾ മാറത്തടിച്ചു നിലവിളിച്ചുകൊണ്ടു മടങ്ങിപ്പോയി. യേശുവിനെ നേരിട്ടറിയാവുന്നവരും ഗലീലയിൽനിന്ന് അവിടുത്തെ അനുഗമിച്ച സ്‍ത്രീകളും അല്പം അകലെനിന്ന് ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു. യെഹൂദ്യയിലെ അരിമത്യ എന്ന പട്ടണക്കാരനായ യോസേഫ് എന്നൊരാൾ അവിടെയുണ്ടായിരുന്നു. അദ്ദേഹം സന്നദ്രിംസംഘത്തിലെ അംഗമായിരുന്നെങ്കിലും യേശുവിനെ സംബന്ധിച്ച് അവർ കൈക്കൊണ്ട തീരുമാനത്തെയും നടപടിയെയും അനുകൂലിച്ചിരുന്നില്ല. ഉത്തമനും ധർമനിഷ്ഠനുമായ അദ്ദേഹം ദൈവരാജ്യത്തിന്റെ ആഗമനം പ്രതീക്ഷിച്ചുകൊണ്ടിരുന്നവരിൽ ഒരാളായിരുന്നു. യോസേഫ് പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതശരീരം വിട്ടുകൊടുക്കണമെന്ന് അപേക്ഷിച്ചു. പിന്നീട് അദ്ദേഹം യേശുവിന്റെ ശരീരം താഴെയിറക്കി മൃതദേഹം പൊതിയുന്ന തുണിയിൽ പൊതിഞ്ഞ്, പാറ തുരന്നുണ്ടാക്കിയതും അതിനു മുമ്പ് ആരെയും വച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയിൽ സംസ്കരിച്ചു. അന്ന് യെഹൂദന്മാരുടെ ഒരുക്കനാളായിരുന്നു. ശബത്തിന്റെ ആരംഭമായ സന്ധ്യാസമയം സമീപിച്ചുമിരുന്നു. ഗലീലയിൽനിന്ന് യേശുവിനെ അനുഗമിച്ചിരുന്ന സ്‍ത്രീകൾ യോസേഫിനോടുകൂടി ചെന്ന് കല്ലറയും യേശുവിന്റെ മൃതദേഹം സംസ്കരിച്ച വിധവും കണ്ടു. പിന്നീട് അവർ തിരിച്ചുപോയി യേശുവിന്റെ ശരീരത്തിൽ പൂശുവാനുള്ള സുഗന്ധദ്രവ്യങ്ങളും പരിമളതൈലവും തയ്യാറാക്കി. ശബത്തുദിവസം യെഹൂദമതനിയമപ്രകാരം അവർ വിശ്രമിച്ചു.