LUKA 22:14-23
LUKA 22:14-23 MALCLBSI
സമയമായപ്പോൾ യേശു ഭക്ഷണം കഴിക്കാനിരുന്നു. അവിടുത്തോടൊപ്പം അപ്പോസ്തോലന്മാരും ഇരുന്നു. അവിടുന്ന് അവരോട് അരുൾചെയ്തു: “എന്റെ പീഡാനുഭവത്തിനുമുമ്പ് നിങ്ങളോടുകൂടി ഈ പെസഹ ഭക്ഷിക്കുവാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ദൈവരാജ്യത്തിൽ ഇതിന്റെ പൂർത്തീകരണം ഉണ്ടാകുന്നതുവരെ ഇനിമേൽ ഞാൻ ഇതു ഭക്ഷിക്കുകയില്ല എന്നു നിങ്ങളോടു പറയുന്നു.” അനന്തരം അവിടുന്നു പാനപാത്രമെടുത്തു സ്തോത്രം ചെയ്തശേഷം “ഇതെടുത്തു നിങ്ങൾ അന്യോന്യം പങ്കിടുക; ദൈവരാജ്യം വരുന്നതുവരെ ഇനിമേൽ മുന്തിരിയുടെ ഫലത്തിൽനിന്ന് ഞാൻ പാനം ചെയ്യുകയില്ല” എന്നു പറഞ്ഞു. പിന്നീട് അപ്പം എടുത്തു സ്തോത്രം ചെയ്തു മുറിച്ച് അവർക്കു കൊടുത്തുകൊണ്ട് പറഞ്ഞു: “ഇതു നിങ്ങൾക്കുവേണ്ടി നല്‌കപ്പെടുന്ന എന്റെ ശരീരം; എന്റെ ഓർമയ്‍ക്കായി ഇത് അനുഷ്ഠിക്കുക!” അങ്ങനെതന്നെ അത്താഴം കഴിഞ്ഞു പാനപാത്രം എടുത്തു കൊടുത്തുകൊണ്ട് അരുൾചെയ്തു: “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയുന്ന എന്റെ രക്തത്താൽ ഉറപ്പിക്കപ്പെടുന്ന ദൈവത്തിന്റെ പുതിയ ഉടമ്പടിയാകുന്നു.” “എന്നാൽ എന്നെ ഒറ്റിക്കൊടുക്കുന്നവൻ എന്നോടുകൂടി ഈ മേശയ്‍ക്കരികിൽത്തന്നെ ഉണ്ട്. ദൈവം നിശ്ചയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ കടന്നുപോകുന്നു; പക്ഷേ, അവനെ ഒറ്റിക്കൊടുക്കുന്ന ആ മനുഷ്യന് ഹാ കഷ്ടം.” അപ്പോൾ തങ്ങളിൽ ആരായിരിക്കും ഇതു ചെയ്യുവാൻ പോകുന്നതെന്ന് അവർ അന്യോന്യം ചോദിച്ചുതുടങ്ങി.