YouVersion Logo
Search Icon

LUKA 21:20-38

LUKA 21:20-38 MALCLBSI

“സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ വിനാശം അടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളണം. അപ്പോൾ യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരങ്ങളിലുള്ളവർ അവിടംവിട്ടു പോകട്ടെ; നാട്ടിൻപുറത്തുള്ളവർ നഗരത്തിൽ പ്രവേശിക്കയുമരുത്; വേദലിഖിതമെല്ലാം നിറവേറുന്നതിനുള്ള ന്യായവിധിയുടെ ദിവസങ്ങളായിരിക്കും അവ. അക്കാലത്തു ഗർഭിണികൾക്കും മുലകുടിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുള്ള മാതാക്കൾക്കും ഹാ കഷ്ടം! അന്നു ഭൂമിയിൽ മഹാദുരിതവും ഈ ജനത്തിന്മേൽ ദൈവശിക്ഷയും ഉണ്ടാകും; അവർ വാളിനിരയായി നിലംപതിക്കും; വിജാതീയർ അവരെ തടവുകാരാക്കി നാനാ രാജ്യങ്ങളിലേക്കും കൊണ്ടുപോകും; തങ്ങളുടെ ആധിപത്യകാലം കഴിയുന്നതുവരെ വിജാതീയർ യെരൂശലേമിനെ ചവിട്ടിമെതിക്കും.” “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ ദൃശ്യമാകും; സമുദ്രത്തിന്റെയും അതിലെ തിരമാലകളുടെയും അലർച്ചമൂലം ഭൂമുഖത്തെങ്ങുമുള്ള ജനങ്ങൾ വ്യാകുലപരവശരായി അന്ധാളിക്കും. ആകാശത്തിലെ ശക്തികൾ അവയുടെ സഞ്ചാരപഥങ്ങളിൽനിന്ന് ഇളക്കി മാറ്റപ്പെടും. ഭൂതലത്തിന് എന്താണു സംഭവിക്കുവാൻ പോകുന്നതെന്നോർത്തു ഭയപ്പെട്ട് മനുഷ്യർ അസ്തപ്രജ്ഞരാകും. അപ്പോൾ മനുഷ്യപുത്രൻ പ്രഭാവത്തോടും മഹാതേജസ്സോടുംകൂടി മേഘത്തിൽ വരുന്നത് അവർ കാണും. ഇവയെല്ലാം സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നതുകൊണ്ട് നിങ്ങൾ തല ഉയർത്തി നിവർന്നു നില്‌ക്കുക.” യേശു അവരോട് ഒരു ദൃഷ്ടാന്തവും പറഞ്ഞു: “അത്തി തുടങ്ങിയ എല്ലാ വൃക്ഷങ്ങളെയും നോക്കുക; അവ തളിർക്കുന്നതു കാണുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നുവെന്നു നിങ്ങൾ മനസ്സിലാക്കുന്നു. അതുപോലെ ഇവയെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക. “ഈ തലമുറ നീങ്ങിപ്പോകുന്നതിനു മുമ്പുതന്നെ ഇവയെല്ലാം സംഭവിക്കുമെന്നു ഞാൻ ഉറപ്പിച്ചുപറയുന്നു. ആകാശവും ഭൂമിയും നീങ്ങിപ്പോകും; പക്ഷേ എന്റെ വാക്കുകൾ ഒരിക്കലും നീങ്ങിപ്പോകുകയില്ല. “നിങ്ങൾ ജാഗരൂകരായിരിക്കുക! നിങ്ങളുടെ ഹൃദയം അമിതഭക്ഷണത്തിലും മദ്യപാനത്തിലും ഐഹിക ജീവിതചിന്താഭാരത്തിലും മുഴുകിപ്പോകരുത്; ആ ദിവസം അപ്രതീക്ഷിതമായി വന്നുചേരുമെന്ന് ഓർത്തുകൊള്ളുക. ഭൂമുഖത്തുള്ള സകല മനുഷ്യരുടെയുംമേൽ ആ ദിവസം ഒരു കെണിപോലെ വരും. വരാൻപോകുന്ന ഈ സംഭവങ്ങളിൽനിന്നെല്ലാം രക്ഷപെടുന്നതിനും മനുഷ്യപുത്രന്റെ മുമ്പിൽ നില്‌ക്കുന്നതിനും പ്രാപ്തരായിത്തീരുന്നതിന് നിങ്ങൾ എപ്പോഴും പ്രാർഥനാപൂർവം ജാഗ്രതയുള്ളവരായിരിക്കുക.” യേശു പകൽതോറും ദേവാലയത്തിൽ ജനങ്ങളെ പഠിപ്പിക്കുകയും രാത്രി ഒലിവുമലയിൽ കഴിയുകയും ചെയ്തുപോന്നു. ജനമെല്ലാം അവിടുത്തെ പ്രബോധനം കേൾക്കുവാൻ അതിരാവിലെ ദേവാലയത്തിൽ എത്തുമായിരുന്നു.