YouVersion Logo
Search Icon

LUKA 2:8-20

LUKA 2:8-20 MALCLBSI

ആ രാത്രിയിൽ വെളിംപ്രദേശത്ത് ഏതാനും ഇടയന്മാർ തങ്ങളുടെ ആട്ടിൻപറ്റത്തെ കാത്തുകൊണ്ടിരിക്കുകയായിരുന്നു. ഒരു ദൈവദൂതൻ അവർക്കു പ്രത്യക്ഷനായി; ദൈവത്തിന്റെ തേജസ്സ് അവരുടെ ചുറ്റും പ്രകാശിച്ചു. ആട്ടിടയന്മാർ ഭയപരവശരായി. ദൂതൻ അവരോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്നേദിവസം ദാവീദിന്റെ പട്ടണത്തിൽ കർത്താവായ യേശുക്രിസ്തു എന്ന രക്ഷകൻ നിങ്ങൾക്കായി പിറന്നിരിക്കുന്നു. തുണിയിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും. അതായിരിക്കും നിങ്ങൾക്കുള്ള അടയാളം.” പെട്ടെന്നു മാലാഖമാരുടെ ഒരു വലിയ സംഘം ആ ദൂതനോടു ചേർന്നു ദൈവത്തെ സ്തുതിച്ചു: “സ്വർഗാതിസ്വർഗത്തിൽ ദൈവത്തിനു മഹത്ത്വം! ഭൂമിയിൽ ദൈവപ്രസാദം ലഭിച്ച മനുഷ്യർക്കു സമാധാനം!” അനന്തരം മാലാഖമാർ അവരുടെ അടുക്കൽനിന്നു സ്വർഗത്തിലേക്കു പോയി. അപ്പോൾ ഇടയന്മാർ തമ്മിൽ പറഞ്ഞു: “നമുക്കു ബേത്‍ലഹേംവരെ ഒന്നു പോകാം; ദൈവം നമ്മെ അറിയിച്ച ആ സംഭവം കാണാമല്ലോ.” അവർ അതിവേഗംപോയി മറിയമിനെയും യോസേഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. ഈ ശിശുവിനെപ്പറ്റി മാലാഖമാർ പറഞ്ഞ വസ്തുതകൾ ഇടയന്മാർ അറിയിച്ചു. കേട്ടവരെല്ലാം വിസ്മയഭരിതരായി. മറിയമാകട്ടെ ഇക്കാര്യങ്ങളെല്ലാം മനസ്സിൽ സൂക്ഷിച്ച് അവയെപ്പറ്റി ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. ദൈവദൂതൻ തങ്ങളോടു പറഞ്ഞതുപോലെയെല്ലാം കാണുകയും കേൾക്കുകയും ചെയ്തതിനാൽ ആട്ടിടയന്മാർ ദൈവത്തെ പാടിപ്പുകഴ്ത്തിക്കൊണ്ടു തിരിച്ചുപോയി.