LUKA 2:4-14
LUKA 2:4-14 MALCLBSI
ദാവീദുവംശജനായിരുന്നതുകൊണ്ട് യോസേഫും ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിൽനിന്നു യെഹൂദ്യയിലെ ബേത്‍ലഹേമിലേക്കു പോയി. ബേത്‍ലഹേംപട്ടണമായിരുന്നു ദാവീദിന്റെ ജന്മസ്ഥലം. തനിക്കു വിവാഹനിശ്ചയം ചെയ്തിരുന്ന ഗർഭിണിയായ മറിയമിനോടുകൂടിയാണ് യോസേഫ് പോയത്. ബേത്‍ലഹേമിൽവച്ചു മറിയമിനു പ്രസവസമയമായി. അവൾ തന്റെ സീമന്തസന്താനമായ പുത്രനെ പ്രസവിച്ചു. അവർക്കു താമസിക്കുവാൻ സത്രത്തിൽ സ്ഥലം കിട്ടിയില്ല. അതുകൊണ്ട് മറിയം ശിശുവിനെ തുണിയിൽ പൊതിഞ്ഞ് ഒരു കാലിത്തൊഴുത്തിലെ പുൽത്തൊട്ടിയിൽ കിടത്തി. ആ രാത്രിയിൽ വെളിംപ്രദേശത്ത് ഏതാനും ഇടയന്മാർ തങ്ങളുടെ ആട്ടിൻപറ്റത്തെ കാത്തുകൊണ്ടിരിക്കുകയായിരുന്നു. ഒരു ദൈവദൂതൻ അവർക്കു പ്രത്യക്ഷനായി; ദൈവത്തിന്റെ തേജസ്സ് അവരുടെ ചുറ്റും പ്രകാശിച്ചു. ആട്ടിടയന്മാർ ഭയപരവശരായി. ദൂതൻ അവരോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്നേദിവസം ദാവീദിന്റെ പട്ടണത്തിൽ കർത്താവായ യേശുക്രിസ്തു എന്ന രക്ഷകൻ നിങ്ങൾക്കായി പിറന്നിരിക്കുന്നു. തുണിയിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും. അതായിരിക്കും നിങ്ങൾക്കുള്ള അടയാളം.” പെട്ടെന്നു മാലാഖമാരുടെ ഒരു വലിയ സംഘം ആ ദൂതനോടു ചേർന്നു ദൈവത്തെ സ്തുതിച്ചു: “സ്വർഗാതിസ്വർഗത്തിൽ ദൈവത്തിനു മഹത്ത്വം! ഭൂമിയിൽ ദൈവപ്രസാദം ലഭിച്ച മനുഷ്യർക്കു സമാധാനം!”