YouVersion Logo
Search Icon

LUKA 18:1-23

LUKA 18:1-23 MALCLBSI

നിരാശരാകാതെ നിരന്തരം പ്രാർഥിക്കേണ്ടതിന്റെ ആവശ്യകത വിശദമാക്കുന്നതിന് യേശു ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “ദൈവത്തെ ഭയമില്ലാത്തവനും മനുഷ്യരെ വകവയ്‍ക്കാത്തവനുമായ ഒരു ന്യായാധിപൻ ഒരു പട്ടണത്തിലുണ്ടായിരുന്നു. ആ പട്ടണത്തിൽത്തന്നെ ഉണ്ടായിരുന്ന ഒരു വിധവ ‘എന്റെ പ്രതിയോഗിക്കെതിരെ ന്യായം നടത്തിത്തരണമേ’ എന്ന് ആ ന്യായാധിപനോടു കൂടെക്കൂടെ അപേക്ഷിച്ചുവന്നിരുന്നു. കുറെ നാളത്തേക്ക് ആ ന്യായാധിപൻ കൂട്ടാക്കിയില്ല; ഒടുവിൽ അയാൾ ആത്മഗതം ചെയ്തു: “ഞാൻ ദൈവത്തെ ഭയപ്പെടുകയോ, മനുഷ്യനെ വകവയ്‍ക്കുകയോ ചെയ്യാത്തവനാണെങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ട് ഞാൻ അവൾക്കു ന്യായം നടത്തിക്കൊടുക്കും; അല്ലെങ്കിൽ അവൾ വന്ന് എന്നെ നിരന്തരം അലട്ടിക്കൊണ്ടിരിക്കും.” യേശു തുടർന്ന് ഇങ്ങനെ പറഞ്ഞു: ‘നീതികെട്ട ഈ ന്യായാധിപൻ പറയുന്നതു ശ്രദ്ധിക്കുക. അങ്ങനെയെങ്കിൽ രാവും പകലും തന്നെ നോക്കി വിളിക്കുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങൾക്കു ദൈവം നീതി നടത്തിക്കൊടുക്കാതിരിക്കുമോ? അവർക്കു നീതി നടത്തിക്കൊടുക്കുന്നതിൽ അവിടുന്നു കാലവിളംബം വരുത്തുമോ? അവിടുന്ന് എത്രയും വേഗം അവർക്കു ന്യായം നടത്തിക്കൊടുക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?’ തങ്ങൾ നീതിനിഷ്ഠരാണെന്നു സ്വയം കരുതി മറ്റുള്ളവരെ നിന്ദിക്കുന്ന ചിലരെക്കുറിച്ചും യേശു ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “രണ്ടുപേർ പ്രാർഥിക്കുവാൻ ദേവാലയത്തിലേക്കു പോയി. ഒരാൾ പരീശനും മറ്റെയാൾ ചുങ്കംപിരിക്കുന്നവനും ആയിരുന്നു. “പരീശൻ മാറി നിവർന്നു നിന്നുകൊണ്ട് ആത്മഗതമായി ഇങ്ങനെ പ്രാർഥിച്ചു: ‘ദൈവമേ, പിടിച്ചുപറിക്കുന്നവർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായവരെപ്പോലെയോ, ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലാത്തതുകൊണ്ട് അങ്ങയോടു നന്ദിയുള്ളവനാണ്. ആഴ്ചയിൽ രണ്ടു തവണ ഞാൻ ഉപവസിക്കുന്നു. എന്റെ എല്ലാ വരുമാനത്തിന്റെയും ദശാംശം ഞാൻ കൊടുക്കുന്നു.’ “ആ ചുങ്കക്കാരനാകട്ടെ അകലെ നിന്നുകൊണ്ട് സ്വർഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചുകൊണ്ട് ‘ദൈവമേ, ഈ പാപിയോടു കരുണയുണ്ടാകണമേ’ എന്നു പ്രാർഥിച്ചു. ഞാൻ നിങ്ങളോടു പറയുന്നു: പരീശനല്ല, ചുങ്കക്കാരനാണ് പാപം മോചിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങിപ്പോയത്. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.” അനുഗ്രഹിക്കുന്നതിനുവേണ്ടി ചിലർ ശിശുക്കളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. ഇതുകണ്ടപ്പോൾ ശിഷ്യന്മാർ അവരെ ശകാരിച്ചു. എന്നാൽ ശിശുക്കളെ തന്റെ അടുക്കലേക്കു വിളിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “ശിശുക്കൾ എന്റെ അടുക്കൽ വരുവാൻ അനുവദിക്കുക; അവരെ വിലക്കരുത്; ദൈവരാജ്യം ഇവരെപ്പോലെയുള്ളവരുടേതാണ്. ഒരു ശിശു സ്വീകരിക്കുന്നതുപോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്തവൻ ഒരിക്കലും അതിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.” ഒരു യെഹൂദനേതാവ് യേശുവിന്റെ അടുക്കൽവന്നു ചോദിച്ചു: “നല്ലവനായ ഗുരോ, നിത്യജീവൻ അവകാശമായി ലഭിക്കേണ്ടതിന് എന്താണു ഞാൻ ചെയ്യേണ്ടത്?” യേശു മറുപടി പറഞ്ഞു: “എന്നെ എന്തിനു നല്ലവൻ എന്നു വിളിക്കുന്നു? ദൈവമല്ലാതെ നല്ലവൻ മറ്റാരുമില്ലല്ലോ. കല്പനകൾ താങ്കൾക്കറിഞ്ഞുകൂടേ? കൊലപാതകം ചെയ്യരുത്, വ്യഭിചരിക്കരുത്, മോഷ്‍ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, മാതാപിതാക്കളെ ബഹുമാനിക്കുക.” അയാൾ പറഞ്ഞു: “ഇവയെല്ലാം ഞാൻ ചെറുപ്പം തൊട്ടേ പാലിക്കുന്നുണ്ട്.” അപ്പോൾ യേശു പറഞ്ഞു: “താങ്കൾക്ക് ഇനിയും ഒരു കുറവുണ്ട്; താങ്കൾക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ താങ്കൾക്കു നിക്ഷേപം ഉണ്ടാകും. പിന്നീട് വന്ന് എന്നെ അനുഗമിക്കുക. അയാൾ ഒരു വലിയ ധനികനായിരുന്നതുകൊണ്ട് ഇതുകേട്ടപ്പോൾ അത്യന്തം ദുഃഖിതനായി.