LUKA 17:20-37
LUKA 17:20-37 MALCLBSI
“ദൈവരാജ്യത്തിന്റെ ആഗമനം എപ്പോഴാണ്” എന്നു പരീശന്മാർ ചോദിച്ചപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “കാണാവുന്ന വിധത്തിലല്ല ദൈവരാജ്യം വരുന്നത്. ഇതാ, ഇവിടെയെന്നോ; അതാ, അവിടെയെന്നോ ആർക്കും അത് ചൂണ്ടിക്കാണിക്കാവുന്നതല്ല. ദൈവരാജ്യം നിങ്ങളിൽത്തന്നെയാണ്.” അനന്തരം അവിടുന്നു ശിഷ്യന്മാരോടു പറഞ്ഞു: “മനുഷ്യപുത്രന്റെ ആഗമനദിവസം കാണുവാൻ നിങ്ങൾ അഭിവാഞ്ഛിക്കുന്ന കാലം വരുന്നു. പക്ഷേ, നിങ്ങൾ കാണുകയില്ല. ‘ഇതാ, ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ ആളുകൾ പറയും. അതുകേട്ട് നിങ്ങൾ പോകരുത്; അവരെ അനുഗമിക്കുകയുമരുത്. മിന്നൽപ്പിണർ ഒരു വശത്തുനിന്നു മറുവശത്തേക്കു മിന്നി ആകാശമണ്ഡലത്തെ ഉജ്ജ്വലമാക്കുന്നതുപോലെയായിരിക്കും മനുഷ്യപുത്രൻ പ്രത്യക്ഷനാകുന്നത്. എന്നാൽ അതിനുമുമ്പ് അവൻ വളരെയധികം കഷ്ടതകൾ സഹിക്കുകയും ഈ തലമുറ അവനെ തള്ളിക്കളയുകയും ചെയ്യേണ്ടിയിരിക്കുന്നു. നോഹയുടെ കാലത്തെന്നപോലെ മനുഷ്യപുത്രന്റെ കാലത്തും സംഭവിക്കും; നോഹയുടെ കാലത്ത് മനുഷ്യർ തിന്നുകയും കുടിക്കുകയും വിവാഹബന്ധങ്ങളിലേർപ്പെടുകയും ചെയ്തുപോന്നിരുന്നു. നോഹ പേടകത്തിൽ പ്രവേശിച്ചതോടെ ജലപ്രളയം ഉണ്ടാകുകയും എല്ലാവരും നശിക്കുകയും ചെയ്തു. അതുപോലെതന്നെ ലോത്തിന്റെ കാലത്തും ജനങ്ങൾ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‌ക്കുകയും നടുകയും പണിയുകയും ചെയ്തുപോന്നു. എന്നാൽ ലോത്ത് സോദോം വിട്ട ദിവസം ആകാശത്തുനിന്ന് അഗ്നിയും ഗന്ധകവും പെയ്ത് അവരെ ആകമാനം നശിപ്പിച്ചു. മനുഷ്യപുത്രൻ പ്രത്യക്ഷനാകുന്ന നാളിലും അപ്രകാരം സംഭവിക്കും. “അന്നു വീടിന്റെ മട്ടുപ്പാവിലിരിക്കുന്നവൻ അകത്തിരിക്കുന്ന സാധനങ്ങൾ എടുക്കാൻ നില്‌ക്കരുത്; അതുപോലെ വയലിൽ നില്‌ക്കുന്നവൻ വീട്ടിലക്കു തിരിച്ചുപോവുകയുമരുത്. ലോത്തിന്റെ ഭാര്യക്കു സംഭവിച്ചത് ഓർത്തുകൊള്ളുക. സ്വജീവനെ നേടുവാൻ നോക്കുന്നവന് അതു നഷ്ടപ്പെടും. എന്നാൽ തന്റെ ജീവൻ ത്യജിക്കുന്നവൻ അതു സുരക്ഷിതമായി സൂക്ഷിക്കുന്നു. ഞാൻ നിങ്ങളോടു പറയട്ടെ: അന്നു രാത്രിയിൽ രണ്ടുപേർ ഒരു കിടക്കയിലുണ്ടായിരുന്നാൽ ഒരുവനെ സ്വീകരിക്കും, മറ്റേയാളിനെ ഉപേക്ഷിക്കും. രണ്ടു സ്‍ത്രീകൾ ഒരുമിച്ച് ഒരു തിരികല്ലിൽ ധാന്യം പൊടിച്ചുകൊണ്ടിരിക്കും. ഒരുവളെ കൈക്കൊള്ളും മറ്റവളെ കൈവെടിയും. രണ്ടുപേർ വയലിലായിരിക്കും, ഒരുവനെ സ്വീകരിക്കും, അപരനെ തിരസ്കരിക്കും.” “കർത്താവേ, എവിടെ?” എന്നു ശിഷ്യന്മാർ ചോദിച്ചു. “മൃതശരീരം എവിടെയുണ്ടോ അവിടെയാണല്ലോ കഴുകന്മാർ വന്നുകൂടുന്നത്” എന്നു യേശു മറുപടി പറഞ്ഞു.