YouVersion Logo
Search Icon

LUKA 17:1-19

LUKA 17:1-19 MALCLBSI

യേശു ശിഷ്യന്മാരോട് അരുൾചെയ്തു: പാപത്തിൽ വീഴുന്നതിനുള്ള പ്രലോഭനങ്ങൾ ഉണ്ടാകുമെന്നത് നിശ്ചയം; എന്നാൽ ആരു മുഖാന്തരം അതുണ്ടാകുന്നുവോ അവന്, ഹാ കഷ്ടം! ഈ എളിയവരിൽ ഒരുവനെ വഴിതെറ്റിക്കുന്നതിനുള്ള ശിക്ഷയെക്കാൾ ലഘുവായിരിക്കും അവന്റെ കഴുത്തിൽ ഒരു തിരികല്ലുകെട്ടി കടലിലെറിയുന്നത്. ഇതു നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. “നിങ്ങളുടെ ഒരു സഹോദരൻ തെറ്റുചെയ്താൽ അവനോടു ക്ഷമിക്കുക. അവൻ ദിവസം ഏഴു പ്രാവശ്യം നിന്നോട് അന്യായം പ്രവർത്തിക്കുകയും ആ ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ‘ഞാൻ അനുതപിക്കുന്നു’ എന്നു പറയുകയും ചെയ്താൽ അവനോടു ക്ഷമിക്കണം.” “ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ” എന്ന് അപ്പോസ്തോലന്മാർ കർത്താവിനോടപേക്ഷിച്ചു. അതിന് അവിടുന്ന് ഇപ്രകാരം മറുപടി പറഞ്ഞു: “ഒരു കടുകുമണിയോളം വിശ്വാസം നിങ്ങൾക്കുണ്ടെങ്കിൽ ഈ കാട്ടത്തിയോടു വേരോടെ ഇളകി കടലിൽ പോയി ഉറച്ചു നില്‌ക്കുക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും. “ഒരു ഭൃത്യൻ നിലമുഴുകയോ, ആടിനെ മേയ്‍ക്കുകയോ ചെയ്തശേഷം വീട്ടിൽ വരുമ്പോൾ അയാളോട് ‘പെട്ടെന്ന് വന്നു ഭക്ഷണം കഴിക്കുക’ എന്നു നിങ്ങളിൽ ആരെങ്കിലും പറയുമോ? നേരെമറിച്ച്, ‘എനിക്ക് അത്താഴം ഒരുക്കുക; എനിക്കു വിളമ്പിത്തന്നശേഷം ഞാൻ ഭക്ഷണം കഴിച്ചു കഴിയുന്നതുവരെ അരകെട്ടി കാത്തു നില്‌ക്കുക; പിന്നീടു നിനക്ക് ആഹാരം കഴിക്കാം’ എന്നല്ലേ പറയുക? കല്പന അനുസരിച്ചതിന് ആ ഭൃത്യനോടു നന്ദി പറയുമോ? അതുപോലെ നിങ്ങളോടു കല്പിക്കുന്നതെല്ലാം ചെയ്തു കഴിയുമ്പോൾ: ‘ഞങ്ങൾ കേവലം ഭൃത്യന്മാർ; ഞങ്ങളുടെ കടമ നിറവേറ്റുക മാത്രമാണു ഞങ്ങൾ ചെയ്തത്’ എന്നു പറയുക.” യെരൂശലേമിലേക്കുള്ള യാത്രയ്‍ക്കിടയിൽ യേശു ഗലീലയുടെയും ശമര്യയുടെയും ഇടയ്‍ക്കുകൂടി കടന്നുപോകുകയായിരുന്നു. അവിടുന്ന് ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ പത്തു കുഷ്ഠരോഗികൾ അവിടുത്തെ കണ്ടുമുട്ടി; അവർ അകലെ നിന്നുകൊണ്ട് “യേശുനാഥാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അവിടുന്ന് അവരെ കണ്ടപ്പോൾ “നിങ്ങൾ പോയി നിങ്ങളെത്തന്നെ പുരോഹിതന്മാരെ കാണിക്കുക” എന്നു പറഞ്ഞു. പോകുന്ന വഴിയിൽവച്ചുതന്നെ അവർ സുഖം പ്രാപിച്ചു. അവരിലൊരാൾ തന്റെ രോഗം വിട്ടുമാറി എന്നു കണ്ടപ്പോൾ അത്യുച്ചത്തിൽ ദൈവത്തെ സ്തുതിച്ചുകൊണ്ടു മടങ്ങിവന്നു യേശുവിന്റെ കാല്‌ക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ടു നന്ദിപറഞ്ഞു. ശമര്യക്കാരനായിരുന്നു അയാൾ. യേശു ചോദിച്ചു: “സുഖം പ്രാപിച്ചവർ പത്തു പേരായിരുന്നില്ലേ? ഒൻപതുപേർ എവിടെ? തിരിച്ചുവന്നു ദൈവത്തെ സ്തുതിക്കുവാൻ യെഹൂദനല്ലാത്ത ഈ മനുഷ്യനെ അല്ലാതെ മറ്റാരെയും കണ്ടില്ലല്ലോ” പിന്നീട് യേശു അയാളോട് “എഴുന്നേറ്റ് പൊയ്‍ക്കൊള്ളുക; നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു” എന്നു പറഞ്ഞു.