YouVersion Logo
Search Icon

LUKA 16:19-31

LUKA 16:19-31 MALCLBSI

“ഒരിടത്ത് ധനാഢ്യനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ വിലയേറിയ പട്ടുവസ്ത്രം അണിയുകയും സുഖലോലുപനായി നിത്യേന വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്തുവന്നു. ഈ ധനികന്റെ പടിവാതില്‌ക്കൽ വ്രണബാധിതനായി കിടന്നിരുന്ന ലാസർ എന്ന ദരിദ്രൻ, ആ ധനികന്റെ ഭക്ഷണമേശയിൽനിന്നു പുറത്തുകളയുന്ന ഉച്ഛിഷ്ടംകൊണ്ടെങ്കിലും വിശപ്പടക്കാമെന്ന് ആശിച്ചു. നായ്‍ക്കൾ വന്ന് അയാളുടെ വ്രണങ്ങൾ നക്കുമായിരുന്നു. “ദരിദ്രനായ ലാസർ മരിച്ചു. മാലാഖമാർ അയാളെ കൊണ്ടുപോയി അബ്രഹാമിന്റെ മാറോടു ചേർത്തിരുത്തി. ആ ധനികനും മരിച്ച് അടക്കപ്പെട്ടു. അയാൾ പ്രേതലോകത്തിൽ കിടന്നു യാതന അനുഭവിക്കുമ്പോൾ മുകളിലേക്കു നോക്കി. അങ്ങു ദൂരെ അബ്രഹാമിനോടു ചേർന്നിരിക്കുന്ന ലാസറിനെ കണ്ട്, അയാൾ വിളിച്ചുപറഞ്ഞു: ‘അബ്രഹാം പിതാവേ, എന്നോടു കരുണയുണ്ടാകണമേ. വിരൽത്തുമ്പുകൊണ്ടെങ്കിലും ഇറ്റുവെള്ളം പകർന്ന് എന്റെ നാവു തണുപ്പിക്കുന്നതിനു ലാസറിനെ ഇങ്ങോട്ടയച്ചാലും. ഞാൻ ഈ അഗ്നിജ്വാലയേറ്റ് അതിവേദന അനുഭവിക്കുകയാണല്ലോ. “അബ്രഹാം പ്രതിവചിച്ചു: ‘ജീവിതകാലത്ത് എല്ലാ സുഖഭോഗങ്ങളും നിനക്കു ലഭിച്ചു; അതേസമയം ലാസർ എല്ലാവിധ കഷ്ടതകളും അനുഭവിച്ചു എന്നും ഓർക്കുക. എന്നാൽ ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു; നീയാകട്ടെ വേദനപ്പെടുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കലേക്കു കടന്നുവരാനോ, അവിടെനിന്ന് ഇങ്ങോട്ടു കടക്കുവാനോ കഴിയാത്തവിധം ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ അഗാധമായ ഒരു പിളർപ്പുണ്ട്. അപ്പോൾ അയാൾ പറഞ്ഞു: ‘എന്നാൽ പിതാവേ, ഒരു കാര്യം ചെയ്യണമേ! എന്റെ ഭവനത്തിലേക്കു ലാസറിനെ അയച്ചാലും; എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്; അവരെങ്കിലും ഈ കഠിനയാതനയുടെ സ്ഥലത്തു വരാതിരിക്കുവാൻ അയാൾ അവർക്കു മുന്നറിയിപ്പു നല്‌കട്ടെ.’ “എന്നാൽ അബ്രഹാം അതിനു മറുപടിയായി ‘അവർക്ക് മോശയുടെ നിയമസംഹിതയും പ്രവാചകന്മാരുടെ പ്രബോധനങ്ങളുമുണ്ട്; നിന്റെ സഹോദരന്മാർ അവരുടെ വാക്കുകൾ ശ്രദ്ധിക്കട്ടെ.’ അപ്പോൾ അയാൾ പറഞ്ഞു: ‘അങ്ങനെയല്ല പിതാവേ, മരിച്ച ഒരാൾ അവരുടെ അടുക്കൽ മടങ്ങിച്ചെന്നാൽ അവർ അനുതപിക്കാതിരിക്കുകയില്ല.’ അബ്രഹാം അതിനു ‘മോശയെയും പ്രവാചകന്മാരെയും ചെവിക്കൊള്ളാത്തവൻ, ഒരുവൻ ഉയിർത്തെഴുന്നേറ്റു ചെന്നാലും വിശ്വസിക്കുവാൻ പോകുന്നില്ല’ എന്നു മറുപടി പറഞ്ഞു.