LUKA 14:1-24
LUKA 14:1-24 MALCLBSI
ഒരു ശബത്തുനാളിൽ യേശു ഒരു പരീശപ്രമാണിയുടെ വീട്ടിൽ ഭക്ഷണം കഴിക്കുവാൻ പോയി. അവിടുന്ന് എന്താണു ചെയ്യാൻ പോകുന്നതെന്ന് അവിടെയുണ്ടായിരുന്നവർ നോക്കിക്കൊണ്ടിരുന്നു. അവിടുത്തെ മുമ്പിൽ ഒരു മഹോദരരോഗി ഉണ്ടായിരുന്നു. അവിടെ കൂടിയിരുന്ന നിയമപണ്ഡിതന്മാരോടും പരീശന്മാരോടും യേശു ചോദിച്ചു: “ശബത്തിൽ ഒരുവനെ സുഖപ്പെടുത്തുന്നതു ധർമശാസ്ത്രപ്രകാരം ശരിയാണോ?” എന്നാൽ അവർ മൗനം ദീക്ഷിച്ചു. യേശു ആ രോഗിയെ തൊട്ടു സുഖപ്പെടുത്തി പറഞ്ഞയച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “ശബത്തിൽ നിങ്ങളുടെ ആരുടെയെങ്കിലും ഒരു മകനോ, കാളയോ കിണറ്റിൽ വീണാൽ ഉടൻതന്നെ കരയ്‍ക്കു കയറ്റാതിരിക്കുമോ?” അതിനുത്തരം നല്‌കാൻ അവർക്കു കഴിഞ്ഞില്ല. വിരുന്നിനു ക്ഷണിക്കപ്പെട്ടവർ മുഖ്യാസനങ്ങൾ തിരഞ്ഞെടുക്കുന്നതു കണ്ടപ്പോൾ ഉപദേശരൂപേണ യേശു അവരോടു പറഞ്ഞു: “ഒരു വിവാഹവിരുന്നിനു നിങ്ങളെ ആരെങ്കിലും ക്ഷണിച്ചാൽ മുഖ്യസ്ഥാനത്തു കയറി ഇരിക്കരുത്. നിങ്ങളെക്കാൾ മാന്യനായ ഒരു അതിഥിയെ ക്ഷണിച്ചിട്ടുണ്ടായിരിക്കാം. ആതിഥേയൻ വന്ന് ‘ഇദ്ദേഹത്തിന് ഇടം ഒഴിഞ്ഞുകൊടുക്കുക’ എന്നു നിങ്ങളോടു പറഞ്ഞാൽ ലജ്ജിതനായി എഴുന്നേറ്റ് ഏറ്റവും ഒടുവിലത്തെ ഇരിപ്പിടത്തിൽ പോയി ഇരിക്കേണ്ടിവരും. എന്നാൽ നിങ്ങൾ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോൾ ഏറ്റവും ഒടുവിലത്തെ സ്ഥാനത്തുപോയി ഇരിക്കുക. ആതിഥേയൻ വന്ന് ‘സ്നേഹിതാ മുമ്പോട്ടു കയറി ഇരിക്കൂ’ എന്നു പറയുവാൻ ഇടയാകട്ടെ. അപ്പോൾ വിരുന്നിനു വന്നിരിക്കുന്നവരുടെ മുമ്പിൽ നിങ്ങൾ ബഹുമാനിതനാകും. തന്നെത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.” പിന്നീടു തന്നെ ക്ഷണിച്ച പരീശപ്രമാണിയോടു യേശു പറഞ്ഞു: “താങ്കൾ വിരുന്നു നടത്തുമ്പോൾ സുഹൃത്തുക്കളെയോ, സഹോദരരെയോ, ചാർച്ചക്കാരെയോ, സമ്പന്നന്മാരായ അയൽക്കാരെയോ അല്ല ക്ഷണിക്കേണ്ടത്. അവർ താങ്കളെയും തിരിച്ചു ക്ഷണിക്കുകയും അങ്ങനെ പ്രത്യുപകാരം ലഭിക്കുകയും ചെയ്യും. എന്നാൽ താങ്കൾ വിരുന്നു കൊടുക്കുമ്പോൾ ദരിദ്രർ, അംഗഹീനർ, മുടന്തർ, അന്ധന്മാർ മുതലായവരെ ക്ഷണിക്കുക. അപ്പോൾ താങ്കൾ ധന്യനാകും. അവർക്കു പ്രത്യുപകാരം ചെയ്യാൻ കഴിവില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനദിവസം താങ്കൾക്കു പ്രതിഫലം ലഭിക്കും.” യേശുവിനോടുകൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരിൽ ഒരാൾ ഇതു കേട്ടിട്ടു പറഞ്ഞു: “ദൈവരാജ്യത്തിലെ വിരുന്നിൽ സംബന്ധിക്കുന്നവൻ ധന്യനാകുന്നു.” അപ്പോൾ യേശു പറഞ്ഞു: “ഒരാൾ ഒരു വലിയ വിരുന്നൊരുക്കി; അനേകം അതിഥികളെ ക്ഷണിക്കുകയും ചെയ്തു. വിരുന്നിന്റെ സമയമായപ്പോൾ ക്ഷണിക്കപ്പെട്ടവരോട്: വരിക, എല്ലാം തയ്യാറായിരിക്കുന്നു എന്നു പറയുന്നതിന് അയാൾ തന്റെ ഭൃത്യനെ അയച്ചു. എന്നാൽ അവർ എല്ലാവരും ഓരോ ഒഴികഴിവു പറഞ്ഞുതുടങ്ങി. ഒന്നാമത്തെയാൾ ‘ഞാനൊരു നിലം വാങ്ങിയിട്ടുണ്ട്, എനിക്കുപോയി അതൊന്നു നോക്കേണ്ടിയിരിക്കുന്നു; എന്നോട് സദയം ക്ഷമിക്കുക’ എന്നു പറഞ്ഞു. മറ്റൊരാൾ പറഞ്ഞത്, ‘ഞാൻ അഞ്ചു ജോടി കാളയെ വാങ്ങിയിട്ടുണ്ട്, എനിക്കു പോയി അവയെ ഒന്നു തെളിച്ചു നോക്കണം; സദയം എന്നെ ഒഴിവാക്കുക’ എന്നായിരുന്നു. വേറൊരാൾ പറഞ്ഞു: ‘എന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ; എനിക്കു വരാൻ നിവൃത്തിയില്ല.’ “ആ ഭൃത്യൻ വന്ന് അവർ പറഞ്ഞ ഒഴികഴിവുകൾ യജമാനനെ അറിയിച്ചു. അതുകേട്ട് കുപിതനായിത്തീർന്ന ഗൃഹനാഥൻ വീണ്ടും ഭൃത്യനോട് ആജ്ഞാപിച്ചു: ‘നീ വേഗം പോയി നഗരത്തിലെ തെരുവീഥികളിലും ഇടവഴികളിലും കാണുന്ന ദരിദ്രരെയും അംഗഹീനരെയും മുടന്തരെയും അന്ധന്മാരെയുമെല്ലാം വിളിച്ച് അകത്തു കൊണ്ടുവരിക.” “പിന്നെയും ഭൃത്യൻ വന്ന്, ‘പ്രഭോ, അങ്ങു കല്പിച്ചതുപോലെ ചെയ്തു; എന്നാൽ ഇനിയും സ്ഥലമുണ്ട്’ എന്നു പറഞ്ഞു. ‘നീ പോയി പെരുവഴികളിലും വേലിയരികിലും കാണുന്നവരെ സ്നേഹപൂർവം നിർബന്ധിച്ച് കൂട്ടിക്കൊണ്ടുവന്ന് എന്റെ വീടു നിറയ്‍ക്കുക. ആദ്യം ക്ഷണിക്കപ്പെട്ടവരിൽ ആരും എന്റെ വിരുന്നിന്റെ സ്വാദ് അറിയുകയില്ല, എന്നു ഞാൻ നിങ്ങളോടു പറയുന്നു’ എന്നു യജമാനൻ പറഞ്ഞു.”