LUKA 13:10-17
LUKA 13:10-17 MALCLBSI
ഒരു ശബത്തു ദിവസം യേശു സുനഗോഗിൽ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പതിനെട്ടു വർഷമായി ഒരു ദുഷ്ടാത്മാവു ബാധിച്ച് കൂനിപ്പോയ ഒരു സ്‍ത്രീ അവിടെയുണ്ടായിരുന്നു. അവർക്കു നിവർന്നു നില്‌ക്കുവാൻ കഴിയുമായിരുന്നില്ല. ആ സ്‍ത്രീയെ യേശു കണ്ടപ്പോൾ അടുക്കൽ വിളിച്ച് അവരോടു പറഞ്ഞു: “നിന്റെ രോഗത്തിൽനിന്ന് നീ വിമുക്തയായിരിക്കുന്നു.” അനന്തരം അവിടുന്ന് ആ സ്‍ത്രീയുടെമേൽ കൈകൾ വച്ചു. തൽക്ഷണം അവർ നിവർന്നു നിന്നു ദൈവത്തെ സ്തുതിച്ചു. ആ സ്‍ത്രീയെ സുഖപ്പെടുത്തിയത് ശബത്തിൽ ആയിരുന്നതുകൊണ്ട് സുനഗോഗിന്റെ അധികാരിക്ക് അമർഷമുണ്ടായി. അയാൾ ജനങ്ങളോടു പറഞ്ഞു: “വേല ചെയ്യുവാൻ ആറു ദിവസമുണ്ടല്ലോ; ആ ദിവസങ്ങളിൽ വന്നു സുഖം പ്രാപിച്ചുകൊള്ളുക, ശബത്തിൽ അതു പാടില്ല.” യേശു പറഞ്ഞു: “കപടഭക്തന്മാരേ, ശബത്തിൽ നിങ്ങളിൽ ആരെങ്കിലും തന്റെ കാളയെയോ, കഴുതയെയോ തൊഴുത്തിൽനിന്ന് അഴിച്ച് വെള്ളം കൊടുക്കാൻ കൊണ്ടുപോകാതിരിക്കുമോ? അബ്രഹാമിന്റെ പുത്രിയായ ഈ സ്‍ത്രീ സാത്താന്റെ ബന്ധനത്തിലായിട്ട് പതിനെട്ടു വർഷമായി. ആ ബന്ധനത്തിൽനിന്നു ശബത്തു ദിവസം ഇവളെ മോചിപ്പിക്കുവാൻ പാടില്ലെന്നോ? “യേശു ഇതു പറഞ്ഞപ്പോൾ തന്റെ പ്രതിയോഗികളെല്ലാവരും ലജ്ജിച്ചുപോയി. എന്നാൽ യേശു ചെയ്ത മഹത്തായ പ്രവൃത്തികൾ കണ്ടു ജനങ്ങൾ ആഹ്ലാദിച്ചു.