LUKA 10:25-42
LUKA 10:25-42 MALCLBSI
ഒരു നിയമപണ്ഡിതൻ യേശുവിന്റെ അടുക്കൽ വന്ന് അവിടുത്തെ പരീക്ഷിക്കുന്നതിനുവേണ്ടി ചോദിച്ചു: “ഗുരോ, അനശ്വരമായ ജീവൻ അവകാശമായി ലഭിക്കുവാൻ ഞാൻ എന്തു ചെയ്യണം!” യേശു പറഞ്ഞു: “ധർമശാസ്ത്രത്തിൽ എന്താണ് എഴുതിയിരിക്കുന്നത്? താങ്കൾ എന്താണു വായിച്ചു ഗ്രഹിക്കുന്നത്?” “നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണശക്തിയോടും പൂർണമനസ്സോടുംകൂടി സ്നേഹിക്കണം; നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്ന് അയാൾ ഉത്തരം പറഞ്ഞു. യേശു അയാളോട്: “താങ്കൾ പറഞ്ഞത് ശരിതന്നെ; അപ്രകാരം ചെയ്യുക; എന്നാൽ താങ്കൾ ജീവിക്കും” എന്നു പറഞ്ഞു. എന്നാൽ തന്റെ പ്രശ്നത്തെ ന്യായീകരിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് അയാൾ യേശുവിനോട്: “ആരാണ് എന്റെ അയൽക്കാരൻ?” എന്നു ചോദിച്ചു. യേശു ഇപ്രകാരം പ്രതിവചിച്ചു: “ഒരു മനുഷ്യൻ യെരൂശലേമിൽനിന്നു യെരിഹോവിലേക്കു പോകുകയായിരുന്നു. അയാൾ കൊള്ളക്കാരുടെ കൈയിലകപ്പെട്ടു. അവർ അയാളുടെ വസ്ത്രം ഉരിഞ്ഞു മർദിച്ച് അർധപ്രാണനാക്കിയശേഷം കടന്നുകളഞ്ഞു. ഒരു പുരോഹിതൻ യാദൃച്ഛികമായി അതുവഴി വന്നു. അയാൾ ആ മനുഷ്യനെ കണ്ടപ്പോൾ വഴിയുടെ മറുവശത്തേക്കു മാറി കടന്നുപോയി. അതുപോലെതന്നെ ഒരു ലേവ്യനും അതുവഴി വന്നു. അയാളും ആ മനുഷ്യനെ കണ്ടിട്ട് മറുവശത്തുകൂടി കടന്നുപോകുകയാണുണ്ടായത്. എന്നാൽ ഒരു ശമര്യൻ തന്റെ യാത്രാമധ്യേ അവിടെയെത്തി; ആ മനുഷ്യനെ കണ്ടു മനസ്സലിഞ്ഞ് അയാൾ അടുത്തുചെന്ന് എണ്ണയും വീഞ്ഞും പകർന്ന് അയാളുടെ മുറിവുകൾ വച്ചുകെട്ടിയശേഷം അയാളെ തന്റെ വാഹന മൃഗത്തിന്റെ പുറത്തുകയറ്റി സത്രത്തിലേക്കു കൊണ്ടുപോയി ശ്രദ്ധാപൂർവം പരിചരിച്ചു. പിറ്റേദിവസം ആ ശമര്യൻ രണ്ടു ദിനാർ എടുത്ത് ആ സത്രമുടമസ്ഥനെ ഏല്പിച്ചിട്ട് ഇങ്ങനെ പറഞ്ഞു: ‘ഈ മനുഷ്യനെ വേണ്ടതുപോലെ ശുശ്രൂഷിച്ചുകൊള്ളണം. അധികം എന്തുതന്നെ ചെലവായാലും ഞാൻ തിരിച്ചുവരുമ്പോൾ തന്നുകൊള്ളാം.” യേശു ആ നിയമപണ്ഡിതനോടു ചോദിച്ചു: “കൊള്ളക്കാരുടെ കൈയിലകപ്പെട്ട ആ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ മൂന്നുപേരിൽ ആരാണ് അയൽക്കാരനായി വർത്തിച്ചത് എന്നു താങ്കൾക്കു തോന്നുന്നു?” “അയാളോടു കരുണ കാണിച്ചവൻതന്നെ” എന്നു നിയമപണ്ഡിതൻ പറഞ്ഞു. യേശു ആ നിയമജ്ഞനോടു പറഞ്ഞു: “താങ്കളും പോയി അതുപോലെ ചെയ്യുക.” യാത്രാമധ്യേ യേശു ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ മാർത്ത എന്നൊരു സ്‍ത്രീ തന്റെ വീട്ടിൽ അവിടുത്തെ സ്വീകരിച്ചു. അവൾക്കു മറിയം എന്നു പേരുള്ള ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ യേശുവിന്റെ കാല്‌ക്കലിരുന്ന് അവിടുത്തെ പ്രബോധനങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. മാർത്തയാകട്ടെ വളരെയധികം ജോലികളിൽ മുഴുകി വ്യഗ്രത പൂണ്ടിരുന്നു. അവൾ യേശുവിനെ സമീപിച്ച്: “ഗുരോ, എന്റെ സഹോദരി എന്നെ ഈ ജോലിയെല്ലാം തനിച്ചു ചെയ്യാൻ വിട്ടിരിക്കുന്നതിനെക്കുറിച്ച് അങ്ങേക്ക് വിചാരമില്ലേ? എന്നെ സഹായിക്കുവാൻ അവളോടു പറഞ്ഞാലും” എന്നു പറഞ്ഞു. അതിന് യേശു: “മാർത്തയേ, മാർത്തയേ, നീ പല കാര്യങ്ങളെച്ചൊല്ലി വ്യാകുലപ്പെട്ട് അസ്വസ്ഥയായിരിക്കുകയാണ്. എന്നാൽ അല്പമേ വേണ്ടൂ; അല്ല, ഒന്നുമാത്രം മതി; മറിയം നല്ല അംശം തിരഞ്ഞെടുത്തു. അത് അവളിൽനിന്ന് ആരും അപഹരിക്കുകയില്ല” എന്നു പറഞ്ഞു.