LUKA 1:46-55
LUKA 1:46-55 MALCLBSI
ഇതു കേട്ടപ്പോൾ മറിയം ഇപ്രകാരം പാടി: “എന്റെ ഹൃദയം കർത്താവിനെ പ്രകീർത്തിക്കുന്നു; എന്റെ രക്ഷകനായ ദൈവത്തിൽ എന്റെ ആത്മാവ് ആനന്ദിക്കുന്നു. ഈ വിനീതദാസിയെ അവിടുന്നു തൃക്കൺപാർത്തിരിക്കുന്നു! ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. സർവശക്തനായ ദൈവം എനിക്കു വൻകാര്യം ചെയ്തിരിക്കുന്നു; അവിടുത്തെ നാമം പരിശുദ്ധമാകുന്നു. ദൈവത്തെ ഭയപ്പെടുന്നവരുടെമേൽ തലമുറതലമുറയായി അവിടുത്തെ കാരുണ്യം നിരന്തരം ചൊരിയുന്നു. അവിടുത്തെ കരബലം അവിടുന്നു പ്രകടമാക്കി അന്തരംഗത്തിൽ അഹങ്കരിച്ചിരുന്നവരെ അവിടുന്നു ചിതറിച്ചിരിക്കുന്നു. പ്രബലന്മാരെ അവരുടെ സിംഹാസനങ്ങളിൽനിന്നു നിഷ്കാസനം ചെയ്തു; വിനീതരെ ഉയർത്തിയിരിക്കുന്നു. വിശന്നു വലയുന്നവരെ വിശിഷ്ടഭോജ്യങ്ങൾകൊണ്ടു സംതൃപ്തരാക്കി ധനവാന്മാരെ വെറുംവയറോടെ പറഞ്ഞയച്ചു. അബ്രഹാമിനെയും അദ്ദേഹത്തിന്റെ സന്താനപരമ്പരകളെയും അനുഗ്രഹിക്കുമെന്നു പൂർവപിതാക്കന്മാരോടു ചെയ്ത വാഗ്ദാനപ്രകാരം ഇസ്രായേൽജനതയെ കരുണയോടെ കടാക്ഷിച്ചു.”