LUKA 1:21-38
LUKA 1:21-38 MALCLBSI
ജനങ്ങൾ സഖറിയായെ കാത്തിരിക്കുകയായിരുന്നു. വിശുദ്ധസ്ഥലത്തുനിന്ന് അദ്ദേഹം മടങ്ങിവരുവാൻ ഇത്രയും വൈകുന്നത് എന്തുകൊണ്ടായിരിക്കും എന്നോർത്ത് അവർ ആശ്ചര്യപ്പെട്ടു. അദ്ദേഹം പുറത്തുവന്നപ്പോൾ അവരോട് ഒന്നും സംസാരിക്കുവാൻ കഴിഞ്ഞില്ല. ദേവാലയത്തിൽവച്ച് അദ്ദേഹത്തിന് ഒരു ദിവ്യദർശനം ഉണ്ടായെന്ന് അവർ മനസ്സിലാക്കി. അദ്ദേഹം ആംഗ്യംകാട്ടി ഊമനായി കഴിഞ്ഞു. തന്റെ ശുശ്രൂഷാകാലം കഴിഞ്ഞപ്പോൾ അദ്ദേഹം സ്വഭവനത്തിലേക്കു പോയി. അനന്തരം സഖറിയായുടെ ഭാര്യ എലിസബെത്ത് ഗർഭംധരിച്ചു. അവർ പറഞ്ഞു: “ദൈവം എന്നെ കടാക്ഷിച്ചിരിക്കുന്നു. മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന അപമാനം അവിടുന്നു നീക്കിയിരിക്കുന്നു.” അഞ്ചുമാസം അന്യരുടെ ദൃഷ്‍ടിയിൽപ്പെടാതെ എലിസബെത്ത് കഴിച്ചുകൂട്ടി. എലിസബെത്ത് ഗർഭവതിയായതിന്റെ ആറാം മാസത്തിൽ ഗലീലയിലെ ഒരു പട്ടണമായ നസറെത്തിൽ ദാവീദുരാജാവിന്റെ വംശജനായ യോസേഫിനു വിവാഹം നിശ്ചയിച്ചിരുന്ന മറിയം എന്ന കന്യകയുടെ അടുക്കൽ ദൈവം ഗബ്രിയേലിനെ അയച്ചു. ദൈവദൂതൻ മറിയമിനെ സമീപിച്ച് : “ദൈവത്തിന്റെ പ്രസാദവരം ലഭിച്ചവളേ, നിനക്കു വന്ദനം! ദൈവം നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ മറിയം വല്ലാതെ സംഭ്രമിച്ചു. “ഇതെന്തൊരഭിവാദനം!” എന്നു മനസ്സിൽ വിചാരിച്ചു. അപ്പോൾ മാലാഖ മറിയമിനോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; ദൈവം നിന്നിൽ പ്രസാദിച്ചിരിക്കുന്നു. നീ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന് യേശു എന്നു പേരിടണം. അവൻ വലിയവനായിരിക്കും; മഹോന്നതനായ ദൈവത്തിന്റെ പുത്രനെന്നു വിളിക്കപ്പെടുകയും ചെയ്യും; അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം സർവേശ്വരൻ അവനു നല്‌കും. അവൻ എന്നെന്നേക്കും ഇസ്രായേൽജനതയുടെ രാജാവായി വാഴും. അവന്റെ രാജത്വം അനന്തവുമായിരിക്കും.” മറിയം മാലാഖയോടു ചോദിച്ചു: “പുരുഷസംഗമം കൂടാതെ ഇതെങ്ങനെ സംഭവിക്കും?” മാലാഖ പ്രതിവചിച്ചു: “പരിശുദ്ധാത്മാവു നിന്റെമേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും. അതുകൊണ്ടു നിന്നിൽ ജനിക്കുന്ന വിശുദ്ധശിശു ദൈവത്തിന്റെ പുത്രൻ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാർച്ചക്കാരിയായ എലിസബെത്ത് വാർധക്യത്തിൽ ഒരു പുത്രനെ ഗർഭംധരിച്ചിരിക്കുന്നു. വന്ധ്യ എന്നു പറഞ്ഞുവന്ന എലിസബെത്തിന് ഇത് ആറാം മാസമത്രേ. ദൈവത്തിന് അസാധ്യമായിട്ട് ഒന്നുംതന്നെ ഇല്ലല്ലോ.” അപ്പോൾ മറിയം: “ഇതാ ഞാൻ കർത്താവിന്റെ ദാസി; അങ്ങു പറഞ്ഞതുപോലെ എനിക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അതിനുശേഷം ദൂതൻ അവിടെനിന്നു പോയി.