LEVITICUS 8
8
അഹരോന്യപുരോഹിതന്മാരുടെ അഭിഷേകം
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“അഹരോനെയും പുത്രന്മാരെയും ആനയിക്കുക; വസ്ത്രം, അഭിഷേകതൈലം, പാപപരിഹാരയാഗത്തിനുള്ള കാള, രണ്ട് ആണാടുകൾ, ഒരു കുട്ടയിൽ പുളിപ്പില്ലാത്ത അപ്പം എന്നിവയും കൊണ്ടുവരണം. 3തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ സമൂഹത്തെ മുഴുവൻ വിളിച്ചുകൂട്ടണം”.
4അവിടുന്നു കല്പിച്ചതുപോലെ മോശ ചെയ്തു. തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ ജനസമൂഹം ഒന്നിച്ചുകൂടി. 5മോശ അവരോടു പറഞ്ഞു: “സർവേശ്വരൻ കല്പിച്ചതനുസരിച്ചാണ് ഞാൻ ഇങ്ങനെ ചെയ്തത്.” 6മോശ അഹരോനെയും പുത്രന്മാരെയും മുമ്പോട്ടു കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകി; അഹരോനെ കുപ്പായം ധരിപ്പിച്ച് അരപ്പട്ട കെട്ടി മേലങ്കി അണിയിച്ചു. 7അവയുടെമേൽ ഏഫോദ് ചാർത്തി, വിദഗ്ദ്ധമായി നെയ്തെടുത്ത അതിന്റെ പട്ട അരയിൽ ചുറ്റി. 8നെഞ്ചിൽ മാർച്ചട്ട ധരിപ്പിച്ച് അതിൽ ഊറീമും തുമ്മീമും വച്ചു. 9ശിരോവസ്ത്രം ധരിപ്പിച്ച് അതിന്റെ മുൻഭാഗത്തു സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ സമർപ്പണത്തിന്റെ ചിഹ്നമായി വിശുദ്ധകിരീടമായ പൊൻതകിട് അണിയിച്ചു. 10പിന്നീട് മോശ അഭിഷേകതൈലം എടുത്തു വിശുദ്ധകൂടാരവും അതിലുള്ള എല്ലാ വസ്തുക്കളും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു. 11തൈലം അല്പം എടുത്തു യാഗപീഠത്തിനുമേൽ ഏഴു പ്രാവശ്യം തളിച്ച് യാഗപീഠവും അതിലുള്ള ഉപകരണങ്ങളും വെള്ളമെടുക്കുന്ന തൊട്ടിയും അതിന്റെ പീഠവും അഭിഷേകം ചെയ്ത് ശുദ്ധീകരിച്ചു. 12പിന്നെ അഹരോനെ ശിരസ്സിൽ തൈലാഭിഷേകം ചെയ്തു ശുദ്ധീകരിച്ചു. 13സർവേശ്വരൻ തന്നോടു കല്പിച്ചിരുന്നതുപോലെ മോശ അഹരോന്റെ പുത്രന്മാരെ മുന്നോട്ടു കൊണ്ടുവന്ന് അവരെ അങ്കിയും അരപ്പട്ടയും തൊപ്പിയും ധരിപ്പിച്ചു. 14പിന്നീട് പാപപരിഹാരയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു; അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈകൾ വച്ചു. 15മോശ അതിനെ കൊന്നു രക്തമെടുത്തു വിരൽകൊണ്ടു യാഗപീഠത്തിന്റെ നാലു വശത്തുമുള്ള കൊമ്പുകളിൽ പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു. ശേഷിച്ച രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു. അങ്ങനെ അതു ശുദ്ധീകരിച്ചു പാപപരിഹാരയാഗത്തിനു സജ്ജമാക്കി. 16യാഗമൃഗത്തിന്റെ കുടലിലുള്ള മേദസ്സു മുഴുവൻ, കരളിന്റെ നെയ്‍വല, വൃക്കകൾ രണ്ടും, അവയിലുള്ള മേദസ്സ് എന്നിവ എടുത്ത് ഹോമയാഗപീഠത്തിൽ ദഹിപ്പിച്ചു. 17അവിടുന്നു മോശയോട് കല്പിച്ചിരുന്നതുപോലെ കാളയുടെ തോലും മാംസവും ചാണകവും പാളയത്തിനു വെളിയിൽവച്ചു ദഹിപ്പിച്ചു. 18അതിനുശേഷം മോശ ഹോമയാഗത്തിനുള്ള മുട്ടാടിനെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈകൾ വച്ചു. 19മോശ അതിനെ കൊന്നു രക്തം യാഗപീഠത്തിനു ചുറ്റും തളിച്ചു. 20ആടിനെ കഷണങ്ങളായി നുറുക്കിയശേഷം തലയും കഷണങ്ങളും കൊഴുപ്പും ദഹിപ്പിച്ചു. 21കുടലും കാലുകളും വെള്ളത്തിൽ കഴുകി. മുട്ടാടിനെ മുഴുവൻ മോശ യാഗപീഠത്തിൽ സർവേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ഹോമയാഗമായി അവിടുത്തെ കല്പനപോലെ സമർപ്പിച്ചു. 22പിന്നീടു മോശ രണ്ടാമത്തെ മുട്ടാടിനെ പുരോഹിതാഭിഷേകത്തിനുവേണ്ടി കൊണ്ടുവന്നു. അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈകൾ വച്ചു. 23മോശ അതിനെ കൊന്ന്, രക്തത്തിൽ ഒരംശം അഹരോന്റെ വലതുകാതിന്റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്റെയും തള്ളവിരലുകളിലും പുരട്ടി. 24അഹരോന്റെ പുത്രന്മാരെയും മുന്നോട്ട് ആനയിച്ച് അവരുടെ വലതുകാതിന്റെ അറ്റങ്ങളിലും വലതുകൈയുടെയും വലതുകാലിന്റെയും തള്ളവിരലുകളിലും മോശ രക്തത്തിന്റെ ഒരംശം പുരട്ടി. ശേഷിച്ച രക്തം മോശ യാഗപീഠത്തിനു ചുറ്റും തളിച്ചു. 25പിന്നെ അദ്ദേഹം മേദസ്സും തടിച്ചവാലും കുടലിലെയും കരളിന്റെ നെയ്‍വലയിലെയും മേദസ്സും മേദസ്സോടുകൂടിയ വൃക്കകളും വലതു തുടയും എടുത്തു. 26സർവേശ്വരന്റെ സന്നിധിയിൽ സമർപ്പിച്ചിരുന്ന അപ്പക്കുട്ടയിൽനിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണ ചേർത്തുണ്ടാക്കിയ ഒരു അപ്പവും ഒരു അടയും എടുത്തു. 27അവ മേദസ്സിന്റെയും തുടയുടെയും മീതെ വച്ചു. 28മോശ അവയെല്ലാം അഹരോന്റെയും പുത്രന്മാരുടെയും കൈയിൽ കൊടുത്തു. അവർ അത് നീരാജനവഴിപാടായി സർവേശ്വരന് അർപ്പിച്ചു. മോശ അത് അവരുടെ കൈകളിൽനിന്നു വാങ്ങി യാഗപീഠത്തിൽ ഹോമയാഗത്തോടൊപ്പം ദഹിപ്പിച്ചു. അതു സർവേശ്വരനു പ്രസാദകരമായ സൗരഭ്യമുള്ള പുരോഹിതാഭിഷേകത്തിനുള്ള യാഗമാകുന്നു. 29മോശ മൃഗത്തിന്റെ നെഞ്ചെടുത്തു സർവേശ്വരന്റെ സന്നിധിയിൽ നീരാജനാർപ്പണം ചെയ്തു. അവിടുന്നു കല്പിച്ചിരുന്നതുപോലെ പൗരോഹിത്യാഭിഷേകത്തിനുള്ള ആൺചെമ്മരിയാടിൽ മോശയ്‍ക്കുള്ള പങ്ക് അതായിരുന്നു. 30മോശ അഭിഷേകതൈലത്തിന്റെ ഒരംശവും യാഗപീഠത്തിനുള്ള രക്തത്തിന്റെ ഒരംശവുമെടുത്ത് അഹരോന്റെയും പുത്രന്മാരുടെയും അവരുടെ വസ്ത്രത്തിന്റെയുംമേൽ തളിച്ചു. അങ്ങനെ അവരെയും അവരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു. 31മോശ അഹരോനോടും പുത്രന്മാരോടും പറഞ്ഞു: “സർവേശ്വരൻ എന്നോടു കല്പിച്ചിരുന്നതുപോലെ മാംസം എടുത്തു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ കൊണ്ടുപോയി വേവിച്ച് പൗരോഹിത്യാഭിഷേകത്തിന് അർപ്പിച്ച കുട്ടയിലെ അപ്പത്തോടുകൂടി ഭക്ഷിക്കണം. 32ശേഷിക്കുന്ന മാംസവും അപ്പവും ദഹിപ്പിച്ചുകളയണം. 33പൗരോഹിത്യാഭിഷേകത്തോടു ചേർന്ന കർമങ്ങൾ പൂർത്തിയാകുന്നതുവരെ ഏഴു ദിവസത്തേക്കു നിങ്ങൾ തിരുസാന്നിധ്യകൂടാരത്തിന്റെ വാതിലിനു പുറത്തുപോകരുത്. പൗരോഹിത്യാഭിഷേക കർമങ്ങൾക്ക് ഏഴു ദിവസമാണു വേണ്ടത്. 34നിങ്ങളുടെ പാപപരിഹാരത്തിനുവേണ്ടി ഇന്ന് അനുഷ്ഠിച്ചതുപോലെ ചെയ്യാൻ സർവേശ്വരൻ കല്പിച്ചിട്ടുണ്ട്. 35അവിടുന്നു കല്പിച്ചതുപോലെ ചെയ്തുകൊണ്ടു നിങ്ങൾ ഏഴു നാൾ രാപ്പകൽ തിരുസാന്നിധ്യകൂടാരത്തിന്റെ മുമ്പിൽ നില്‌ക്കണം. അല്ലെങ്കിൽ നിങ്ങൾ മരിക്കും. അതാണ് എനിക്കു ലഭിച്ച കല്പന”. 36അഹരോനും പുത്രന്മാരും സർവേശ്വരൻ മോശയിലൂടെ നല്‌കിയ കല്പനകളെല്ലാം പാലിച്ചു.
Currently Selected:
LEVITICUS 8: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.