LEVITICUS 5
5
പാപപരിഹാരം ആവശ്യമുള്ള കുറ്റങ്ങൾ
1കാണുകയോ കേൾക്കുകയോ ചെയ്ത കാര്യങ്ങളെപ്പറ്റി ന്യായാധിപന്റെ മുമ്പിൽ സാക്ഷിയായി തെളിവു നല്‌കാൻ വിസമ്മതിക്കുന്നവൻ ശിക്ഷാർഹനാണ്. 2കാട്ടുമൃഗം, കന്നുകാലി, ഇഴജന്തുക്കൾ എന്നിവയുടെ മൃതശരീരംപോലെയുള്ള അശുദ്ധവസ്തുക്കളെ സ്പർശിക്കുന്നവൻ അക്കാര്യം അറിയുമ്പോൾമുതൽ അശുദ്ധനും കുറ്റക്കാരനുമാണ്. 3മനുഷ്യനിൽനിന്നുള്ള ഏതെങ്കിലും മാലിന്യം അറിയാതെ സ്പർശിച്ച് ആരെങ്കിലും അശുദ്ധനായാൽ അത് അറിയുമ്പോൾമുതൽ അയാൾ കുറ്റക്കാരനായിരിക്കും. 4നന്മയോ തിന്മയോ ആകട്ടെ ആരെങ്കിലും ആലോചന കൂടാതെ ആണയിടുകയും പിന്നീടു മറന്നുപോകുകയും ചെയ്താൽ അത് ഓർമിക്കുമ്പോൾ അയാൾ കുറ്റക്കാരനായിത്തീരും. 5ഇവയിൽ ഏതെങ്കിലും കുറ്റം ചെയ്തുപോകുന്നവൻ തന്റെ പാപം ഏറ്റുപറയണം. 6അവൻ ഒരു പെൺചെമ്മരിയാട്ടിൻകുട്ടിയെയോ, ഒരു പെൺകോലാട്ടിൻകുട്ടിയെയോ പാപപരിഹാരയാഗമായി സർവേശ്വരന് അർപ്പിക്കണം. അങ്ങനെ അവന്റെ കുറ്റത്തിനു പുരോഹിതൻ പരിഹാരം ചെയ്യണം. 7എന്നാൽ പാപപരിഹാരയാഗമായി ആട്ടിൻകുട്ടിയെ അർപ്പിക്കാൻ അവനു കഴിവില്ലെങ്കിൽ രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ ഒന്ന് പാപപരിഹാരയാഗത്തിനായും മറ്റേത് ഹോമയാഗത്തിനായും സർവേശ്വരന് അർപ്പിച്ചാൽ മതി. 8പുരോഹിതനെ അവ ഏല്പിക്കുമ്പോൾ ആദ്യം പാപപരിഹാരത്തിനുള്ള പക്ഷിയെ അർപ്പിക്കണം. അതിന്റെ തല വേർപെടുത്താതെ കഴുത്തു പിരിച്ചൊടിക്കണം. 9യാഗവസ്തുവിന്റെ രക്തത്തിൽ കുറെ എടുത്തു യാഗപീഠത്തിന്റെ പാർശ്വത്തിൽ തളിക്കുകയും ശേഷിച്ച രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കുകയും ചെയ്യണം. ഇതാണ് പാപപരിഹാരയാഗം. 10രണ്ടാമത്തെ പക്ഷിയെ ചട്ടപ്രകാരം പുരോഹിതൻ ഹോമയാഗമായി അർപ്പിച്ച് കുറ്റത്തിനു പരിഹാരം ചെയ്യുമ്പോൾ അയാളുടെ പാപം ക്ഷമിക്കപ്പെടും.
11രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ അർപ്പിക്കാൻ വകയില്ലെങ്കിൽ പാപപരിഹാരാർഥം ഒരിടങ്ങഴി നേരിയമാവ് അർപ്പിക്കട്ടെ. പാപപരിഹാരയാഗമായതുകൊണ്ട് അതിൽ എണ്ണ ഒഴിക്കരുത്. അതിന്റെ മുകളിൽ കുന്തുരുക്കവും വയ്‍ക്കരുത്. 12പുരോഹിതന്റെ അടുക്കൽ കൊണ്ടുവരുമ്പോൾ പുരോഹിതൻ അതിൽനിന്ന് ഒരു പിടി എടുത്തു സ്മരണാംശമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. 13ഇതാണു പാപപരിഹാരയാഗം. ഈ കുറ്റങ്ങളിൽ ഏതെങ്കിലും ചെയ്ത് ആരെങ്കിലും കുറ്റക്കാരനായാൽ പുരോഹിതൻ അയാൾക്കുവേണ്ടി ഇപ്രകാരം പാപപരിഹാരയാഗം കഴിക്കുമ്പോൾ അയാളുടെ കുറ്റങ്ങൾ ക്ഷമിക്കപ്പെടും. ശേഷിക്കുന്ന യാഗവസ്തു ധാന്യവഴിപാടുപോലെ പുരോഹിതനുള്ളതായിരിക്കും.
പ്രായശ്ചിത്തയാഗം
14സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 15സർവേശ്വരന് അർപ്പിക്കേണ്ട വിശുദ്ധവസ്തുക്കളിൽ ഏതെങ്കിലും ഒന്നിനെ സംബന്ധിച്ച് ആരെങ്കിലും മനഃപൂർവമല്ലാതെ അവിശ്വസ്തത കാട്ടിയാൽ ദേവാലയത്തിലെ നിരക്കനുസരിച്ചു മതിപ്പുവിലയുള്ളതും കുറ്റമറ്റതുമായ ഒരു ആൺചെമ്മരിയാടിനെ പ്രായശ്ചിത്തവഴിപാടായി അർപ്പിക്കണം. 16കൂടാതെ താൻ അർപ്പിക്കേണ്ടിയിരുന്ന വിശുദ്ധവസ്തുവിന്റെ വില അതിന്റെ അഞ്ചിലൊന്നും ചേർത്തു പുരോഹിതനെ ഏല്പിക്കണം. പുരോഹിതൻ ആൺചെമ്മരിയാടിനെ പാപപരിഹാര യാഗമായി അർപ്പിച്ചു പ്രായശ്ചിത്തം ചെയ്യുമ്പോൾ അയാളുടെ കുറ്റം ക്ഷമിക്കപ്പെടും.
17സർവേശ്വരൻ വിലക്കിയിട്ടുള്ളവയിൽ ഏതെങ്കിലുമൊന്നു പ്രവർത്തിച്ചു പാപം ചെയ്യുന്നവൻ, അറിയാതെ ചെയ്തുപോയതാണെങ്കിലും കുറ്റക്കാരനാണ്. അവൻ അതിനു പ്രായശ്ചിത്തം ചെയ്യണം. 18പ്രായശ്ചിത്തയാഗത്തിനായി അവൻ ഊനമറ്റ ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെ പുരോഹിതന്റെ അടുത്തുകൊണ്ടുവരണം. പ്രായശ്ചിത്തയാഗത്തിനു വേണ്ട വിലമതിക്കുന്നതായിരിക്കണം അത്. പുരോഹിതൻ പ്രായശ്ചിത്തം ചെയ്യുമ്പോൾ അയാളുടെ കുറ്റം ക്ഷമിക്കപ്പെടും. 19സർവേശ്വരനെതിരായി ചെയ്ത കുറ്റത്തിന് അർപ്പിക്കേണ്ട പാപപരിഹാരയാഗം ഇതാണ്.
Currently Selected:
LEVITICUS 5: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.