YouVersion Logo
Search Icon

LEVITICUS 4

4
അറിയാതെ ചെയ്യുന്ന പാപത്തിനു പരിഹാരം
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“ഇസ്രായേൽജനതയോടു പറയുക: സർവേശ്വരൻ വിലക്കിയിട്ടുള്ളവയിൽ ഏതെങ്കിലും അറിയാതെ ചെയ്തുപോയാൽ അനുഷ്ഠിക്കേണ്ട ചട്ടങ്ങൾ ഇവയാണ്. 3അഭിഷിക്തനായ പുരോഹിതനാണു തെറ്റു ചെയ്തു ജനത്തിന്റെമേൽ കുറ്റം വരുത്തി വയ്‍ക്കുന്നതെങ്കിൽ അയാൾ കുറ്റമറ്റ ഒരു കാളക്കുട്ടിയെ പാപപരിഹാരയാഗമായി സർവേശ്വരന് അർപ്പിക്കണം. 4തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ സർവേശ്വരസന്നിധിയിൽ കാളക്കുട്ടിയെ കൊണ്ടുവന്ന് അതിന്റെ തലയിൽ കൈ വച്ചതിനുശേഷം അവിടെവച്ചു തന്നെ അതിനെ കൊല്ലണം. 5അഭിഷിക്തപുരോഹിതൻ അതിന്റെ രക്തത്തിൽ കുറെ എടുത്തു തിരുസാന്നിധ്യകൂടാരത്തിനകത്തു കൊണ്ടുവരണം. 6പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി തിരുസാന്നിധ്യകൂടാരത്തിലെ തിരശ്ശീലയുടെ നേർക്കു ഏഴു പ്രാവശ്യം തളിക്കണം. 7കുറച്ചു രക്തം കൂടാരത്തിനുള്ളിലുള്ള ധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടിയശേഷം, ശേഷിച്ച രക്തം മുഴുവനും കൂടാരത്തിന്റെ വാതില്‌ക്കൽ യാഗവസ്തുക്കൾ ദഹിപ്പിക്കുന്ന പീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. 8പാപപരിഹാരയാഗത്തിനുള്ള കാളയുടെ മേദസ്സു മുഴുവനും എടുക്കണം; കുടലുകൾ പൊതിഞ്ഞുള്ള മേദസ്സും, രണ്ടു വൃക്കകളും, 9അവയിലും ഇടുപ്പുകളിലുമുള്ള മേദസ്സും കരളിന്റെ മേലുള്ള നെയ്‍വലയും വേർപെടുത്തി എടുക്കണം. 10സമാധാനയാഗത്തിന് അർപ്പിച്ച കാളക്കുട്ടിയിൽനിന്ന് എടുത്ത മേദസ്സ് ദഹിപ്പിച്ചതുപോലെ പുരോഹിതൻ ഹോമയാഗപീഠത്തിൽ ഈ മേദസ്സും ദഹിപ്പിക്കണം. 11എന്നാൽ കാളയുടെ തോലും, മാംസം മുഴുവനും, തലയും, കാലുകളും, കുടലും, ചാണകവും 12അങ്ങനെ കാളക്കുട്ടിയെ മുഴുവനായി പാളയത്തിനു പുറത്തു ചാരം ഇടാനായി വേർതിരിച്ചിട്ടുള്ള വെടിപ്പുള്ള സ്ഥലത്ത് കൊണ്ടുചെന്നു കത്തിക്കൊണ്ടിരിക്കുന്ന വിറകിൽവച്ചു ദഹിപ്പിക്കണം.
13ഇസ്രായേൽസമൂഹം മുഴുവൻ സർവേശ്വരന്റെ കല്പന മനഃപൂർവമല്ലാതെ ലംഘിച്ചതുമൂലമുണ്ടായ പാപം സഭയുടെ ദൃഷ്‍ടിയിൽപ്പെടാതിരിക്കുകയും അവിടുന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും കാര്യത്തിൽ കുറ്റക്കാരാവുകയും ചെയ്താൽ, 14ആ തെറ്റ് ബോധ്യപ്പെടുന്ന ഉടനെ അവർ പാപപരിഹാരയാഗമായി കാളക്കുട്ടിയെ തിരുസാന്നിധ്യകൂടാരത്തിൽ കൊണ്ടുവരണം. 15പിന്നീട് സഭയിലെ പ്രമാണിമാർ സർവേശ്വരന്റെ മുമ്പാകെ തങ്ങളുടെ കൈകൾ അതിന്റെ തലയിൽ വച്ചതിനുശേഷം അവിടെവച്ച് അതിനെ കൊല്ലണം. 16അഭിഷിക്തപുരോഹിതൻ കാളയുടെ രക്തത്തിൽ കുറെ എടുത്തു തിരുസാന്നിധ്യകൂടാരത്തിലേക്കു കൊണ്ടുവരണം. 17പുരോഹിതൻ അതിൽ വിരൽ മുക്കി സർവേശ്വരസന്നിധിയിലുള്ള തിരശ്ശീലയുടെ മുമ്പിൽ ഏഴു പ്രാവശ്യം തളിക്കണം. 18അയാൾ തിരുസാന്നിധ്യകൂടാരത്തിൽ സർവേശ്വരസന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളിൽ രക്തം പുരട്ടണം. ശേഷിച്ച രക്തം മുഴുവനും കൂടാരത്തിന്റെ വാതില്‌ക്കൽ ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. 19വേർപെടുത്തിയെടുത്ത മേദസ്സു മുഴുവനും യാഗപീഠത്തിൽവച്ചു ദഹിപ്പിക്കണം. 20പാപപരിഹാരയാഗത്തിനുള്ള കാളക്കുട്ടിയെ എന്നപോലെതന്നെ പുരോഹിതൻ ഈ കാളക്കുട്ടിയെ അർപ്പിച്ചു ജനത്തിനുവേണ്ടി പാപപരിഹാരം ചെയ്യുമ്പോൾ അവരുടെ കുറ്റം ക്ഷമിക്കപ്പെടും. 21അതിനുശേഷം പുരോഹിതൻ കാളക്കുട്ടിയെ പാളയത്തിനു പുറത്തുകൊണ്ടുപോയി, തന്റെ പാപത്തിനുവേണ്ടി, ആദ്യത്തെ കാളക്കുട്ടിയെ ദഹിപ്പിച്ചതുപോലെ ഇതിനെയും ദഹിപ്പിക്കണം. ഇതാകുന്നു സമൂഹത്തിന്റെ പാപപരിഹാരത്തിനുവേണ്ടിയുള്ള യാഗം.
22ഭരണാധികാരി സർവേശ്വരൻ വിലക്കിയിട്ടുള്ളവയിൽ ഏതെങ്കിലും ഒന്ന് അറിയാതെ ചെയ്തു കുറ്റക്കാരനായിത്തീർന്നാൽ, 23തെറ്റ് ബോധ്യപ്പെടുന്ന ഉടനെ അയാൾ പാപപരിഹാരത്തിനായി ഊനമറ്റ ഒരു ആൺകോലാടിനെ യാഗവസ്തുവായി കൊണ്ടുവരണം. 24അയാൾ അതിന്റെ തലയിൽ കൈവച്ച് ഹോമയാഗത്തിനുള്ള സ്ഥലത്തു സർവേശ്വരസന്നിധിയിൽ അതിനെ കൊല്ലണം. അതു പാപപരിഹാരത്തിനുള്ള യാഗമാകുന്നു. 25പാപപരിഹാരയാഗരക്തത്തിൽ ഒരംശം പുരോഹിതൻ വിരൽകൊണ്ട് എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം. ശേഷിച്ച രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. 26സമാധാനയാഗത്തിന്റെ മേദസ്സ് ദഹിപ്പിക്കുന്നതുപോലെ ഇതിന്റെയും മേദസ്സു മുഴുവൻ യാഗപീഠത്തിൽ ദഹിപ്പിക്കണം. അങ്ങനെ പുരോഹിതൻ പാപത്തിനു പരിഹാരം ചെയ്യുമ്പോൾ ഭരണാധിപന്റെ പാപം ക്ഷമിക്കപ്പെടും.
27ജനത്തിൽ ആരെങ്കിലും ദൈവം വിലക്കിയിട്ടുള്ളവയിൽ ഏതെങ്കിലും ഒന്ന് അറിയാതെ ചെയ്ത് കുറ്റക്കാരനായാൽ 28അയാൾ അതു ബോധ്യപ്പെടുന്ന നിമിഷത്തിൽ പാപപരിഹാരമായി കുറ്റമറ്റ ഒരു പെൺകോലാടിനെ വഴിപാടായി സമർപ്പിക്കണം. 29പാപപരിഹാരയാഗത്തിനുള്ള മൃഗത്തിന്റെ തലയിൽ അയാൾ കൈ വച്ചതിനുശേഷം ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ കൊല്ലണം. 30പുരോഹിതൻ അതിന്റെ രക്തത്തിൽ ഒരംശം വിരൽകൊണ്ട് എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടുകയും ശേഷിക്കുന്നതു യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കുകയും ചെയ്യണം. 31സമാധാനയാഗമൃഗത്തിന്റെ മേദസ്സ് ദഹിപ്പിച്ചതുപോലെ അതിന്റെ മേദസ്സ് മുഴുവൻ സർവേശ്വരനു സൗരഭ്യയാഗമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അങ്ങനെ പുരോഹിതൻ അയാൾക്കുവേണ്ടി പാപപരിഹാരം ചെയ്യുമ്പോൾ അയാളുടെ പാപം ക്ഷമിക്കപ്പെടും.
32പാപപരിഹാരയാഗമായി അയാൾ അർപ്പിക്കുന്നത് ആട്ടിൻകുട്ടിയെയാണെങ്കിൽ അതു കുറ്റമറ്റ പെണ്ണാടായിരിക്കണം. 33അതിന്റെ തലയിൽ കൈ വച്ചശേഷം ഹോമയാഗത്തിനുള്ള മൃഗത്തെ കൊന്ന സ്ഥലത്തുവച്ചുതന്നെ പാപപരിഹാരയാഗത്തിനായി അതിനെ കൊല്ലണം. 34പിന്നീട് പുരോഹിതൻ അല്പം രക്തം വിരൽകൊണ്ട് എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടുകയും ബാക്കി യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കുകയും വേണം. 35സമാധാനയാഗത്തിനുള്ള ആട്ടിൻകുട്ടിയുടെ മേദസ്സു മുഴുവൻ വേർതിരിച്ചു പുരോഹിതൻ അതു സർവേശ്വരനായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അങ്ങനെ പുരോഹിതൻ അനുഷ്ഠിക്കുന്ന പാപപരിഹാരയാഗത്താൽ അയാളുടെ പാപം ക്ഷമിക്കപ്പെടും.

Currently Selected:

LEVITICUS 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for LEVITICUS 4