YouVersion Logo
Search Icon

LEVITICUS 25

25
ഏഴാം സംവത്സരം
(ആവ. 15:1-11)
1സർവേശ്വരൻ മോശയോട് സീനായ് പർവതത്തിൽ വച്ച് അരുളിച്ചെയ്തു: 2“നീ ഇസ്രായേൽജനത്തോടു പറയുക: ഞാൻ നല്‌കുന്ന ദേശത്ത് നിങ്ങൾ പ്രവേശിച്ചുകഴിഞ്ഞാൽ ആ ദേശവും ശബത്ത് ആചരിക്കണം. 3ആറു വർഷം നിലം വിതച്ചും മുന്തിരിത്തല മുറിച്ചൊരുക്കിയും നിങ്ങൾ വിളവെടുത്തുകൊള്ളുക. 4ഏഴാം വർഷം ഭൂമിക്ക് പൂർണവിശ്രമം ലഭിക്കേണ്ട ശബത്താണ്; സർവേശ്വരന്റെ ശബത്തു തന്നെ. 5നിലം കൃഷി ചെയ്യുകയോ, മുന്തിരിത്തല മുറിക്കുകയോ അരുത്; നിലത്തിൽ താനേ വിളയുന്നവപോലും കൊയ്യരുത്; വള്ളിത്തല മുറിക്കാത്ത മുന്തിരിച്ചെടിയുടെ ഫലം ശേഖരിക്കുകയുമരുത്. ആ വർഷം നിലത്തിനു പൂർണവിശ്രമം നല്‌കണം. 6വിശ്രമവർഷമാണെങ്കിലും, നിങ്ങൾക്കും നിങ്ങളുടെ ദാസീദാസന്മാർക്കും കൂലിക്കാർക്കും നിങ്ങളുടെ ഇടയിൽ നിവസിക്കുന്ന പരദേശികൾക്കും 7നിങ്ങളുടെ നാട്ടുമൃഗങ്ങൾക്കും കാട്ടുമൃഗങ്ങൾക്കുമുള്ള ഭക്ഷണം നിങ്ങളുടെ നിലം ഉൽപാദിപ്പിച്ചുകൊള്ളും.
ജൂബിലിവർഷം
8ഏഴു സംവത്സരത്തേക്ക് ഒരു ശബത്ത് എന്ന കണക്കിൽ ഏഴു തവണ കഴിയുമ്പോൾ നാല്പത്തിഒമ്പതു വർഷമാകും. 9അതുകഴിഞ്ഞ് പാപപരിഹാരദിവസമായ ഏഴാം മാസം പത്താം ദിവസം ദേശത്തെല്ലായിടത്തും അത്യുച്ചത്തിൽ കാഹളം മുഴക്കണം. 10അമ്പതാം വർഷത്തെ വിശുദ്ധീകരിക്കണം. ദേശനിവാസികൾക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണം. ഓരോരുത്തനും സ്വന്തം അവകാശഭൂമിയിലേക്കും സ്വന്തംകുടുംബത്തിലേക്കും തിരിച്ചു പോകുന്ന നിങ്ങളുടെ ജൂബിലിവർഷമാകുന്നു. 11ഓരോ അമ്പതാം വർഷവും നിങ്ങൾക്കു ജൂബിലിവർഷമാണ്. ആ വർഷം നിങ്ങൾ വിതയ്‍ക്കരുത്; താനേ വിളയുന്നതു കൊയ്യുകയോ, വള്ളിത്തല മുറിക്കാത്ത മുന്തിരിയുടെ ഫലം ശേഖരിക്കുകയോ അരുത്. 12കാരണം അതു ജൂബിലിവർഷമാണ്. അതു നിങ്ങൾക്കു വിശുദ്ധമായിരിക്കണം. നിങ്ങളുടെ ഭക്ഷണത്തിനു വേണ്ടതു ഭൂമിയിൽനിന്നു ലഭിച്ചുകൊള്ളും. 13ഈ ജൂബിലിവർഷം നിങ്ങൾ ഓരോരുത്തരും അവനവന്റെ അവകാശഭൂമിയിലേക്കു തിരിച്ചുവരണം. 14അയൽക്കാരനുമായുള്ള വ്യാപാരബന്ധത്തിൽ അന്യായമായി ഒന്നും ഉണ്ടാകരുത്. 15അടുത്ത ജൂബിലിവരെയുള്ള വർഷങ്ങൾ കണക്കാക്കി വില നിശ്ചയിച്ചു വാങ്ങുകയും വിളവെടുക്കാവുന്ന വർഷങ്ങൾക്കനുസരിച്ചു വിൽക്കുകയും ചെയ്യണം. 16കൂടുതൽ വർഷങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ വില കൊടുക്കണം; കുറവാണെങ്കിൽ വിലയും കുറയ്‍ക്കണം. എടുക്കാവുന്ന വിളവുകളുടെ എണ്ണമനുസരിച്ചു വില നിശ്ചയിക്കണം. 17നിങ്ങളുടെ ഇടപാടുകളിൽ അനീതി കടന്നുകൂടരുത്. നിന്റെ ദൈവത്തെ ഭയപ്പെടുക; ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു.
ഏഴാം വർഷം
18അതുകൊണ്ട് എന്റെ ചട്ടങ്ങളും വിധികളും പാലിക്കുക. അങ്ങനെ ചെയ്താൽ നിങ്ങൾ ദേശത്തു സുരക്ഷിതരായിരിക്കും. 19ഭൂമി ഫലം തരും; നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകും. നിങ്ങൾ സുരക്ഷിതരായി വസിക്കുകയും ചെയ്യും. 20ഏഴാം വർഷം വിതയോ കൊയ്ത്തോ ഇല്ലാതെ എന്തു ഭക്ഷിക്കും എന്നു നിങ്ങൾ ചോദിച്ചേക്കാം. 21ആറാം വർഷം ഞാൻ നിങ്ങളുടെമേൽ അനുഗ്രഹം അയയ്‍ക്കും; മൂന്നു വർഷത്തേക്കു വേണ്ട വിളവു നിങ്ങൾക്കു ലഭിക്കും. 22എട്ടാം വർഷം വിതയ്‍ക്കുമ്പോഴും പഴയ വിളവിൽനിന്നു നിങ്ങൾക്കു ഭക്ഷിക്കാം; ഒൻപതാം വർഷം പുതിയ വിളവ് ആകുന്നതുവരെ അതു നിങ്ങൾക്കു മതിയാകും.
വസ്തു വീണ്ടെടുക്കുന്നത്
23നിലത്തിന്റെ ജന്മാവകാശം വിൽക്കരുത്. കാരണം ഭൂമി എൻറേതാണ്. നിങ്ങൾ എന്റെ അടുക്കൽ വന്നു പാർക്കുന്ന അന്യരും പരദേശികളുമാകുന്നു. 24നിങ്ങൾക്ക് അവകാശമായി ലഭിക്കുന്ന ദേശത്തെല്ലായിടത്തും ഭൂമി വീണ്ടെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണം.
25ഒരു ഇസ്രായേല്യൻ ദരിദ്രനായിത്തീരുകയും തന്റെ നിലത്തിൽ ഒരു ഭാഗം വിൽക്കുകയും ചെയ്താൽ അവന്റെ അടുത്ത ചാർച്ചക്കാരന് ആ സ്ഥലം വീണ്ടെടുക്കാം. 26വസ്തു വീണ്ടെടുക്കാൻ അടുത്ത ചാർച്ചക്കാരൻ ഇല്ലെന്നിരിക്കട്ടെ, വിറ്റവൻതന്നെ പിന്നീട് അഭിവൃദ്ധി പ്രാപിച്ചു വസ്തു വീണ്ടെടുക്കാൻ കഴിവു നേടിയാൽ, 27വിറ്റ കാലംമുതൽ വർഷം കണക്കാക്കി വസ്തു വാങ്ങിയവനു ചെല്ലേണ്ട അധികത്തുക മടക്കിക്കൊടുത്ത് അവകാശം വീണ്ടെടുക്കണം. 28അവൻ അതിനു കഴിവു നേടുന്നില്ലെങ്കിൽ അടുത്ത ജൂബിലിവർഷംവരെ വസ്തു വാങ്ങിയവന്റെ കൈയിൽ ഇരിക്കും. ജൂബിലിവർഷത്തിൽ അവകാശിക്ക് ഒഴിഞ്ഞുകൊടുക്കണം.
29മതിൽ കെട്ടി സുരക്ഷിതമാക്കിയ പട്ടണത്തിലെ വീടു വിറ്റാൽ ഒരു വർഷത്തിനുള്ളിൽ അതു വീണ്ടെടുക്കാൻ വിറ്റയാൾക്ക് അവകാശമുണ്ട്. 30ഒരു വർഷത്തിനുള്ളിൽ വീണ്ടെടുക്കുന്നില്ലെങ്കിൽ വാങ്ങിയവനും പിൻതലമുറകൾക്കും അതു സ്ഥിരമായി ലഭിക്കും. ജൂബിലിവർഷം അത് ഒഴിഞ്ഞു കൊടുക്കേണ്ടതില്ല. 31മതിലുകൾ ഇല്ലാത്ത ഗ്രാമത്തിലെ വീടുകൾ നിലത്തിനു തുല്യമായി കരുതണം. അതു വീണ്ടെടുക്കാം. ജൂബിലിവർഷം അതു വിട്ടുകൊടുക്കണം. 32എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവിടെ അവർക്ക് അവകാശമായി ലഭിച്ചിട്ടുള്ള വീടുകളും അവർക്ക് എപ്പോൾ വേണമെങ്കിലും വീണ്ടെടുക്കാം. 33വീണ്ടെടുക്കുവാനുള്ള അവകാശം ലേവ്യർ ഉപയോഗിക്കുന്നില്ലെങ്കിലും ജൂബിലിവർഷത്തിൽ അതു വിട്ടുകൊടുക്കണം. ലേവ്യപട്ടണങ്ങളിലുള്ള വീടുകൾ ഇസ്രായേൽജനങ്ങളുടെ ഇടയിൽ ലേവ്യർക്ക് അവകാശമായി ലഭിച്ചിട്ടുള്ളതാണ്. 34അവർ തങ്ങളുടെ പട്ടണങ്ങളോടു ചേർന്നു കിടക്കുന്ന മേച്ചിൽസ്ഥലങ്ങൾ വിൽക്കരുത്; അത് അവർക്ക് സ്ഥിരാവകാശമായി ലഭിച്ചതാണ്.
ദരിദ്രർക്കു കൊടുക്കുന്ന കടം
35ദരിദ്രനും സ്വയം പോറ്റാൻ കഴിവില്ലാത്തവനുമായ ഒരു ഇസ്രായേല്യസഹോദരൻ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടെങ്കിൽ നിങ്ങളുടെ കൂടെ പാർക്കുന്ന അന്യനെയും പരദേശിയെയുംപോലെ അവനെ പുലർത്തണം. 36അവനോടു പലിശയോ ലാഭമോ ഈടാക്കരുത്. നിന്റെ ദൈവത്തെ ഭയപ്പെടുക, അവൻ നിന്റെ അടുത്തുതന്നെ പാർക്കട്ടെ. 37പലിശ മോഹിച്ച് നീ അവനു കടം കൊടുക്കരുത്. അവനു ഭക്ഷണം കൊടുക്കുന്നതു ലാഭം കൊതിച്ചാകരുത്. 38നിങ്ങളുടെ ദൈവമായിരിക്കാനും നിങ്ങൾക്കു കനാൻദേശം നല്‌കാനുമായി നിങ്ങളെ ഈജിപ്തിൽനിന്നു മോചിപ്പിച്ചു കൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു.
39നിങ്ങളുടെ കൂട്ടത്തിലുള്ള ഒരു ഇസ്രായേല്യസഹോദരൻ ദാരിദ്ര്യംകൊണ്ട് സ്വയം വിറ്റാൽ അവനെക്കൊണ്ട് അടിമവേല ചെയ്യിക്കരുത്. 40അടുത്ത ജൂബിലിവർഷംവരെ കൂലിവേലക്കാരനെപ്പോലെയോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയെപ്പോലെയോ അവൻ നിന്നെ സേവിക്കട്ടെ. 41പിന്നീട് അവനു മക്കളുമായി നിന്നെ വിട്ടു സ്വന്തകുടുംബത്തിലേക്കു മടങ്ങിച്ചെന്ന് പിതൃസ്വത്ത് സ്വന്തമാക്കാം. 42ഈജിപ്തിൽനിന്ന് ഞാൻ വിടുവിച്ചു കൊണ്ടുവന്ന എന്റെ ദാസന്മാരാണു നിങ്ങൾ. അതിനാൽ അടിമയായി അവൻ വിൽക്കപ്പെടരുത്. അവനോടു നിർദ്ദയം പെരുമാറരുത്. 43നിന്റെ ദൈവത്തെ ഭയപ്പെടുക. 44ചുറ്റുമുള്ള ജനതകളിൽനിന്നു സ്‍ത്രീകളെയോ പുരുഷന്മാരെയോ അടിമകളായി നിങ്ങൾക്കു വാങ്ങാം. 45നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിൽനിന്നോ, നിങ്ങളുടെ ദേശത്തുവച്ച് അവരുടെ കുടുംബങ്ങളിൽ ജനിച്ചവരിൽനിന്നോ നിങ്ങൾക്ക് അടിമകളെ സ്വീകരിക്കാം. അവർ നിങ്ങളുടെ അവകാശമായിരിക്കും. 46നിങ്ങളുടെ പിൻതലമുറക്കാർക്കും അവരെ ശാശ്വതമായി അവകാശമാക്കാം. അവരെ നിങ്ങൾക്ക് അടിമകളായി എടുക്കാം. എന്നാൽ നിങ്ങൾ ഇസ്രായേല്യസഹോദരന്മാരോടു നിർദ്ദയം പെരുമാറരുത്.
47നിങ്ങളുടെ ഇടയിൽ പാർക്കുന്ന അന്യനോ പരദേശിയോ ധനവാനായിത്തീരുകയും, അയാളുടെ അടുത്തു താമസിക്കുന്ന നിന്റെ ഇസ്രായേല്യസഹോദരൻ ദരിദ്രനായിത്തീരുകയും ചെയ്തു എന്നിരിക്കട്ടെ. ആ സഹോദരൻ ധനികനായിത്തീർന്ന അന്യനോ പരദേശിക്കോ അയാളുടെ കുടുംബത്തിൽപ്പെട്ട മറ്റാർക്കെങ്കിലുമോ, 48-49തന്നെത്തന്നെ വിറ്റാൽ, അവന്റെ സ്വന്തസഹോദരനോ പിതൃസഹോദരനോ പിതൃസഹോദരപുത്രനോ അവന്റെ കുടുംബത്തിൽപ്പെട്ട അടുത്ത ചാർച്ചക്കാരിൽ ആർക്കെങ്കിലുമോ അവനെ വീണ്ടെടുക്കാം. ധനവാനായിത്തീർന്നാൽ അവനു തന്നെത്തന്നെ വീണ്ടെടുക്കാം. 50വിറ്റ വർഷംമുതൽ അടുത്ത ജൂബിലിവർഷംവരെയുള്ള വർഷങ്ങൾ കണക്കാക്കി വാങ്ങിയവനുമായി കണക്കു തീർക്കണം. വാങ്ങിയവന്റെ വീട്ടിൽ അവൻ പാർത്തിരുന്ന കാലം കൂലിവേലക്കാരനായി കരുതപ്പെടണം. 51വേല ചെയ്യാനുള്ള കാലം ബാക്കിയുണ്ടെങ്കിൽ അതനുസരിച്ച് വീണ്ടെടുപ്പുവില അവനു കൂലിയായി ലഭിച്ച തുകയിൽനിന്നു തിരിച്ചു കൊടുക്കണം. 52ജൂബിലിവർഷത്തിനു കുറച്ചു വർഷങ്ങളേ ഉള്ളെങ്കിൽ അതനുസരിച്ചുമാത്രം വീണ്ടെടുപ്പുവില വാങ്ങിയവനു കൊടുത്താൽ മതി. 53ആണ്ടുതോറും കൂലിക്കെടുക്കുന്ന വേലക്കാരനെപ്പോലെ അവൻ വാങ്ങിയവന്റെ കൂടെ കഴിയണം. വാങ്ങിയവൻ അവനോട് നിർദ്ദയം പെരുമാറരുത്. 54ഈ വിധത്തിലൊന്നും അവൻ വീണ്ടെടുക്കപ്പെടുന്നില്ലെങ്കിൽ ജൂബിലിവർഷം അവനും മക്കളും സ്വതന്ത്രരാകും. 55ഈജിപ്തിൽനിന്നു ഞാൻ വിമോചിപ്പിച്ചു കൊണ്ടുവന്ന എന്റെ ദാസന്മാരാണ് ഇസ്രായേൽജനം. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു.

Currently Selected:

LEVITICUS 25: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for LEVITICUS 25