LEVITICUS 23:15-22
LEVITICUS 23:15-22 MALCLBSI
കറ്റ നീരാജനം ചെയ്ത ശബത്തിന്റെ പിറ്റേദിവസം മുതൽ ഏഴ് ആഴ്ചകൾ കണക്കാക്കണം. ഏഴാമത്തെ ശബത്തിന്റെ പിറ്റേ ദിവസമായ അമ്പതാം ദിവസം പുതിയ ധാന്യംകൊണ്ടു സർവേശ്വരനു ധാന്യയാഗം കഴിക്കണം. നിങ്ങളുടെ വീടുകളിൽനിന്നു രണ്ടിടങ്ങഴി നേരിയ മാവ് പുളിപ്പിച്ചുണ്ടാക്കിയ ഈരണ്ടപ്പം സർവേശ്വരന്റെ മുമ്പിൽ നീരാജനം ചെയ്യാൻ ആദ്യഫലമായി അർപ്പിക്കണം. അപ്പത്തോടുകൂടി കുറ്റമറ്റതും ഒരു വയസ്സു പ്രായമുള്ളതുമായ ഏഴ് ആട്ടിൻകുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ട് ആണാടിനെയും സർവേശ്വരന് ഹോമയാഗമായി അർപ്പിക്കണം. അതോടൊപ്പം അർപ്പിക്കുന്ന ധാന്യവഴിപാടും പാനീയയാഗവും സർവേശ്വരന് പ്രസാദകരമായ സൗരഭ്യദഹനയാഗമായിരിക്കും. ഒരു ആൺകോലാടിനെ പാപപരിഹാരത്തിനായും ഒരു വയസ്സു പ്രായമുള്ള രണ്ട് ആണാടുകളെ സമാധാനയാഗത്തിനായും അർപ്പിക്കണം. അവയെ ആദ്യവിളവിൽനിന്ന് ഉണ്ടാക്കിയ അപ്പത്തോടും രണ്ട് ആട്ടിൻകുട്ടികളോടും കൂടി സർവേശ്വരനു നീരാജനം ചെയ്യണം. സർവേശ്വരസന്നിധിയിൽ വിശുദ്ധമായ അവ പുരോഹിതന്മാർക്കുള്ളതാണ്. അന്നുതന്നെ നിങ്ങൾ വിശുദ്ധസഭ വിളിച്ചുകൂട്ടണം. അന്നു കഠിനാധ്വാനം ചെയ്യരുത്. നിങ്ങൾ എവിടെ വസിച്ചാലും തലമുറകളായി പാലിക്കേണ്ട ശാശ്വതനിയമമാകുന്നു ഇത്. നിലം കൊയ്യുമ്പോൾ അരികു തീർത്തു കൊയ്യരുത്. കാലാ പെറുക്കുകയുമരുത്. അവ നിങ്ങളുടെ ഇടയിലുള്ള ദരിദ്രർക്കും പരദേശികൾക്കുമുള്ളതാണ്. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു.”