YouVersion Logo
Search Icon

LEVITICUS 17

17
രക്തത്തിന്റെ പവിത്രത
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“അഹരോനോടും പുത്രന്മാരോടും ഇസ്രായേൽജനത്തോടും ദൈവം ഇങ്ങനെ കല്പിക്കുന്നു എന്നു പറയുക: 3ഇസ്രായേല്യരിൽ ആരെങ്കിലും യാഗമൃഗമായി അർപ്പിക്കാൻ ഉദ്ദേശിക്കുന്ന കാളയെയോ ചെമ്മരിയാട്ടിൻകുട്ടിയെയോ കോലാടിനെയോ പാളയത്തിനു പുറത്തോ അകത്തോ വച്ചു കൊല്ലുകയും 4അതിനെ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ തിരുനിവാസത്തിനു മുമ്പാകെ കൊണ്ടുവന്നു സർവേശ്വരന് അർപ്പിക്കാതിരിക്കുകയും ചെയ്താൽ അവന്റെമേൽ രക്തപാതകക്കുറ്റമുണ്ട്. രക്തംചൊരിഞ്ഞ അവനെ സമൂഹഭ്രഷ്ടനാക്കണം. 5ഇസ്രായേൽജനം യാഗങ്ങൾ പുറത്തുവച്ചു നടത്താതെ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ സർവേശ്വരസന്നിധിയിൽ പുരോഹിതന്റെ അടുത്തുകൊണ്ടുവന്നു സമാധാനയാഗമായി അർപ്പിക്കാൻ വേണ്ടിയാണ് ഈ നിയമം. 6പുരോഹിതൻ അവയുടെ രക്തം തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കലുള്ള സർവേശ്വരന്റെ യാഗപീഠത്തിൽ തളിക്കുകയും മേദസ്സ് സർവേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹിപ്പിക്കുകയും വേണം. 7ഇസ്രായേൽജനം പണ്ടത്തെപ്പോലെ ദൈവത്തോട് അവിശ്വസ്തത കാട്ടി ഭൂതങ്ങൾക്ക് യാഗം അർപ്പിക്കാതിരിക്കാനാണ് ഇത്. അവർ പാലിക്കേണ്ട ശാശ്വതനിയമമാണിത്.
8ഇസ്രായേൽജനത്തിലോ അവരുടെ ഇടയിൽ പാർക്കുന്ന വിദേശികളിലോ ആരെങ്കിലും ഹോമയാഗമോ മറ്റു യാഗമോ അർപ്പിക്കുമ്പോൾ 9അതു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ കൊണ്ടുവന്നു സർവേശ്വരന് അർപ്പിക്കാതിരുന്നാൽ അവനെ സമൂഹഭ്രഷ്ടനാക്കണം.
10ഇസ്രായേൽജനത്തിലോ അവരുടെ ഇടയിലെ വിദേശികളിലോ ആരെങ്കിലും രക്തം ഭക്ഷിച്ചാൽ ഞാൻ അവനെ ദ്വേഷിക്കും. സ്വന്തജനങ്ങളിൽനിന്നു ഞാൻ അവനെ വിച്ഛേദിക്കും. 11ശരീരത്തിന്റെ ജീവൻ രക്തത്തിലാകുന്നു. അതുകൊണ്ട് യാഗപീഠത്തിൽ അർപ്പിച്ചു നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാൻ ഞാൻ അതു നല്‌കിയിരിക്കുന്നു. ജീവൻ അടങ്ങിയ രക്തമാണ് പാപപരിഹാരം ചെയ്യുന്നത്. 12അതുകൊണ്ട് എന്റെ കല്പന ഇതാണ്: ഇസ്രായേൽജനത്തിലോ അവരുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരും രക്തം ഭക്ഷിക്കരുത്.
13ഇസ്രായേൽജനത്തിലോ അവരുടെ ഇടയിലെ പരദേശികളിലോ ആരെങ്കിലും ഭക്ഷ്യയോഗ്യമായ മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാൽ അതിന്റെ രക്തം ചോർത്തിക്കളഞ്ഞ് മണ്ണിട്ടു മൂടണം. 14ജീവികളുടെ ജീവൻ അവയുടെ രക്തത്തിലാകയാലാണ് ഒന്നിന്റെയും രക്തം ഭക്ഷിക്കരുത് എന്ന് ഇസ്രായേൽജനത്തോടു ഞാൻ കല്പിച്ചത്. അതു ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം. 15താനേ ചത്തതോ മറ്റു മൃഗങ്ങൾ കടിച്ചു കീറിയതോ ആയ ജീവികളെ ഭക്ഷിക്കുന്നവൻ സ്വദേശി ആയാലും പരദേശി ആയാലും വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. അതിനുശേഷം അവൻ ശുദ്ധനാകും. 16വസ്ത്രം അലക്കി കുളിക്കാതെയിരുന്നാൽ അവൻ കുറ്റക്കാരനായിരിക്കും.

Currently Selected:

LEVITICUS 17: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in