YouVersion Logo
Search Icon

LEVITICUS 15

15
സ്രവംമൂലമുള്ള അശുദ്ധി
1സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 2“ഇസ്രായേൽജനത്തോടു പറയുക, ശുക്ലസ്രവമുള്ള പുരുഷൻ അശുദ്ധനാണ്. 3ഈ അശുദ്ധിയെ സംബന്ധിച്ച നിയമം ഇതാണ്. സ്രവം തുടർന്നാലും നിലച്ചാലും അത് അശുദ്ധിതന്നെ. 4അയാളുടെ കിടക്കയും ഇരിപ്പിടവും അശുദ്ധമാണ്. 5ആ കിടക്ക സ്പർശിക്കുന്നവൻ വസ്ത്രം അലക്കി കുളിച്ച് ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാൾ അശുദ്ധനായിരിക്കും. 6സ്രവമുള്ളയാൾ ഇരുന്നിടത്ത്, ഇരിക്കാനിടയാകുന്നവൻ വസ്ത്രം അലക്കി കുളിച്ചു ശുദ്ധമാകണം. അയാൾ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. 7സ്രവമുള്ളവനെ തൊടുന്നവൻ വസ്ത്രം അലക്കി കുളിച്ചു ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാൾ അശുദ്ധനായിരിക്കും. 8സ്രവമുള്ളവൻ ആരെയെങ്കിലും തുപ്പിയാൽ അവനും വസ്ത്രം അലക്കി കുളിച്ചു ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാൾ അശുദ്ധനായിരിക്കും. 9സ്രവമുള്ളവൻ യാത്ര ചെയ്യാൻ ഉപയോഗിച്ച ജീനി അശുദ്ധമാണ്. 10അയാൾ ഇരുന്ന ഏതെങ്കിലും വസ്തു സ്പർശിക്കുന്നയാൾ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും. അത് എടുക്കുന്നവനും വസ്ത്രം അലക്കി കുളിച്ച് ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാൾ അശുദ്ധനായിരിക്കും. 11സ്രവമുള്ളവൻ കൈ കഴുകാതെ ആരെയെങ്കിലും തൊട്ടാൽ അവനും വസ്ത്രം അലക്കി കുളിച്ച് ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാൾ അശുദ്ധനായിരിക്കും. 12സ്രവമുള്ളവൻ തൊടുന്ന മൺപാത്രം ഉടച്ചുകളയുകയും, മരപ്പാത്രം വെള്ളത്തിൽ കഴുകുകയും വേണം. 13സ്രവമുള്ളവൻ അതു നിന്നതിനുശേഷം ശുദ്ധീകരണത്തിനായി ഏഴു ദിവസം കാത്തിരിക്കണം; പിന്നെ വസ്ത്രം അലക്കി ഒഴുക്കുവെള്ളത്തിൽ കുളിക്കണം. അപ്പോൾ അയാൾ ശുദ്ധനായിത്തീരും. 14എട്ടാം ദിവസം രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ സർവേശ്വരസന്നിധിയിൽ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ കൊണ്ടുചെന്നു പുരോഹിതനെ ഏല്പിക്കണം. 15പുരോഹിതൻ അവയിൽ ഒന്നിനെ പാപപരിഹാരയാഗമായും മറ്റതിനെ ഹോമയാഗമായും അർപ്പിക്കണം. ഇങ്ങനെ സ്രവത്തിൽനിന്നുള്ള അയാളുടെ ശുദ്ധീകരണത്തിനുവേണ്ടി സർവേശ്വരസന്നിധിയിൽ പ്രായശ്ചിത്തം ചെയ്യണം. 16ബീജസ്രവണം ഉണ്ടായവൻ ശരീരം മുഴുവൻ കഴുകി സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. 17ബീജം വീണ വസ്ത്രവും തോലും വെള്ളത്തിൽ കഴുകണം. അവ സന്ധ്യവരെ അശുദ്ധമായിരിക്കും. 18ഒരാൾ സ്‍ത്രീയോടൊപ്പം ശയിക്കുമ്പോൾ ബീജസ്രവണമുണ്ടായാൽ ഇരുവരും കുളിക്കുകയും സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കുകയും വേണം.
19മാസമുറ അനുസരിച്ച് ആർത്തവം ഉണ്ടാകുന്ന സ്‍ത്രീ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും. അവളെ സ്പർശിക്കുന്നവൻ സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. 20അശുദ്ധിയുടെ ദിനങ്ങളിൽ അവൾ കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്ന ഏതു സാധനവും അശുദ്ധമായിരിക്കും. 21അവളുടെ കിടക്കയെ സ്പർശിക്കുന്നവൻ വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. 22അവൾ ഇരുന്ന എന്തിലെങ്കിലും സ്പർശിക്കുന്നവൻ വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. 23അവളുടെ കിടക്കയോ ഇരിപ്പിടമോ സ്പർശിക്കുന്നവർ സൂര്യാസ്തമയംവരെ അശുദ്ധരായിരിക്കും. 24അശുദ്ധയായിരിക്കുന്നവളുടെ കൂടെ ശയിക്കുന്നയാൾ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും. അവൻ കിടക്കുന്ന കിടക്കകളും അശുദ്ധമായിരിക്കും. 25സ്‍ത്രീക്കു മാസമുറയല്ലാതെ അനേകം ദിവസങ്ങളിലേക്കു രക്തസ്രവം ഉണ്ടാകുകയോ, മാസമുറ ക്രമം വിട്ടു നീളുകയോ ചെയ്താൽ ഋതുകാലത്തെന്നപോലെ അവൾ അശുദ്ധയായിരിക്കും. 26രക്തസ്രവമുള്ള കാലത്തെല്ലാം ഋതുസമയത്തെപോലെ അവളുടെ കിടക്കയും ഇരിപ്പിടവും അശുദ്ധമായിരിക്കും. 27അവയെ സ്പർശിക്കുന്നവരെല്ലാം അശുദ്ധരായിത്തീരും. അവർ വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. 28രക്തസ്രവം നിന്നുകഴിഞ്ഞാലും അവൾ ഏഴു ദിവസം കൂടി കാത്തിരിക്കണം; അതിനുശേഷം ശുദ്ധയായിത്തീരും. 29എട്ടാം ദിവസം അവൾ രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ, തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ കൊണ്ടുപോയി പുരോഹിതനെ ഏല്പിക്കണം. 30പുരോഹിതൻ അവയിൽ ഒന്നിനെ പാപപരിഹാരയാഗമായും മറ്റതിനെ ഹോമയാഗമായും അർപ്പിക്കണം. ഇങ്ങനെ പുരോഹിതൻ അവളുടെ രക്തസ്രവംമൂലമുള്ള അശുദ്ധിക്കു സർവേശ്വരസന്നിധിയിൽ പ്രായശ്ചിത്തം ചെയ്യണം.
31ഇസ്രായേൽജനത്തിന്റെ ഇടയിലുള്ള എന്റെ വിശുദ്ധനിവാസം അശുദ്ധമാക്കി ആ അശുദ്ധിയിൽ അവർ മരിക്കാതിരിക്കാൻ നിങ്ങൾ അവരെ അശുദ്ധിയിൽനിന്ന് അകറ്റി നിർത്തണം.
32ശുക്ലസ്രവമോ, ബീജസ്ഖലനമോ മൂലം അശുദ്ധനായിത്തീരുന്നവനെ സംബന്ധിച്ചുള്ള ചട്ടങ്ങളാണിവ; 33മാസമുറ മൂലം അശുദ്ധയായവൾക്കും സ്രവമുള്ള പുരുഷനും സ്‍ത്രീക്കും അശുദ്ധയായവളുടെ കൂടെ ശയിക്കുന്നവനുമുള്ള ചട്ടങ്ങൾ തന്നെ.

Currently Selected:

LEVITICUS 15: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in