YouVersion Logo
Search Icon

LEVITICUS 1

1
സമ്പൂർണ ഹോമയാഗം
1സർവേശ്വരൻ മോശയെ വിളിച്ചു തിരുസാന്നിധ്യകൂടാരത്തിൽവച്ച് അരുളിച്ചെയ്തു: 2“ഇസ്രായേൽജനത്തോടു പറയുക, സർവേശ്വരനു യാഗം അർപ്പിക്കാൻ കന്നുകാലിക്കൂട്ടത്തിൽനിന്നോ ആട്ടിൻപറ്റത്തിൽനിന്നോ ഒന്നിനെ കൊണ്ടുവരാം.
3ഹോമയാഗത്തിനുള്ള മൃഗം കന്നുകാലികളിലൊന്നാണെങ്കിൽ അത് കുറ്റമറ്റ കാളയായിരിക്കണം. അതു സർവേശ്വരനു സ്വീകാര്യമാകാൻ അതിനെ തിരുസാന്നിധ്യകൂടാരത്തിന്റെ കവാടത്തിൽ അർപ്പിക്കണം. 4അർപ്പിക്കുന്നവൻ അതിന്റെ തലയിൽ കൈ വയ്‍ക്കണം. അത് അവന്റെ പാപത്തിനു പരിഹാരമായി അംഗീകരിക്കപ്പെടും. 5അതിനുശേഷം അവൻ കാളക്കുട്ടിയെ സർവേശ്വരസന്നിധിയിൽവച്ചു കൊല്ലണം. അഹരോന്യപുരോഹിതന്മാർ അതിന്റെ രക്തമെടുത്തു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കലുള്ള യാഗപീഠത്തിനു ചുറ്റും തളിക്കണം. 6പിന്നെ അതിന്റെ തോലുരിച്ച് അതിനെ കഷണങ്ങളായി മുറിക്കണം. 7അഹരോന്യപുരോഹിതന്മാർ യാഗപീഠത്തിൽ തീകൂട്ടി വിറക് അടുക്കണം. 8യാഗപീഠത്തിൽ കത്തിക്കൊണ്ടിരിക്കുന്ന വിറകിന്മേൽ പുരോഹിതന്മാർ മൃഗത്തിന്റെ തലയും മേദസ്സും ഉൾപ്പെടെയുള്ള കഷണങ്ങൾ അടുക്കിവയ്‍ക്കണം. 9അതിന്റെ കുടലും കാലുകളും വെള്ളത്തിൽ കഴുകണം. പുരോഹിതൻ അവ മുഴുവൻ യാഗപീഠത്തിൽ വച്ചു സർവേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹിപ്പിക്കണം.
10ഹോമയാഗമായി അർപ്പിക്കുന്നതു ചെമ്മരിയാടിനെയോ കോലാടിനെയോ ആണെങ്കിൽ അത് ഊനമറ്റ ആണായിരിക്കണം. 11യാഗപീഠത്തിന്റെ വടക്കുവശത്തു സർവേശ്വരസന്നിധിയിൽവച്ചുതന്നെ അവൻ അതിനെ കൊല്ലണം. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിനു ചുറ്റും തളിക്കണം. 12പുരോഹിതൻ അതിനെ തലയും മേദസ്സും ഉൾപ്പെടെ കഷണങ്ങളായി മുറിച്ചു യാഗപീഠത്തിൽ കത്തുന്ന വിറകിന്മേൽ അടുക്കിവയ്‍ക്കണം. 13കുടലും കാലുകളും വെള്ളത്തിൽ കഴുകണം. പുരോഹിതൻ അവ മുഴുവനും യാഗപീഠത്തിൽവച്ചു ദഹിപ്പിക്കണം. സർവേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ഹോമയാഗമാണ് അത്.
14ഹോമയാഗമായി അർപ്പിക്കുന്നതു പക്ഷിയെയാണെങ്കിൽ അത് ഒരു ചെങ്ങാലിയോ, പ്രാവിൻകുഞ്ഞോ ആയിരിക്കണം. 15പുരോഹിതൻ അതിനെ യാഗപീഠത്തിങ്കൽ കൊണ്ടുവന്ന് അതിന്റെ തല പിരിച്ചു വേർപെടുത്തി യാഗപീഠത്തിൽ ദഹിപ്പിക്കുകയും അതിന്റെ രക്തം യാഗപീഠത്തിന്റെ വശങ്ങളിലൂടെ ഒഴുക്കുകയും ചെയ്യണം. 16അതിന്റെ തീൻപണ്ടവും തൂവലുകളും യാഗപീഠത്തിന്റെ കിഴക്കുവശത്ത് ചാരം ഇടുന്ന സ്ഥലത്തു ഇടണം. 17അവൻ അതിനെ ചിറകുകളിൽ പിടിച്ചു വലിച്ചു കീറണം. എന്നാൽ രണ്ടായി വേർപെടുത്തരുത്. അതു മുഴുവൻ യാഗപീഠത്തിൽവച്ചു ദഹിപ്പിക്കണം. സർവേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ദഹനയാഗമാണത്.

Currently Selected:

LEVITICUS 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for LEVITICUS 1