YouVersion Logo
Search Icon

JUDA 1

1
1യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തിനു പ്രിയങ്കരരും യേശുക്രിസ്തുവിനുവേണ്ടി സംരക്ഷിക്കപ്പെടുന്നവരും ദൈവത്താൽ വിളിക്കപ്പെടുന്നവരുമായവർക്ക് എഴുതുന്നത്:
2നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും സമൃദ്ധമായി ഉണ്ടാകട്ടെ.
വ്യാജോപദേഷ്ടാക്കൾ
3പ്രിയപ്പെട്ടവരേ, നമ്മുടെ പൊതുവായ രക്ഷയെക്കുറിച്ച് നിങ്ങൾക്ക് എഴുതുവാൻ ഞാൻ അതീവതൽപരനായി കഴിയുകയായിരുന്നു. അപ്പോഴാണ് എന്നേക്കുമായി വിശുദ്ധന്മാരെ ഭരമേല്പിച്ചിരുന്ന വിശ്വാസത്തിനുവേണ്ടി പോരാടുവാൻ നിങ്ങളെ പ്രബോധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് എനിക്കു തോന്നിയത്. 4അഭക്തരായ ചില മനുഷ്യർ നമ്മുടെ ഇടയിൽ നുഴഞ്ഞു കയറിത്തുടങ്ങിയിട്ടുണ്ട്. നമ്മുടെ ദൈവത്തിന്റെ കൃപയെ സദാചാരവിരുദ്ധമായ പ്രവൃത്തികൾക്കുവേണ്ടി അവർ വിനിയോഗിക്കുന്നു. അങ്ങനെ നമ്മുടെ ഏകനാഥനും കർത്താവുമായ യേശുക്രിസ്തുവിനെ അവർ നിഷേധിക്കുന്നു. അവരുടെ ശിക്ഷാവിധിയെപ്പറ്റി പണ്ടേ തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
5നിങ്ങൾ ഇവയെല്ലാം ഒരിക്കൽ അറിഞ്ഞിട്ടുള്ളതാണെങ്കിലും ഇപ്പോൾ നിങ്ങളെ വീണ്ടും ഓർമിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇസ്രായേൽജനത്തെ ഈജിപ്തിൽനിന്നു രക്ഷിച്ച സർവേശ്വരൻ വിശ്വസിക്കാത്തവരെ പിന്നീടു നശിപ്പിച്ചു. 6തങ്ങളുടെ പദവി കാത്തുസൂക്ഷിക്കാതെ സ്വന്തം വാസസ്ഥലം വിട്ടുപോയ മാലാഖമാരെ മഹാദിവസത്തിലെ വിധിക്കായി എന്നേക്കും ബന്ധനസ്ഥരായി അന്ധകാരത്തിൽ സൂക്ഷിച്ചിരിക്കുന്നു. 7സോദോമും ഗോമോറായും അവയെപ്പോലെ അസാന്മാർഗികതയിലും സ്വവർഗരതിയിലും മുഴുകിയ പരിസരനഗരങ്ങളും നിത്യാഗ്നിയുടെ ശിക്ഷയ്‍ക്കു വിധേയമായി. അങ്ങനെ അവ എല്ലാവർക്കും ദൃഷ്ടാന്തമായിത്തീർന്നിരിക്കുന്നു.
8അതുപോലെതന്നെ ഈ മനുഷ്യരും തങ്ങളുടെ സ്വപ്നങ്ങളിൽ മുഴുകി ശരീരത്തെ മലിനമാക്കുകയും, അധികാരത്തെ നിഷേധിക്കുകയും, ശ്രേഷ്ഠജനങ്ങളെ നിന്ദിക്കുകയും ചെയ്യുന്നു. 9എന്നാൽ മാലാഖമാരിൽ മുഖ്യനായ മിഖായേൽ മോശയുടെ ശരീരത്തെപ്പറ്റി പിശാചിനോട് തർക്കിച്ചപ്പോൾ അവനെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു നിന്ദാവചനംപോലും ഉച്ചരിക്കുവാൻ തുനിഞ്ഞില്ല. പിന്നെയോ ‘കർത്താവു നിന്നെ ഭർത്സിക്കട്ടെ’ എന്നു പറയുക മാത്രമേ ചെയ്തുള്ളൂ. 10എന്നാൽ ഈ മനുഷ്യർ തങ്ങൾ അറിയാത്തതിനെയെല്ലാം ദുഷിക്കുന്നു. വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ ജന്മവാസനയാൽ മാത്രം അവർ അറിയുന്നു. അങ്ങനെയുള്ള അറിവിനാൽ അവർ നശിപ്പിക്കപ്പെടുന്നു. 11അവർക്ക് ഹാ കഷ്ടം! എന്തെന്നാൽ അവർ കയീന്റെ മാർഗത്തിൽ നടക്കുന്നു. പ്രതിഫലത്തിനുവേണ്ടി ബിലെയാമിന്റെ തെറ്റിനു തങ്ങളെത്തന്നെ ഏല്പിച്ചുകൊടുക്കുന്നു; കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകുകയും ചെയ്യുന്നു.
12നിങ്ങളുടെ സ്നേഹവിരുന്നുകളിൽ അവർ കളങ്കം ചേർക്കുന്നു. അവർ ഒരുമിച്ചുകൂടി നിർഭയം കുടിച്ചുമറിഞ്ഞ് തങ്ങളെത്തന്നെ പോഷിപ്പിക്കുന്നു. കാറ്റു പറപ്പിച്ചുകൊണ്ടുപോകുന്ന ജലരഹിതമായ മേഘങ്ങളാണവർ; ഹേമന്തകാലത്ത് ഫലശൂന്യമായി നില്‌ക്കുന്ന വൃക്ഷങ്ങൾ, അവ ഇല കൊഴിഞ്ഞും വേരറ്റും അങ്ങനെ ഇരുവിധം നിർജീവങ്ങൾ! 13ലജ്ജാകരമായ പ്രവൃത്തികളുടെ നുരകളുയർത്തുന്ന വൻകടൽത്തിരകൾ! ദൈവം എന്നേക്കുമായി ഒരുക്കിയിട്ടുള്ള അന്ധകാരഗർത്തത്തിൽ നിപതിക്കത്തക്കവിധം വഴിതെറ്റി ചുറ്റിത്തിരിയുന്ന നക്ഷത്രങ്ങൾ!
14ആദാമിനുശേഷം ഏഴാം തലമുറക്കാരനായ ഹാനോക്കും ഇവരെക്കുറിച്ചു പ്രവചിച്ചിട്ടുള്ളത് ഇങ്ങനെയാണ്: 15“ഭക്തിവിരുദ്ധമായി ചെയ്തിട്ടുള്ള സകല പ്രവൃത്തികൾ നിമിത്തവും ദൈവത്തിനെതിരെ പറഞ്ഞിട്ടുള്ള എല്ലാ പരുഷവാക്കുകൾ നിമിത്തവും അഭക്തരായ പാപികളെ കുറ്റവാളികളെന്നു വിധിക്കുവാൻ അസംഖ്യം വിശുദ്ധന്മാരോടുകൂടി അവിടുന്നു വന്നിരിക്കുന്നു.”
16അവർ പിറുപിറുക്കുന്നവരും, അസംതൃപ്തരും, അധമവികാരങ്ങളെ അനുസരിക്കുന്നവരും ആകുന്നു. അവർ ആത്മപ്രശംസ ചെയ്യുന്നു. കാര്യസാധ്യത്തിനുവേണ്ടി മുഖസ്തുതി പറയുന്നവരാണിക്കൂട്ടർ.
മുന്നറിയിപ്പും നിർദേശങ്ങളും
17എന്നാൽ പ്രിയപ്പെട്ടവരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പോസ്തോലന്മാർ മുൻകൂട്ടി പറഞ്ഞിട്ടുള്ള കാര്യങ്ങൾ നിങ്ങൾ ഓർത്തുകൊള്ളണം. 18ഭക്തിവിരുദ്ധമായ അധമവികാരങ്ങളെ അനുസരിക്കുന്ന ധർമനിന്ദകർ അന്ത്യകാലത്ത് ഉണ്ടാകുമെന്ന് അവർ നിങ്ങളോടു പറഞ്ഞുവല്ലോ. 19ഇങ്ങനെയുള്ളവർ ഭിന്നത ഉണ്ടാക്കുന്നവരും ലോകത്തെയും അതിന്റെ സുഖാനുഭോഗങ്ങളെയും കാംക്ഷിക്കുന്നവരും പരിശുദ്ധാത്മരഹിതരും ആകുന്നു. 20എന്നാൽ പ്രിയപ്പെട്ടവരേ, നിങ്ങളുടെ അതിവിശുദ്ധമായ വിശ്വാസത്തിന്മേൽ ജീവിതം പടുത്തുയർത്തുക; പരിശുദ്ധാത്മാവിന്റെ സഹായത്തോടെ പ്രാർഥിക്കുക; ദൈവത്തിന്റെ സ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുക. 21നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യംമൂലം അനശ്വരജീവൻ ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുക.
22-23സംശയിക്കുന്നവരോടു കരുണകാണിക്കുവിൻ. അഗ്നിയിൽ അകപ്പെട്ടവരെ വലിച്ചെടുത്തു രക്ഷിക്കുക. ചിലരോടു കാരുണ്യം കാണിക്കുന്നതു ഭയത്തോടുകൂടി ആയിരിക്കണം. പാപപൂർണമായ വിഷയാസക്തിയാൽ കറപിടിച്ച അവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ടുതന്നെ.
ഉപസംഹാരം
24വീഴാതെവണ്ണം നിങ്ങളെ കാത്തു സൂക്ഷിച്ച്, കളങ്കരഹിതരായി തന്റെ തേജസ്സിന്റെ മുമ്പിൽ ആനന്ദത്തോടെ നിറുത്തുവാൻ കഴിവുള്ളവന്, 25നമ്മുടെ രക്ഷകനായ ഏക ദൈവത്തിനുതന്നെ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ഇപ്പോഴും എന്നെന്നേക്കും മഹത്ത്വവും പരമാധികാരവും ആധിപത്യവും ഉണ്ടാകുമാറാകട്ടെ. ആമേൻ.

Currently Selected:

JUDA 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in