YouVersion Logo
Search Icon

JOSUA 9

9
ഗിബെയോന്യരുടെ വഞ്ചന
1യോർദ്ദാനിക്കരെയുള്ള മലകളിലും താഴ്‌വരകളിലും ലെബാനോൻവരെയുള്ള മെഡിറ്ററേനിയൻ സമുദ്രതീരത്തും പാർത്തിരുന്ന ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ജനതകളുടെ രാജാക്കന്മാർ ഇസ്രായേലിന്റെ വിജയത്തെപ്പറ്റി കേട്ടപ്പോൾ 2യോശുവയോടും ഇസ്രായേല്യരോടും യുദ്ധം ചെയ്യുന്നതിന് ഒരുമിച്ചു കൂടി. 3എന്നാൽ യോശുവ യെരീഹോ, ഹായി എന്നീ പട്ടണങ്ങൾക്കെതിരെ പ്രവർത്തിച്ചത് കേട്ട് 4ഗിബെയോൻനിവാസികൾ യോശുവയ്‍ക്കെതിരായി ഒരു ഉപായം പ്രയോഗിച്ചു. അവർ ഭക്ഷണപദാർഥങ്ങൾ പഴയ ചാക്കുകളിലും തുന്നിക്കെട്ടിയ തുകൽ തുരുത്തികളിലും ശേഖരിച്ചുകൊണ്ടു കഴുതപ്പുറത്തു കയറി. 5ജീർണിച്ച ചെരുപ്പും കീറിത്തുന്നിയ വസ്ത്രവും ധരിച്ചുകൊണ്ടാണ് അവർ യാത്ര പുറപ്പെട്ടത്. അവരുടെ ഭക്ഷണപദാർഥങ്ങൾ ഉണങ്ങിയതും പൂപ്പൽപിടിച്ചതുമായിരുന്നു. 6ഗില്ഗാലിൽ പാളയമടിച്ചിരുന്ന യോശുവയുടെയും ഇസ്രായേൽജനത്തിന്റെയും അടുക്കൽ ചെന്ന് അവർ പറഞ്ഞു: “ഞങ്ങൾ ദൂരദേശത്തുനിന്നു വരികയാണ്. ഞങ്ങളുമായി ഒരു സമാധാന ഉടമ്പടി ഉണ്ടാക്കിയാലും.” 7എന്നാൽ ഇസ്രായേൽജനം ഹിവ്യരോടു പറഞ്ഞു: “നിങ്ങൾ ഈ ദേശത്തു പാർക്കുന്നവരാണെങ്കിൽ ഞങ്ങൾ നിങ്ങളോട് എങ്ങനെ ഉടമ്പടി ഉണ്ടാക്കും.” 8“ഞങ്ങൾ അങ്ങയുടെ ദാസന്മാരാണ്.” അവർ യോശുവയോടു പറഞ്ഞു. “നിങ്ങൾ ആര്? എവിടെനിന്നു വരുന്നു?” യോശുവ അവരോടു ചോദിച്ചു. 9അവർ യോശുവയോട് പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങൾ ദൂരത്തുനിന്നു വന്നിരിക്കയാണ്; നിങ്ങളുടെ ദൈവമായ സർവേശ്വരനെപ്പറ്റി ഞങ്ങൾ കേട്ടു. അവിടുത്തെ കീർത്തിയും അവിടുന്ന് ഈജിപ്തിൽ ചെയ്തതൊക്കെയും ഞങ്ങൾ അറിഞ്ഞു. 10യോർദ്ദാനക്കരെയുള്ള അമോര്യരാജാക്കന്മാരായ ഹെശ്ബോനിലെ സീഹോനോടും അസ്താരോത്തിൽ പാർക്കുന്ന ബാശാനിലെ ഓഗിനോടും അവിടുന്നു പ്രവർത്തിച്ച കാര്യങ്ങളും ഞങ്ങൾ കേട്ടിട്ടുണ്ട്. 11യാത്രയ്‍ക്കാവശ്യമായ ഭക്ഷണപദാർഥങ്ങൾ എടുത്തുകൊണ്ടു നിങ്ങളെ കാണാൻ ഞങ്ങളുടെ നേതാക്കന്മാരും ദേശവാസികളും ഞങ്ങളോടു പറഞ്ഞു. ഞങ്ങൾ നിങ്ങളുടെ ദാസന്മാരായി ജീവിച്ചുകൊള്ളാം എന്ന വ്യവസ്ഥയിന്മേൽ ഞങ്ങളുമായി ഉടമ്പടി ചെയ്യാൻ നിങ്ങളോട് അഭ്യർഥിക്കണമെന്നും അവർ പറഞ്ഞിട്ടുണ്ട്. 12ഇതാ, ഞങ്ങളുടെ കൈയിലുള്ള അപ്പം നോക്കൂ! നിങ്ങളെ സന്ദർശിക്കാൻ പുറപ്പെട്ടപ്പോൾ വഴിമധ്യേ ഭക്ഷിക്കാൻ ഞങ്ങൾ കൊണ്ടുവന്നതാണിവ. അപ്പോൾ അവയ്‍ക്ക് ചൂടുണ്ടായിരുന്നു; ഇപ്പോൾ ഇവ ഉണങ്ങി പൂത്തിരിക്കുന്നു. 13ഞങ്ങൾ വീഞ്ഞു നിറയ്‍ക്കുമ്പോൾ ഈ തുരുത്തികൾ പുതിയവയായിരുന്നു. ഇപ്പോൾ ഇതാ, അവ കീറിയിരിക്കുന്നു. ദീർഘയാത്രകൊണ്ട് ഞങ്ങളുടെ വസ്ത്രങ്ങളും ചെരുപ്പുകളും പഴകിപ്പോയിരിക്കുന്നു.” 14സർവേശ്വരന്റെ ഹിതം ആരായാതെ ഇസ്രായേൽജനം അവരിൽനിന്നു ഭക്ഷണപദാർഥങ്ങൾ സ്വീകരിക്കുകയും 15യോശുവ അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. അവരെ രക്ഷിക്കാമെന്ന് അദ്ദേഹം ഉടമ്പടി ചെയ്തു. ജനനേതാക്കന്മാരും അപ്രകാരം പ്രതിജ്ഞ ചെയ്തു. 16ഉടമ്പടി ഉണ്ടാക്കി മൂന്നു ദിവസം കഴിഞ്ഞപ്പോൾ മാത്രമാണ് അവർ തങ്ങളുടെ അടുത്തുതന്നെ പാർക്കുന്നവരാണെന്ന് ഇസ്രായേൽജനം മനസ്സിലാക്കിയത്. 17അവർ മൂന്നു ദിവസം യാത്രചെയ്ത് ഹിവ്യരുടെ പട്ടണങ്ങളിൽ എത്തി. ഗിബെയോൻ, കെഫീര, ബേരോത്ത്, കിര്യത്ത്-യെയാരീം എന്നിവയായിരുന്നു ആ പട്ടണങ്ങൾ. 18ജനനേതാക്കന്മാർ, തങ്ങളുടെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ പ്രതിജ്ഞ ചെയ്തിരുന്നതുകൊണ്ട് ഇസ്രായേല്യർ അവരെ സംഹരിച്ചില്ല. എന്നാൽ ഇസ്രായേൽജനം നേതാക്കന്മാർക്കെതിരെ പിറുപിറുത്തു. 19ജനനേതാക്കന്മാർ ജനത്തോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഞങ്ങൾ പ്രതിജ്ഞ ചെയ്തിരിക്കുന്നതിനാൽ അവരെ ഉപദ്രവിക്കരുത്. 20അവരോടു ചെയ്ത പ്രതിജ്ഞ അനുസരിച്ച് നാം അവരെ ജീവിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ ദൈവകോപം നമ്മുടെമേൽ വരും. 21അവർ ജീവിച്ചുകൊള്ളട്ടെ; എന്നാൽ അവർ നമുക്കു വേണ്ടി വിറകു കീറുകയും വെള്ളം കോരുകയും വേണം.” 22പിന്നെ യോശുവ അവരെ വിളിച്ചു ചോദിച്ചു: “ഞങ്ങളുടെ അടുത്തുതന്നെ പാർക്കുന്ന നിങ്ങൾ വിദൂരസ്ഥരാണെന്നു പറഞ്ഞ് എന്തിനു ഞങ്ങളെ വഞ്ചിച്ചു? 23അതുകൊണ്ടു നിങ്ങൾ ശാപഗ്രസ്തരായിരിക്കും; നിങ്ങൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ എന്നും വിറകു വെട്ടുകയും വെള്ളം കോരുകയും ചെയ്യുന്ന അടിമകളായിരിക്കും.” 24അവർ യോശുവയോടു പറഞ്ഞു: “നിങ്ങൾക്ക് ഈ ദേശമെല്ലാം നല്‌കുമെന്നും നിങ്ങൾ മുന്നേറുന്നതനുസരിച്ചു ദേശവാസികളെയെല്ലാം ഇവിടെനിന്നു നീക്കിക്കളയുമെന്നും ദൈവമായ സർവേശ്വരൻ തന്റെ ദാസനായ മോശയോടു കല്പിച്ച വിവരം ഞങ്ങൾ അറിഞ്ഞു; അതുകൊണ്ട് നിങ്ങളെ ഭയന്ന് ജീവരക്ഷയ്‍ക്കുവേണ്ടി ഇപ്രകാരം ചെയ്തു. 25ഇതാ, ഇപ്പോൾ ഞങ്ങൾ നിങ്ങളുടെ കരങ്ങളിലാണ്, അങ്ങേക്ക് ന്യായവും യുക്തവുമെന്ന് തോന്നുന്നതു ഞങ്ങളോടു പ്രവർത്തിച്ചാലും.” 26ഇസ്രായേൽജനം അവരെ സംഹരിക്കാത്തവിധം യോശുവ അവരെ രക്ഷിച്ചു. 27അന്നു യോശുവ അവരെ ഇസ്രായേൽജനത്തിനും സർവേശ്വരൻ തിരഞ്ഞെടുക്കാൻ പോകുന്ന സ്ഥലത്തു പണിയുന്ന യാഗപീഠത്തിനും വേണ്ടി വിറകു കീറുന്നവരും വെള്ളം കോരുന്നവരുമായി നിയമിച്ചു; ഇന്നും ഈ ജോലികൾ അവർ ചെയ്തുവരുന്നു.

Currently Selected:

JOSUA 9: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in