JOSUA 1
1
കനാനിൽ പ്രവേശിക്കാൻ തയ്യാറാകുന്നു
1സർവേശ്വരന്റെ ദാസനായ മോശയുടെ മരണശേഷം അദ്ദേഹത്തിന്റെ ശുശ്രൂഷകനും നൂനിന്റെ പുത്രനുമായ യോശുവയോട് അവിടുന്ന് അരുളിച്ചെയ്തു: 2“എന്റെ ദാസനായ മോശ മരിച്ചു; നീയും ഇസ്രായേൽജനം മുഴുവനും യോർദ്ദാൻനദി കടന്ന് അവർക്കു ഞാൻ നല്‌കാൻ പോകുന്ന ദേശത്തു പ്രവേശിക്കുക. 3മോശയോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങളുടെ കാലടി വയ്‍ക്കുന്ന സ്ഥലമൊക്കെയും ഞാൻ നിങ്ങൾക്കു നല്‌കും. 4നിങ്ങളുടെ ദേശത്തിന്റെ അതിരുകൾ തെക്ക് മരുഭൂമിയും വടക്ക് ലെബാനോനും കിഴക്ക് മഹാനദിയായ യൂഫ്രട്ടീസ് ഒഴുകുന്ന ഹിത്യരുടെ ദേശവും പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രവും ആയിരിക്കും. 5നിന്റെ ആയുഷ്കാലമത്രയും ആർക്കും നിന്നെ തോല്പിക്കാൻ കഴിയുകയില്ല. ഞാൻ മോശയുടെകൂടെ ഉണ്ടായിരുന്നതുപോലെ നിന്റെ കൂടെയും ഇരിക്കും. ഞാൻ നിന്നെ വിട്ടുപോകുകയില്ല; ഉപേക്ഷിക്കുകയുമില്ല. 6ശക്തനും ധീരനുമായിരിക്കുക; ഞാൻ ഈ ജനത്തിനു കൊടുക്കുമെന്നു പിതാക്കന്മാരോടു വാഗ്ദത്തം ചെയ്തിരുന്ന ദേശം നീയാണ് അവർക്കു വിഭജിച്ചു കൊടുക്കേണ്ടത്. 7നീ ശക്തനും ധീരനുമായി ഇരുന്നാൽ മാത്രം മതി; എന്റെ ദാസനായ മോശ നിങ്ങൾക്കു നല്‌കിയിട്ടുള്ള കല്പനകൾ അനുസരിക്കുന്നതിന് നീ ജാഗ്രത പുലർത്തണം; അവയിൽ ഒന്നുപോലും അവഗണിക്കാതെയിരുന്നാൽ നീ നിന്റെ ഉദ്യമങ്ങളിലെല്ലാം വിജയം വരിക്കും. 8ധർമശാസ്ത്രഗ്രന്ഥം നിന്റെ അധരങ്ങളിൽ എപ്പോഴും ഉണ്ടായിരിക്കട്ടെ; അതിൽ രേഖപ്പെടുത്തിയിട്ടുള്ളതെല്ലാം ശ്രദ്ധയോടെ അനുസരിക്കാൻ ഉതകുംവിധം രാവും പകലും അതു ധ്യാനിക്കണം. അപ്പോൾ നിനക്ക് അഭിവൃദ്ധിയുണ്ടാകുകയും ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും നീ വിജയം വരിക്കുകയും ചെയ്യും. 9ശക്തനും ധീരനും ആയിരിക്കുക എന്നു ഞാൻ കല്പിച്ചിട്ടില്ലേ! ഭയപ്പെടുകയോ അധൈര്യപ്പെടുകയോ അരുത്; നീ പോകുന്നിടത്തെല്ലാം നിന്റെ ദൈവമായ സർവേശ്വരൻ നിന്റെകൂടെ ഉണ്ടായിരിക്കും.”
യോശുവ കല്പന കൊടുക്കുന്നു
10പിന്നീട് യോശുവ ജനനേതാക്കന്മാരോടു കല്പിച്ചു: 11“നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് നല്‌കുവാൻ പോകുന്ന ദേശം കൈവശമാക്കുന്നതിനു മൂന്നു ദിവസത്തിനുള്ളിൽ നിങ്ങൾ യോർദ്ദാൻനദി കടക്കണം. അതിനാൽ ആവശ്യമായിരിക്കുന്ന ഭക്ഷണസാധനങ്ങൾ ഒരുക്കിക്കൊള്ളുവിൻ എന്ന് പാളയത്തിൽ കടന്നു ജനത്തോടു പറയുക.”
12രൂബേൻ, ഗാദ്ഗോത്രക്കാരോടും മനശ്ശെയുടെ അർധഗോത്രക്കാരോടും യോശുവ പറഞ്ഞു: 13“സ്വസ്ഥമായി വസിക്കാൻ ദൈവമായ സർവേശ്വരൻ ഈ ദേശം നിങ്ങൾക്കു നല്‌കുമെന്ന് അവിടുത്തെ ദാസനായ മോശ നിങ്ങളോടു പറഞ്ഞിരുന്നത് ഓർക്കുക.” 14നിങ്ങളുടെ ഭാര്യമാരും കുട്ടികളും കന്നുകാലികളും യോർദ്ദാനിക്കരെ മോശ നിങ്ങൾക്കു നല്‌കിയ ദേശത്തുതന്നെ പാർക്കട്ടെ. എന്നാൽ നിങ്ങളിൽ യുദ്ധം ചെയ്യാൻ പ്രാപ്തരായ പുരുഷന്മാർ, യുദ്ധസന്നാഹത്തോടെ നിങ്ങളുടെ സഹോദരർക്കുവേണ്ടി അവരുടെ മുമ്പേ പോകണം. 15സർവേശ്വരൻ അവർക്കു നല്‌കുന്ന ദേശം കൈവശമാക്കി അവിടെ അവർക്കു സ്വസ്ഥത ലഭിക്കുന്നതുവരെ നിങ്ങൾ അവരെ സഹായിക്കണം. അതിനുശേഷം അവിടുത്തെ ദാസനായ മോശ യോർദ്ദാനു കിഴക്കു നിങ്ങൾക്ക് അവകാശമായി നല്‌കിയിട്ടുള്ള ദേശത്തു മടങ്ങിവന്ന് അതു കൈവശമാക്കി വസിച്ചുകൊള്ളുവിൻ.” 16അവർ യോശുവയോടു പറഞ്ഞു: “അങ്ങു കല്പിക്കുന്നതെല്ലാം ഞങ്ങൾ ചെയ്യാം; അങ്ങ് അയയ്‍ക്കുന്നിടത്തെല്ലാം ഞങ്ങൾ പോകാം; 17മോശയെ ഞങ്ങൾ അനുസരിച്ചതുപോലെ അങ്ങയെയും ഞങ്ങൾ അനുസരിക്കാം. 18അങ്ങയുടെ ദൈവമായ സർവേശ്വരൻ മോശയുടെ കൂടെ ഉണ്ടായിരുന്നതുപോലെ അങ്ങയുടെ കൂടെയും ഉണ്ടായിരിക്കട്ടെ. അങ്ങയുടെ അധികാരത്തെ ചോദ്യം ചെയ്യുകയോ, അങ്ങു നല്‌കുന്ന കല്പനകൾ പാലിക്കാതിരിക്കുകയോ ചെയ്യുന്നവൻ മരിക്കണം; അങ്ങു ശക്തനും ധീരനും ആയിരുന്നാലും.”
Currently Selected:
JOSUA 1: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.