YouVersion Logo
Search Icon

JOBA 9

9
ഇയ്യോബിന്റെ മറുപടി
1ഇയ്യോബ് പറഞ്ഞു:
2“എനിക്കറിയാം; അത് അങ്ങനെതന്നെ.
എന്നാൽ ദൈവത്തിന്റെ മുമ്പിൽ മനുഷ്യന് എങ്ങനെ നീതിമാനാകാൻ കഴിയും?
3ദൈവത്തോടു വാഗ്വാദത്തിന് ഒരുമ്പെട്ടാൽ
ആയിരത്തിൽ ഒന്നിനുപോലും ഉത്തരം പറയാൻ ഒരുവനും സാധ്യമല്ല.
4അവിടുന്നു ജ്ഞാനിയും ശക്തനുമാകുന്നു;
അവിടുത്തോട് എതിർത്തുനിന്ന് ആർ ജയിച്ചിട്ടുണ്ട്?
5അവിടുന്നു പർവതങ്ങളെ നീക്കിക്കളയുന്നു;
കോപത്തിൽ അവയെ കീഴ്മേൽ മറിക്കുന്നു;
എന്നിട്ടും അവ അതറിയുന്നില്ല.
6ഭൂമിയെ അവിടുന്നു പ്രകമ്പനം കൊള്ളിക്കുന്നു;
അതിന്റെ തൂണുകൾ ഇളകിയാടുന്നു.
7അവിടുന്നു കല്പിക്കുമ്പോൾ സൂര്യൻ ഉദിക്കുന്നില്ല;
അവിടുന്നു നക്ഷത്രങ്ങൾക്കു മുദ്ര വയ്‍ക്കുന്നു.
8അവിടുന്നു മാത്രമാണ് ആകാശത്തെ വിരിച്ചത്;
അവിടുന്നു സമുദ്രത്തിലെ തിരമാലകളെ ചവിട്ടിമെതിക്കുന്നു.
9സപ്തർഷിമണ്ഡലത്തെയും മകയിരം, കാർത്തിക എന്നിവയെയും
ദക്ഷിണ നക്ഷത്രമണ്ഡലത്തെയും സൃഷ്‍ടിച്ചത് അവിടുന്നുതന്നെ.
10മനുഷ്യബുദ്ധിക്ക് അഗോചരമായ മഹാകൃത്യങ്ങളും
എണ്ണമറ്റ അദ്ഭുതങ്ങളും അവിടുന്നു പ്രവർത്തിക്കുന്നു.
11അവിടുന്ന് എന്റെ സമീപത്തുകൂടി കടന്നുപോകുന്നു;
ഞാൻ അവിടുത്തെ കാണുന്നില്ല;
അവിടുന്നു നടന്നുനീങ്ങുന്നു; എന്നാൽ ഞാൻ അവിടുത്തെ അറിയുന്നില്ല.
12അവിടുന്നു പിഴുതുമാറ്റുന്നു;
ആര് അവിടുത്തെ തടയും?
അവിടുന്നു ചെയ്യുന്നത് എന്ത് എന്ന് ആർ ചോദിക്കും?
13രഹബിന്റെ സഹായികൾ അവിടുത്തെ പാദങ്ങളിൽ വീണുവണങ്ങിയിട്ടും
ദൈവം തന്റെ ക്രോധം അടക്കുന്നില്ല.
14പിന്നെ എങ്ങനെ ഞാൻ അവിടുത്തോട് ഉത്തരം പറയാനുള്ള വാക്കുകൾ കണ്ടെത്തും?
15ഞാൻ നീതിമാനെങ്കിലും അവിടുത്തോട് ഉത്തരം പറയാൻ കഴിയുന്നില്ല.
എന്നെ വിധിക്കുന്ന അവിടുത്തോട് ഞാൻ കരുണയ്‍ക്കായി യാചിക്കേണ്ടിവരുന്നു.
16ഞാൻ വിളിച്ചപേക്ഷിച്ചിട്ട് അവിടുന്നു ഉത്തരമരുളിയാലും
അവിടുന്ന് എന്നെ ശ്രദ്ധിച്ചു എന്നു ഞാൻ വിചാരിക്കുകയില്ല.
17എന്തെന്നാൽ കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നു.
അകാരണമായി എന്റെ മുറിവുകളും വർധിപ്പിക്കുന്നു.
18ശ്വസിക്കാൻപോലും അവിടുന്ന് എന്നെ അനുവദിക്കുന്നില്ല;
തിക്താനുഭവങ്ങൾകൊണ്ട് അവിടുന്ന് എന്നെ നിറയ്‍ക്കുന്നു.
19ഇതൊരു ബലപരീക്ഷണമെങ്കിൽ ദൈവം എത്ര ബലവാൻ!
ഇതു നീതിയുടെ പ്രശ്നമെങ്കിൽ എന്റെ ന്യായവാദം കേൾക്കാൻ അവിടുത്തെ
ആരു വിളിച്ചുവരുത്തും?
20ഞാൻ നിർദോഷിയെങ്കിലും എന്റെ വാക്കുകൾതന്നെ എന്നെ കുറ്റംവിധിക്കും;
ഞാൻ നിഷ്കളങ്കനെങ്കിലും എന്റെ അകൃത്യം അവിടുന്നു തെളിയിക്കും.
21ഞാൻ കുറ്റമറ്റവനാണ്;
ഞാൻ എന്നെത്തന്നെ പരിഗണിക്കുന്നില്ല.
എന്റെ ജീവനെ ഞാൻ വെറുക്കുന്നു.
22എല്ലാം ഒരുപോലെ; അതുകൊണ്ടു ഞാൻ പറയുന്നു:
ദൈവം നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.
23അത്യാഹിതംമൂലം പെട്ടെന്നു മരണം വരുമ്പോൾ
അവിടുന്നു നിർദോഷിയുടെ അനർഥത്തിൽ പരിഹസിച്ചു ചിരിക്കുന്നു.
24ഭൂമി ദുഷ്ടന്മാരെ ഏല്പിച്ചിരിക്കുന്നു;
അതിലെ ന്യായാധിപന്മാരുടെ മുഖം അവിടുന്നു മൂടുന്നു;
അവിടുന്നല്ലാതെ മറ്റാരാണ് ഇതു ചെയ്യുക?
25എന്റെ ആയുഷ്കാലം ഓട്ടക്കാരനെക്കാൾ വേഗത്തിൽ ഓടുന്നു;
അവ പറന്നകലുന്നു; നല്ലത് ഒന്നും അതു കാണുന്നില്ല.
26ഓടത്തണ്ടുകൊണ്ടുള്ള ഓടിവള്ളംപോലെ,
ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെ അവ ശീഘ്രം കടന്നുപോകുന്നു.
27‘എന്റെ സങ്കടം മറന്ന്, വിഷാദഭാവം മാറ്റി,
പ്രസന്നതയോടെ ഇരിക്കാം’ എന്നു പറഞ്ഞാലും
28എന്റെ സർവകഷ്ടതകളെയും ഓർത്ത്, ഞാൻ ഭയന്നുപോകുന്നു.
അവിടുന്ന് എന്നെ നിർദ്ദോഷിയായി ഗണിക്കുകയില്ലെന്ന് എനിക്കറിയാം.
29അവിടുന്ന് എന്നെ കുറ്റക്കാരനായി വിധിക്കും.
പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നത് എന്തിന്?
30ഹിമജലത്തിൽ ഞാൻ കുളിച്ചാലും
ക്ഷാരജലംകൊണ്ടു കൈ കഴുകിയാലും
31അങ്ങ് എന്നെ ചേറ്റുകുഴിയിൽ മുക്കും;
എന്റെ വസ്ത്രങ്ങൾപോലും എന്നെ വെറുക്കും.
32ഞാൻ അവിടുത്തോടു മറുപടി പറയാനും
അവിടുന്ന് എന്നോടുകൂടെ ന്യായവിസ്താരത്തിൽ വരാനും
അവിടുന്ന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
33ഞങ്ങളെ ഇരുവരെയും നിയന്ത്രിക്കാൻ
കഴിവുള്ള മധ്യസ്ഥൻ ഞങ്ങൾക്കിടയിൽ ഇല്ലല്ലോ.
34അവിടുന്ന് എന്റെമേൽനിന്നു ശിക്ഷാദണ്ഡ് നീക്കട്ടെ
അവിടുത്തെക്കുറിച്ചുള്ള ഭീതി എന്നെ ബാധിക്കാതിരിക്കട്ടെ.
35അപ്പോൾ ഞാൻ നിർഭയം സംസാരിക്കും;
എന്നാൽ ഇപ്പോൾ എന്റെ സ്ഥിതി അങ്ങനെ അല്ലല്ലോ!

Currently Selected:

JOBA 9: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in