YouVersion Logo
Search Icon

JOBA 5

5
1“വിളിച്ചുനോക്കൂ, ഇയ്യോബേ,
ആരുണ്ട് നിന്റെ വിളികേൾക്കാൻ?
ഏതു വിശുദ്ധനെയാണു നീ ശരണം പ്രാപിക്കുക?
2വിദ്വേഷം ഭോഷനെ കൊല്ലുന്നു;
അസൂയ ബുദ്ധിശൂന്യനെ നശിപ്പിക്കുന്നു.
3മൂഢൻ വേരുപിടിക്കുന്നതു ഞാൻ കണ്ടു;
തൽക്ഷണം അവന്റെ പാർപ്പിടത്തെ ഞാൻ ശപിച്ചു.
4അവന്റെ മക്കൾ സുരക്ഷിതരായിരിക്കുകയില്ല.
അവർ പട്ടണവാതില്‌ക്കൽവച്ചു തകർക്കപ്പെടുന്നു;
അവരെ രക്ഷിക്കാൻ ആരുമില്ല.
5വിശപ്പുള്ളവൻ അവന്റെ വിളവ് തിന്നൊടുക്കുന്നു;
മുള്ളുകൾക്കിടയിൽനിന്നുപോലും അവൻ അതു ശേഖരിക്കുന്നു;
ദാഹിക്കുന്നവൻ അവന്റെ സമ്പത്തു വിഴുങ്ങുന്നു.
6അനർഥം മുളയ്‍ക്കുന്നതു പൂഴിയിൽ നിന്നല്ല;
കഷ്ടത നാമ്പുനീട്ടുന്നത് നിലത്തു നിന്നുമല്ല.
7തീപ്പൊരി മേലോട്ടുയരുന്നതുപോലെ
മനുഷ്യൻ കഷ്ടതയിലേക്കു പിറന്നുവീഴുന്നു.
8ഞാനായിരുന്നെങ്കിൽ ദൈവത്തെ അന്വേഷിക്കുമായിരുന്നു.
എന്റെ പ്രശ്നം തിരുമുമ്പിൽ സമർപ്പിക്കുമായിരുന്നു.
9അവിടുന്നു ദുർഗ്രാഹ്യങ്ങളായ മഹാകാര്യങ്ങളും
അദ്ഭുതങ്ങളും അസംഖ്യം പ്രവർത്തിക്കുന്നു.
10അവിടുന്നു ഭൂമിയിൽ മഴ പെയ്യിക്കുന്നു;
വയലുകളിലേക്കു വെള്ളം ഒഴുക്കുന്നു.
11അവിടുന്ന് എളിയവരെ ഉയർത്തുന്നു;
വിലപിക്കുന്നവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കുന്നു.
12അവിടുന്നു കൗശലക്കാരുടെ തന്ത്രങ്ങളെ വിഫലമാക്കുന്നു;
അവരുടെ പ്രയത്നങ്ങൾ വിജയം വരിക്കുകയില്ല.
13അവിടുന്നു വക്രബുദ്ധികളുടെ ഉപായങ്ങൾ പെട്ടെന്നു തകർക്കുന്നു;
ജ്ഞാനികളെ അവരുടെതന്നെ കൗശലങ്ങളിൽ കുടുക്കുന്നു;
14പകൽസമയത്ത് അവർ ഇരുട്ടിൽ അകപ്പെടും;
മധ്യാഹ്നത്തിൽ രാത്രിയിലെന്നപോലെ തപ്പിനടക്കും.
15എന്നാൽ അവിടുന്ന് അഗതികളെ അവരുടെ വായിൽനിന്നും
അനാഥരെ ബലവാന്റെ കൈയിൽനിന്നും രക്ഷിക്കുന്നു.
16അതുകൊണ്ട് എളിയവനു പ്രത്യാശയുണ്ട്;
അനീതി പ്രവർത്തിക്കുന്നവൻ നിശ്ശബ്ദനാകും.
17ദൈവം ശാസിക്കുന്ന മനുഷ്യൻ ധന്യനാകുന്നു;
അതിനാൽ സർവശക്തന്റെ ശിക്ഷണത്തെ അവഗണിക്കരുത്.
18അവിടുന്നു മുറിവേല്പിക്കുകയും മുറിവുകെട്ടുകയും ചെയ്യുന്നു;
അവിടുന്നു പ്രഹരിക്കുന്നു;
എന്നാൽ തൃക്കരങ്ങൾ സൗഖ്യം നല്‌കുകയും ചെയ്യുന്നു.
19എല്ലാ അനർഥങ്ങളിൽനിന്നും
അവിടുന്നു നിന്നെ വിടുവിക്കും
ഒരനർഥവും നിന്നെ സ്പർശിക്കുകയില്ല.
20ക്ഷാമകാലത്തു മരണത്തിൽനിന്നും
യുദ്ധകാലത്തു വാളിൽനിന്നും അവിടുന്നു നിന്നെ വിടുവിക്കും.
21വാക്പ്രഹരത്തിൽനിന്നു നീ മറയ്‍ക്കപ്പെടും.
വിനാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.
22ക്ഷാമത്തിലും വിനാശത്തിലും നീ ചിരിക്കും;
വന്യമൃഗങ്ങളെ നീ ഭയപ്പെടുകയില്ല.
23വയലിലെ കല്ലുകളോടു നിനക്കു സഖ്യമുണ്ടാകും;
കാട്ടുമൃഗങ്ങൾ നിന്നെ ഉപദ്രവിക്കുകയില്ല.
24നിന്റെ കൂടാരം സുരക്ഷിതമെന്നു നീ അറിയും;
നിന്റെ ആട്ടിൻപറ്റത്തെ പരിശോധിക്കുമ്പോൾ
ഒന്നുപോലും നഷ്ടപ്പെട്ടതായി കാണുകയില്ല.
25നിന്റെ സന്താനപരമ്പര അസംഖ്യമായിരിക്കും;
നിന്റെ സന്തതി പുൽക്കൊടിപോലെ തഴയ്‍ക്കും.
26വിളഞ്ഞ കറ്റകൾ യഥാവസരം മെതിക്കളത്തിൽ എത്തുന്നതുപോലെ
പൂർണവാർധക്യത്തിലേ നീ മരണമടയുകയുള്ളൂ.
27ഇതു ഞങ്ങൾ അന്വേഷിച്ച് അറിഞ്ഞിരിക്കുന്നു;
ഇതു സത്യം. നിന്റെ നന്മയ്‍ക്കായി ഇതു ഗ്രഹിച്ചുകൊള്ളുക.”

Currently Selected:

JOBA 5: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in