JOBA 38:24-38
JOBA 38:24-38 MALCLBSI
വെളിച്ചം പ്രസരിപ്പിക്കുന്ന സ്ഥലത്തേക്കും ഭൂമിയിൽ വീശുന്ന കിഴക്കൻകാറ്റിന്റെ ഉദ്ഭവസ്ഥാനത്തേക്കുമുള്ള വഴി ഏത്? നിർജനപ്രദേശത്തും ആരും പാർക്കാത്ത മരുഭൂമിയിലും മഴ പെയ്യിക്കാനും തരിശായ പാഴ്നിലത്തിന്റെ ദാഹം ശമിപ്പിക്കാനും ഭൂമി ഇളമ്പുല്ലു മുളപ്പിക്കാനും വേണ്ടി പേമാരിക്ക് ഒരു ചാലും ഇടിമിന്നലിന് ഒരു പാതയും വെട്ടിത്തുറന്നതാര്? മഴയ്‍ക്കു ജനയിതാവുണ്ടോ? മഞ്ഞുതുള്ളികൾക്ക് ആരു ജന്മമേകി? ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറത്തുവന്നു? ആകാശത്തിലെ പൊടിമഞ്ഞിന് ആരു ജന്മം നല്‌കി? വെള്ളം പാറക്കല്ലുപോലെ ഉറച്ചുപോകുന്നു. ആഴിയുടെ മുഖം ഉറഞ്ഞു കട്ടിയാകുന്നു. കാർത്തിക നക്ഷത്രങ്ങളുടെ ചങ്ങലകൾ ബന്ധിക്കാമോ? മകയിരത്തെ ബന്ധിച്ചിരിക്കുന്ന പാശം അഴിക്കാമോ? നിനക്ക് യഥാകാലം രാശിചക്രം നിയന്ത്രിക്കാമോ? സപ്തർഷിമണ്ഡലത്തെ നയിക്കാമോ? ആകാശത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ നിനക്കറിയാമോ? അവ ഭൂമിയിൽ പ്രയോഗിക്കാൻ നിനക്കു കഴിയുമോ? പെരുവെള്ളം നിന്നെ മൂടാൻ തക്കവിധം മഴ പെയ്യിക്കാൻ മേഘങ്ങളോട് ഉച്ചത്തിൽ ആജ്ഞാപിക്കാൻ നിനക്കു കഴിയുമോ? ‘ഇതാ ഞങ്ങൾ’ എന്നു പറഞ്ഞുകൊണ്ട് പുറപ്പെടാൻ തക്കവിധം മിന്നൽപ്പിണരുകളോട് ആജ്ഞാപിക്കാമോ? ഹൃദയത്തിൽ ജ്ഞാനവും മനസ്സിൽ വിവേകവും നിക്ഷേപിച്ചതാര്? പൂഴി കട്ടിയായിത്തീരാനും മൺകട്ടകൾ ഒന്നോടൊന്ന് ഒട്ടിച്ചേരാനും തക്കവിധം ആകാശത്തിലെ ജലസംഭരണിയെ ചെരിക്കാൻ ആർക്കു കഴിയും? ജ്ഞാനത്താൽ മേഘങ്ങളെ എണ്ണാനും ആർക്കു കഴിയും?