JOBA 37
37
1ഈ ഇടിമുഴക്കം എന്റെ ഹൃദയത്തെ വിറപ്പിക്കുന്നു.
സ്വസ്ഥാനത്തുനിന്ന് അത് ഇളകിപ്പോകുന്നു.
2അവിടുത്തെ ഇടിനാദംപോലുള്ള ശബ്ദവും അതിന്റെ മുഴക്കവും കേൾക്കുക.
3മിന്നൽപ്പിണരിനോടൊപ്പം അത് ആകാശത്തിലെങ്ങും വ്യാപിക്കുന്നു.
അത് ഭൂമിയുടെ എല്ലാ കോണുകളിലും എത്തുന്നു.
4അതിനുശേഷം അവിടുത്തെ ഗർജനശബ്ദം മുഴങ്ങുന്നു.
അവിടുന്നു തന്റെ ഗംഭീരശബ്ദംകൊണ്ട് ഇടി മുഴക്കുന്നു.
തന്റെ ശബ്ദം മുഴങ്ങുമ്പോഴും മിന്നലിനെ അവിടുന്നു തടഞ്ഞു നിർത്തുന്നില്ല.
5ദൈവം തന്റെ ഗംഭീരശബ്ദം അദ്ഭുതകരമായി മുഴക്കുന്നു.
നമുക്കു ഗ്രഹിക്കാൻ കഴിയാത്ത മഹാകാര്യങ്ങൾ അവിടുന്നു ചെയ്യുന്നു.
6ഹിമത്തോട് ഭൂമിയുടെമേൽ പതിക്കുക എന്നും
മഴയോടും പെരുമഴയോടും ഉഗ്രമായി വർഷിക്കുക എന്നും ആജ്ഞാപിക്കുന്നു.
7സർവമനുഷ്യരും അവിടുത്തെ പ്രവൃത്തി അറിയാൻ
അവിടുന്ന് എല്ലാവരുടെയും പ്രയത്നങ്ങൾക്കു മുദ്രവയ്‍ക്കുന്നു.
8വന്യമൃഗങ്ങൾ തങ്ങളുടെ മടയിലൊളിച്ച് അവിടെത്തന്നെ കഴിച്ചുകൂട്ടുന്നു.
9ചുഴലിക്കാറ്റ് തന്റെ അറയിൽനിന്നു പുറപ്പെടുന്നു.
വീശിയടിക്കുന്ന കാറ്റിൽനിന്ന് ശൈത്യം വരുന്നു.
10ദൈവത്തിന്റെ ശ്വാസംകൊണ്ട് മഞ്ഞുകട്ട ഉണ്ടാകുന്നു.
സമുദ്രം ശീഘ്രം ഉറഞ്ഞു കട്ടിയാകുന്നു.
11കനത്ത കാർമേഘങ്ങളെ അവിടുന്നു ജലസാന്ദ്രമാക്കുന്നു.
അവയിലൂടെ അവിടുന്നു മിന്നൽപ്പിണരുകൾ ചിതറിക്കുന്നു.
12ഭൂമിയുടെ ഉപരിതലത്തിൽ ജനവാസമുള്ളിടത്തെല്ലാം
അവിടുത്തെ കല്പനയനുസരിച്ചു പ്രവർത്തിക്കാൻവേണ്ടി അവ ചുറ്റിത്തിരിയുന്നു.
13മനുഷ്യന്റെ തെറ്റു തിരുത്താനോ കൃഷിഭൂമിയെ നനയ്‍ക്കാനോ
സ്നേഹം പ്രകടിപ്പിക്കാനോവേണ്ടി അവിടുന്നു മഴ അയയ്‍ക്കുന്നു.
14ഇയ്യോബേ, ഇതു ശ്രദ്ധിക്കുക.
ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികളെക്കുറിച്ചു ചിന്തിക്കുക.
15ദൈവം മേഘങ്ങളെ നിയന്ത്രിക്കുന്നതും
മിന്നൽപ്പിണരുകളെ പ്രകാശിപ്പിക്കുന്നതും എങ്ങനെയെന്നു താങ്കൾക്ക് അറിയാമോ?
16ജ്ഞാനസമ്പൂർണനായ ദൈവത്തിന്റെ അദ്ഭുതശക്തിയാലാണ് മേഘങ്ങൾ,
ആകാശത്തിൽ തങ്ങിനില്‌ക്കുന്നതെന്ന് താങ്കൾക്ക് അറിയാമോ?
17തെക്കൻകാറ്റേറ്റ് ഭൂമി മരവിച്ചുനില്‌ക്കേ താങ്കളുടെ വസ്ത്രം ചൂടുപിടിക്കുന്നതെങ്ങനെ?
18ഓട്ടുകണ്ണാടിപോലെ ദൃഢമായി,
ആകാശത്തെ ദൈവം വിരിച്ചിരിക്കുന്നതുപോലെ,
താങ്കൾക്കു ചെയ്യാൻ കഴിയുമോ?
19ദൈവത്തോട് എന്തു പറയണമെന്നു ഞങ്ങളെ പ്രബോധിപ്പിക്കുക;
മനസ്സിന്റെ അന്ധതകൊണ്ട് ആവലാതിപ്പെടേണ്ടതെങ്ങനെയെന്നു ഞങ്ങൾക്കറിഞ്ഞുകൂടാ.
20ദൈവത്തോടു സംസാരിക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയോ?
നാശത്തിന് ഇരയാകാൻ ആരെങ്കിലും ആഗ്രഹിക്കുമോ?
21കാറ്റടിച്ചു കാറൊഴിഞ്ഞ ആകാശത്തു ജ്വലിക്കുന്ന സൂര്യനെ നോക്കാൻ ആർക്കും കഴിയുകയില്ല.
22വടക്കുനിന്നു കനകപ്രഭ വരുന്നു;
ദൈവം ഉഗ്രതേജസ്സ് അണിഞ്ഞിരിക്കുന്നു.
23സർവശക്തൻ നമുക്ക് അപ്രാപ്യനാണ്;
അവിടുന്നു ശക്തിയിലും നീതിയിലും മഹത്ത്വമേറിയവൻ;
ഉദാത്തമായ നീതിയെ അവിടുന്നു ലംഘിക്കുകയില്ല.
24അതുകൊണ്ടു മനുഷ്യർ ദൈവത്തെ ഭയപ്പെടുന്നു;
ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവിടുന്നു ഗൗനിക്കുന്നില്ല.
Currently Selected:
JOBA 37: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.