YouVersion Logo
Search Icon

JOBA 33

33
1ഇയ്യോബേ, ഞാൻ പറയുന്നതു കേട്ടുകൊള്ളുക;
എന്റെ വാക്കുകൾ ശ്രദ്ധിക്കുക.
2ഇതാ, ഞാൻ വായ് തുറക്കുന്നു;
താങ്കളോടു സംസാരിക്കാൻ തുടങ്ങുന്നു.
3എന്റെ ഹൃദയപരമാർഥത എന്റെ വാക്കുകൾ വെളിവാക്കുന്നു.
മനസ്സിലുള്ളതു ഞാൻ തുറന്നു പറയുകയാണ്.
4ദൈവാത്മാവ് എന്നെ സൃഷ്‍ടിച്ചു;
സർവശക്തന്റെ ശ്വാസം എനിക്കു ജീവൻ നല്‌കി.
5കഴിയുമെങ്കിൽ എനിക്ക് ഉത്തരം നല്‌കുക.
വാദമുഖങ്ങൾ നിരത്തി എന്നെ നേരിടുക.
6ദൈവമുമ്പാകെ ഞാനും താങ്കളെപ്പോലെ തന്നെ
എന്നെയും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്നു.
7എന്നെക്കുറിച്ചു താങ്കൾ ഭയപ്പെടേണ്ടതില്ല.
ഞാൻ താങ്കളിൽ ദുർവഹമായ സമ്മർദം ചെലുത്തുകയില്ല.
8അങ്ങു സംസാരിച്ചതു ഞാൻ കേട്ടു.
അങ്ങു പറഞ്ഞതു ഞാൻ ശ്രദ്ധിച്ചു.
9താങ്കൾ പറയുന്നു: ‘ഞാൻ നിർമ്മലൻ;
അതിക്രമമൊന്നും ചെയ്തിട്ടില്ല,
ഞാൻ നിരപരാധി; എന്നിൽ അകൃത്യമില്ല.
10എന്നിട്ടും ദൈവം എനിക്കെതിരെ അവസരങ്ങൾ ഉണ്ടാക്കി.
എന്നെ അവിടുത്തെ ശത്രുവായി ഗണിക്കുന്നു
11എന്റെ കാലുകളെ അവിടുന്ന് ആമത്തിലിടുന്നു.
എന്റെ പ്രവൃത്തികളെല്ലാം അവിടുന്ന് നിരീക്ഷിക്കുന്നു.’
12താങ്കൾ ഈ പറഞ്ഞതൊന്നും ശരിയല്ല;
ഞാൻ മറുപടി പറയാം.
ദൈവം മനുഷ്യനെക്കാൾ വലിയവനാണ്.
13‘അവിടുന്ന് എന്റെ വാക്കുകൾക്ക് ഒന്നിനും മറുപടി തരുന്നില്ല.’
എന്നു പറഞ്ഞുകൊണ്ട് എന്തിനു ദൈവത്തോടു വാദിക്കുന്നു?
14ദൈവം പലപല വഴികളിൽ സംസാരിക്കുന്നെങ്കിലും,
മനുഷ്യൻ ഗ്രഹിക്കുന്നില്ല.
15മനുഷ്യൻ നിദ്രയിൽ അമരുമ്പോൾ,
അവൻ തന്റെ കിടക്കയിൽ മയങ്ങുമ്പോൾ സ്വപ്നത്തിൽ, നിശാദർശനത്തിൽ,
16അവിടുന്ന് അവന്റെ കാതുകൾ തുറന്നു താക്കീതുകൾ കൊണ്ട് അവനെ ഭയചകിതനാക്കുന്നു.
17മനുഷ്യൻ ദുഷ്കർമത്തിൽനിന്ന് പിൻതിരിയാനും ഗർവം കൈവെടിയാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
18പാതാളത്തിൽനിന്ന് അവന്റെ ആത്മാവിനെയും വാളിൽനിന്ന് അവന്റെ ജീവനെയും അവിടുന്നു രക്ഷിക്കുന്നു.
19മനുഷ്യനെ അവന്റെ രോഗശയ്യയിൽ വേദനകൊണ്ടും നിരന്തരമായ അസ്ഥികടച്ചിൽ കൊണ്ടും ശിക്ഷണം നല്‌കുന്നു.
20അങ്ങനെ അവനു ഭക്ഷണത്തോടും സ്വാദിഷ്ഠമായ വിഭവങ്ങളോടും വെറുപ്പു തോന്നുന്നു.
21അവന്റെ ശരീരം ക്ഷയിച്ച് അസ്ഥികൾ ഉന്തിവരുന്നു.
22അവന്റെ പ്രാണൻ പാതാളത്തെയും ജീവൻ മരണദൂതന്മാരെയും സമീപിച്ചിരിക്കുന്നു.
23ദൈവത്തിന്റെ ആയിരക്കണക്കിന്
ദൂതന്മാരിൽ ഒരാൾ മനുഷ്യനു മധ്യസ്ഥനായി,
അവനു ധർമം ഉപദേശിക്കാൻ ഉണ്ടായിരുന്നെങ്കിൽ,
24ആ ദൂതൻ അവനോടു കരുണ തോന്നി അവിടുത്തോടു പറയുമായിരുന്നു.
“പാതാളത്തിൽ പതിക്കാത്തവിധം ഇവനെ രക്ഷിക്കണേ,
ഇവനുവേണ്ടിയുള്ള മോചനദ്രവ്യം ഞാൻ കണ്ടിരിക്കുന്നു;”
25അങ്ങനെ അവനു യുവചൈതന്യം തിരിച്ചുകിട്ടട്ടെ.
യൗവനകാലത്തെക്കാൾ അധികം പുഷ്‍ടി ഉണ്ടാകട്ടെ.
26അപ്പോൾ ആ മനുഷ്യൻ ദൈവത്തോടു പ്രാർഥിക്കുകയും
അവിടുന്ന് അവനെ സ്വീകരിക്കുകയും ചെയ്യും.
അവൻ ആനന്ദത്തോടെ തിരുസന്നിധിയിൽ വരും.
അവൻ തന്റെ രക്ഷയെക്കുറിച്ച് മനുഷ്യരോട് ആവർത്തിച്ചു പറയും.
27മനുഷ്യരുടെ മുമ്പിൽ അവർ ഇങ്ങനെ പാടി ഘോഷിക്കും.
‘ഞാൻ പാപം ചെയ്തു; നീതിയെ തകിടം മറിച്ചു.
എന്നാൽ ദൈവം അതിന് എന്നെ ശിക്ഷിച്ചില്ല.
28ഞാൻ പാതാളത്തിലേക്കിറങ്ങാതെ അവിടുന്ന് എന്നെ രക്ഷിച്ചു;
ഞാൻ ജീവന്റെ പ്രകാശം കാണും.
29ഇതാ ദൈവം വീണ്ടും വീണ്ടും ഇപ്രകാരം മനുഷ്യനോടു ചെയ്യുന്നു.’
30അവനെ പാതാളത്തിൽനിന്നു രക്ഷിക്കുന്നതിനും
അവൻ ജീവന്റെ പ്രകാശം കാണുന്നതിനും തന്നെ.
31ഇയ്യോബേ, ഞാൻ പറയുന്നതു സശ്രദ്ധം കേൾക്കുക.
മിണ്ടാതിരിക്കൂ; ഞാൻ സംസാരിക്കാം.
32താങ്കൾക്ക് എന്തെങ്കിലും മറുപടി പറയാനുണ്ടെങ്കിൽ പറയാം;
സംസാരിക്കുക; താങ്കൾ നിഷ്കളങ്കനെന്നു സമർഥിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
33താങ്കൾക്ക് ഒന്നും പറയാനില്ലെങ്കിൽ ഞാൻ പറയുന്നതു കേൾക്കുക;
മിണ്ടാതിരിക്കുക; ഞാൻ താങ്കൾക്ക് ജ്ഞാനം ഉപദേശിച്ചുതരാം.”

Currently Selected:

JOBA 33: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in