YouVersion Logo
Search Icon

JOBA 3

3
ഇയ്യോബിന്റെ പരാതി
1-2പിന്നീട് ഇയ്യോബ് സംസാരിച്ചു. താൻ ജനിച്ച ദിവസത്തെ ശപിച്ചുകൊണ്ട് പറഞ്ഞു:
3“ഞാൻ ജനിച്ച ദിവസവും
ഒരു പുരുഷപ്രജ ഉരുവായെന്നു പറഞ്ഞ രാത്രിയും ശപിക്കപ്പെടട്ടെ.
4ആ ദിവസം ഇരുണ്ടുപോകട്ടെ!
ദൈവം അതിനെ ഓർക്കാതിരിക്കട്ടെ!
പ്രകാശം അതിന്മേൽ ചൊരിയാതിരിക്കട്ടെ!
5ഇരുട്ട്-കൂരിരുട്ട് തന്നെ-അതിനെ വിഴുങ്ങട്ടെ!
കാർമേഘങ്ങൾ അതിനെ ആവരണം ചെയ്യട്ടെ!
പകലിനെ ഗ്രസിക്കുന്ന അന്ധകാരം അതിനെ മൂടട്ടെ.
6വർഷത്തിലെ ദിനങ്ങൾ എണ്ണുമ്പോൾ ആ ദിനം ഗണിക്കപ്പെടാതെ പോകട്ടെ.
മാസത്തിന്റെ ദിനങ്ങൾ കണക്കാക്കുമ്പോൾ അത് ഉൾപ്പെടാതിരിക്കട്ടെ.
7ആ രാത്രി വന്ധ്യമായിരിക്കട്ടെ;
അതിൽ ഉല്ലാസഘോഷം ഉണ്ടാകാതിരിക്കട്ടെ.
8ലിവ്യാഥാനെ ഇളക്കിവിടാൻ കഴിവുള്ളവർ അതിനെ ശപിക്കട്ടെ.
9അതിന്റെ പ്രഭാതനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ.
പ്രകാശത്തിനുവേണ്ടിയുള്ള അതിന്റെ ആഗ്രഹം വിഫലമാകട്ടെ;
പുലരൊളി കാണാൻ അതിന് ഇടവരാതിരിക്കട്ടെ.
10എന്റെ മാതാവിന്റെ ഉദരകവാടം അത് അടച്ചില്ല;
എന്റെ കണ്ണിൽനിന്നു കഷ്ടതകൾ മറച്ചുകളഞ്ഞില്ല.
11ഗർഭത്തിൽവച്ചുതന്നെ ഞാൻ മരിക്കാഞ്ഞതെന്ത്?
പിറന്നമാത്രയിൽ എന്റെ ജീവിതം അവസാനിക്കാഞ്ഞതെന്ത്?
12എന്റെ അമ്മ എന്തിന് എന്നെ മടിയിൽ കിടത്തി ഓമനിച്ചു?
എന്തിനെന്നെ പാലൂട്ടി വളർത്തി?
13അല്ലായിരുന്നെങ്കിൽ ഞാൻ മരിച്ചു വിശ്രാന്തി പ്രാപിക്കുമായിരുന്നു.
14തങ്ങൾക്കുവേണ്ടി ശൂന്യാവശിഷ്ടങ്ങൾ
വീണ്ടും നിർമ്മിച്ച ഭൂപതികളോടും മന്ത്രിമാരോടുംകൂടി
15സ്വർണവും വെള്ളിയുംകൊണ്ടു ഭവനങ്ങൾ നിറച്ച പ്രഭുക്കന്മാരോടുംകൂടി
ഞാൻ നിദ്ര പൂകുമായിരുന്നു.
16മണ്ണിൽ മറവു ചെയ്യപ്പെട്ട ചാപിള്ളയെപ്പോലെ വെളിച്ചം കാണാത്ത ശിശുവിനെപ്പോലെ
എന്റെ ജീവിതം അവസാനിക്കാഞ്ഞതെന്ത്?
17അവിടെ ദുഷ്ടന്മാർ എന്നെ ദ്രോഹിക്കുകയില്ല;
അവിടെയാണു ബലംക്ഷയിച്ചവരുടെ വിശ്രമസ്ഥാനം.
18അവിടെ തടവുകാർ ഒരുമിച്ചു സ്വസ്ഥമായി കഴിയുന്നു;
പീഡകന്റെ സ്വരം അവർ കേൾക്കുന്നില്ല.
19ചെറിയവനും വലിയവനും അവിടെ ഉണ്ട്;
അവിടെ അടിമ യജമാനനിൽനിന്നു സ്വതന്ത്രനാണ്.
20ദുരിതം അനുഭവിക്കുന്നവനു പ്രകാശവും
കഠിനവ്യഥ അനുഭവിക്കുന്നവനു ജീവനും എന്തിനു നല്‌കുന്നു?
21അവൻ മരണം കാത്തിരിക്കുന്നു അതു വന്നെത്തുന്നില്ല;
നിധി തിരയുന്നതിലും അധികം ശ്രദ്ധയോടെ അവർ അതിനുവേണ്ടി യത്നിക്കുന്നു.
22ശവക്കുഴി പ്രാപിക്കുമ്പോൾ അവർ അത്യധികം ആഹ്ലാദിക്കും.
23വഴി കാണാത്തവന്, ദൈവം വഴിയടച്ചിരിക്കുന്നവന്,
പ്രകാശം കൊടുക്കുന്നതെന്തിന്?
24നെടുവീർപ്പാണ് എന്റെ ആഹാരം
എന്റെ ഞരക്കങ്ങൾ അരുവിപോലെ ഒഴുകുന്നു.
25ഞാൻ ഭയപ്പെടുന്നതുതന്നെ എനിക്കു നേരിടുന്നു.
എന്നെ നടുക്കിയിരുന്നതുതന്നെ എനിക്കു ഭവിക്കുന്നു.
26എനിക്കു ശാന്തിയില്ല, സ്വസ്ഥതയില്ല, വിശ്രമമില്ല;
എന്റെ കഷ്ടതയ്‍ക്ക് ഒരറുതിയുമില്ല.”

Currently Selected:

JOBA 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in