JOBA 24
24
1സർവശക്തൻ ന്യായവിധിയുടെ സമയം നിശ്ചയിക്കാത്തതെന്ത്?
അവിടുത്തെ ഭക്തന്മാർ ന്യായവിസ്താര ദിവസങ്ങൾ അറിയാതിരിക്കുന്നതെന്ത്?
2മനുഷ്യർ അതിർത്തിക്കല്ലുകൾ മാറ്റുന്നു
ആട്ടിൻപറ്റത്തെ കവർന്നുകൊണ്ടുപോയി മേയ്ക്കുന്നു;
3അവർ അനാഥരുടെ കഴുതകളെ അപഹരിക്കുന്നു.
വിധവയുടെ കാളയെ പണയം വാങ്ങുന്നു.
4അവർ പട്ടിണിപ്പാവങ്ങളെ വഴിയിൽനിന്നു തള്ളിനീക്കുന്നു.
പാവങ്ങൾ പേടിച്ചൊളിക്കുന്നു.
5കാട്ടുകഴുതകൾ മരുഭൂമിയിൽ അലയുന്നതു പോലെ
ദരിദ്രർ സ്വന്തം കുഞ്ഞുങ്ങളെ പോറ്റാൻ ജോലി തേടി അലയുന്നു.
6അവർ വയലിൽനിന്നു വൈക്കോൽ ശേഖരിക്കുന്നു;
ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ അവർ കാലാ പെറുക്കുന്നു;
7അവർ രാത്രി മുഴുവൻ വസ്ത്രമില്ലാതെ കിടക്കുന്നു.
തണുപ്പിൽ പുതയ്ക്കാൻ അവർക്കൊന്നുമില്ല.
8പർവതങ്ങളിൽ പെയ്യുന്ന മഴ അവരെ നനയ്ക്കുന്നു.
കൂരയില്ലായ്കയാൽ അവർ പാറക്കെട്ടുകളിൽ അഭയം തേടുന്നു.
9അനാഥശിശുക്കളെ അമ്മയുടെ മാറിൽനിന്നു ചിലർ തട്ടിക്കൊണ്ടു പോകുകയും
പാവപ്പെട്ടവരുടെ കുഞ്ഞുങ്ങളെ പണയം വാങ്ങുകയും ചെയ്യുന്നു.
10ആ പാവങ്ങൾ വസ്ത്രമില്ലാതെ നഗ്നരായി നടക്കുന്നു;
വിശന്നു പൊരിഞ്ഞ് കറ്റ ചുമക്കുന്നു.
11ദുഷ്ടരുടെ ഒലിവുമരങ്ങൾക്കിടയിൽ, അവർ എണ്ണയാട്ടുന്നു.
മുന്തിരിച്ചക്കുകളിൽ പണിയെടുക്കുന്നു.
എന്നിട്ടും അവർക്കു ദാഹം തീർക്കാൻ വഴിയില്ല.
12മരണാസന്നരുടെ ഞരക്കങ്ങൾ നഗരത്തിൽ നിന്ന് ഉയരുന്നു;
മുറിവേറ്റവർ സഹായത്തിനു വിളിക്കുന്നു;
എന്നിട്ടും ദൈവം അവരുടെ പ്രാർഥന ശ്രദ്ധിക്കുന്നില്ല.
13വെളിച്ചത്തോടാണു ചിലരുടെ മത്സരം.
അവർക്കു വെളിച്ചത്തിന്റെ വഴി അജ്ഞാതമാണ്;
അതിലെയല്ല അവർ സഞ്ചരിക്കുന്നത്;
14കൊലപാതകി പുലരും മുൻപേ എഴുന്നേറ്റു
ദരിദ്രനെയും എളിയവനെയും കൊന്നൊടുക്കുന്നു;
രാത്രിയിൽ അവൻ മോഷ്ടിക്കുന്നു.
15വ്യഭിചാരി ഇരുട്ടു വരാൻ കാത്തിരിക്കുന്നു;
സന്ധ്യയായാൽ തന്നെ ആരും കാണാതിരിക്കാൻ മുഖം മറച്ചു നടക്കുന്നു.
16ചിലർ രാത്രിയിൽ ഭവനഭേദനം നടത്തുന്നു;
പകൽ അവർ വാതിലടച്ച് ഒളിച്ചു പാർക്കുന്നു;
അവർ വെളിച്ചത്ത് ഇറങ്ങുന്നില്ല.
17കൂരിരുട്ട് അവർക്കു പുലർകാലമാകുന്നു.
അന്ധകാരത്തിന്റെ ഭീകരതയുമായി അവർ ചങ്ങാത്തം കൂടുന്നു.
18നിങ്ങൾ പറയുന്നു:
ജലം അവരെ അതിവേഗം ഒഴുക്കിക്കളയുന്നു.
അവരുടെ ഭൂമിയിലെ ഓഹരി ശപിക്കപ്പെട്ടത്;
അവരുടെ മുന്തിരിത്തോട്ടത്തിലേക്ക് ഇനി ആരും പോകുകയില്ല;
19ചൂടിലും വരൾച്ചയിലും ഹിമജലം എന്നപോലെ
പാതാളത്തിൽ പാപി അപ്രത്യക്ഷമാകുന്നു.
20പെറ്റമ്മപോലും, അവനെ ഓർമിക്കുകയില്ല.
അവൻ കൃമിക്ക് ഇരയാകും.
അങ്ങനെ ദുഷ്ടത വൃക്ഷംപോലെ തകർക്കപ്പെടും.
21അവർ വന്ധ്യയോട് അനീതി കാട്ടുന്നു.
വിധവയ്ക്കു നന്മ ചെയ്യുന്നതുമില്ല.
22എന്നിട്ടും ദൈവം തന്റെ ശക്തിയാൽ ഈ കരുത്തരുടെ ആയുസ്സു വർധിപ്പിക്കുന്നു.
ജീവിതത്തെക്കുറിച്ച് നിരാശ തോന്നുമ്പോൾ, അവർ ഉണർന്നെഴുന്നേല്ക്കുന്നു.
23ദൈവം അവർക്കു സുരക്ഷിതത്വം നല്കുന്നു;
അവർ ഉറച്ചു നില്ക്കുന്നു.
അവിടുത്തെ ദൃഷ്ടി അവരുടെ വഴികളിലുണ്ട്;
24അല്പകാലത്തേക്ക് അവർക്ക് ഉയർച്ചയുണ്ടാകും.
പിന്നെ അവർ അപ്രത്യക്ഷരാകും.
കളപോലെ അവർ ഉണങ്ങിപ്പോകുന്നു;
കതിർക്കുലയെന്നപോലെ അവർ കൊയ്തെടുക്കപ്പെടുന്നു.
25ഇതു ശരിയല്ലേ? അല്ലെങ്കിൽ ഞാൻ നുണയനെന്നും
എന്റെ വാക്കു പൊളിവചനമെന്നും ആരൂണ്ട് തെളിയിക്കാൻ?”
Currently Selected:
JOBA 24: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.