JOBA 21
21
ഇയ്യോബിന്റെ മറുപടി
1അപ്പോൾ ഇയ്യോബ് പറഞ്ഞു:
2“ഞാൻ പറയുന്നതു ശ്രദ്ധിച്ചു കേൾക്കുക;
അതായിരിക്കട്ടെ നിങ്ങൾ എനിക്കു നല്‌കുന്ന സാന്ത്വനം.
3ക്ഷമയോടെ കേൾക്കുക; ഞാൻ പറയട്ടെ, പിന്നെ എന്നെ പരിഹസിച്ചുകൊള്ളൂ.
4മനുഷ്യനെതിരെയാണോ എന്റെ പരാതി?
ഞാൻ എങ്ങനെ അക്ഷമനാകാതിരിക്കും?
5എന്റെ നേരേ നോക്കി ഭയപരവശരാകുവിൻ;
വായ് പൊത്തുവിൻ.
6ഓർത്തുനോക്കുമ്പോൾ ഉൽക്കടമായ സംഭ്രമമുണ്ടാകുന്നു;
എന്റെ ദേഹം വിറയ്‍ക്കുന്നു.
7ദുർജനം ദീർഘകാലം ജീവിക്കുന്നത് എന്തുകൊണ്ട്?
അവരുടെ ആയുസ്സ് വാർധക്യത്തോളം നീളുകയും,
അവർ ശക്തിപ്രാപിക്കുകയും ചെയ്യുന്നതെന്ത്?
8അവരുടെ സന്തതിപരമ്പരകൾ അഭിവൃദ്ധിപ്പെടുന്നത് അവർ കാണുന്നു.
9അവരുടെ ഭവനങ്ങളെ ഭയം ബാധിക്കുന്നില്ല.
ദൈവത്തിന്റെ ശിക്ഷാദണ്ഡ് അവരുടെമേൽ നിപതിക്കുന്നില്ല.
10അവരുടെ കാളകൾ ഇണചേരുന്നു;
ഒന്നും നിഷ്ഫലമാകുന്നില്ല;
അവരുടെ പശുക്കൾ പ്രസവിക്കുന്നു;
അവയുടെ ഗർഭം അലസുന്നില്ല.
11അവരുടെ കുഞ്ഞുങ്ങൾ ആട്ടിൻപറ്റത്തെ പോലെ പെരുകുന്നു.
അവർ ഉല്ലാസനൃത്തം ചെയ്യുന്നു.
12അവർ തപ്പു കൊട്ടിയും കിന്നരം മീട്ടിയും പാടുന്നു;
കുഴലിന്റെ നാദധാരയിൽ ആനന്ദിക്കുന്നു.
13അവർ ഐശ്വര്യസമൃദ്ധിയിൽ ആയുഷ്കാലം കഴിക്കുന്നു,
സമാധാനത്തോടെ അവർ ശവക്കുഴിയിലിറങ്ങുന്നു.
14അവർ ദൈവത്തോടു പറയുന്നു; അകന്നുപോവുക.
അവിടുത്തെ വഴികൾ ഞങ്ങൾക്ക് അറിയേണ്ടതില്ല.
15ഞങ്ങൾ സേവിക്കാൻ ആരാണീ സർവശക്തൻ?
ദൈവത്തോടു പ്രാർഥിച്ചിട്ട് ഞങ്ങൾക്ക് എന്തു കിട്ടാനാണ്?’
16ഇതാ, അവരുടെ ഐശ്വര്യം അവർക്കധീനം തന്നെയല്ലേ?
എന്നാൽ ദുഷ്ടന്മാരുടെ ഉപദേശം എനിക്കാവശ്യമില്ല.
17ദുഷ്ടന്മാരുടെ വിളക്ക് എത്രയോ തവണ കെട്ടുപോയിരിക്കുന്നു.
വിപത്തുകൾ അവരുടെമേൽ വന്നിട്ടില്ലേ?
ദൈവം തന്റെ കോപത്തിൽ അവരുടെമേൽ കഷ്ടത അയച്ചിട്ടില്ലേ?
18അവർ കാറ്റിൽപ്പെട്ട വൈക്കോൽപോലെയും
കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും അല്ലേ?
19പിതാക്കളുടെ അപരാധം അവരുടെ മക്കൾക്കായി
ദൈവം കരുതിവയ്‍ക്കുന്നു എന്നു നിങ്ങൾ പറയുന്നു.
അപരാധികളെത്തന്നെ ദൈവം ശിക്ഷിക്കട്ടെ.
അർഹിക്കുന്ന പ്രതിഫലം ദൈവം നല്‌കുന്നു എന്ന് അവർ അറിയട്ടെ
20തങ്ങളുടെ നാശം സ്വന്തം കണ്ണുകൾകൊണ്ടു തന്നെ അവർ കാണട്ടെ.
സർവശക്തന്റെ ക്രോധത്തിന്റെ പാനപാത്രം അവർ കുടിക്കട്ടെ.
21ആയുസ്സൊടുങ്ങിയാൽ പിന്നെ തങ്ങളുടെ കുടുംബത്തെക്കുറിച്ച് അവർക്ക് എന്ത് ആകുലത?
22ഉന്നതന്മാരെപ്പോലും വിധിക്കുന്ന ദൈവത്തിന് അവർ ജ്ഞാനം ഉപദേശിച്ചുകൊടുക്കുമോ?
23സമൃദ്ധിയുടെ മധ്യത്തിൽ സ്വസ്ഥനും സുരക്ഷിതനും ആയിരിക്കെ ഒരുവൻ മരിക്കുന്നു.
24അവന്റെ ശരീരത്തിൽ മേദസ്സു മുറ്റിയിരിക്കുന്നു;
അവന്റെ അസ്ഥികളിലെ മജ്ജ വരണ്ടിട്ടില്ല.
25മറ്റൊരാൾ ഉൽക്കടമായ വേദനയോടെ മരിക്കുന്നു.
അയാൾ സുഖമെന്തെന്ന് അറിഞ്ഞിട്ടേയില്ല.
26എന്നാൽ അവർ ഇരുവരും ഒന്നുപോലെ പൂഴിയിൽ അമരുന്നു.
പുഴുക്കൾ അവരെ പൊതിയുന്നു.
27നിങ്ങളുടെ ആലോചനകളും എന്നെ തെറ്റിൽ ചാടിക്കാനുള്ള ഉപായങ്ങളും എനിക്ക് അറിയാം.
28ആ പ്രഭുവിന്റെ ഭവനം എവിടെ?
ദുഷ്ടൻ വസിച്ചിരുന്ന കൂടാരം എവിടെ എന്നു നിങ്ങൾ ചോദിക്കുന്നു.
29-30വഴിപോക്കരോടു നിങ്ങൾ ചോദിച്ചിട്ടില്ലേ?
വിനാശത്തിന്റെ നാളിൽ ദുഷ്ടൻ ഒഴിവാക്കപ്പെടുന്നു എന്നും ക്രോധദിവസത്തിൽ അവർ സംരക്ഷിക്കപ്പെടുന്നു
എന്നുമുള്ള അവരുടെ സാക്ഷ്യം നിങ്ങൾക്കു സ്വീകാര്യമല്ലേ?
31അവന്റെ മാർഗങ്ങളെ അവന്റെ മുഖത്തു നോക്കി ആർ കുറ്റപ്പെടുത്തും?
അവന്റെ പ്രവൃത്തികൾക്ക് ആർ പകരം ചോദിക്കും?
32അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുകയും
ശവകുടീരത്തിനു കാവൽ ഏർപ്പെടുത്തുകയും ചെയ്യുന്നു.
33താഴ്‌വരയിലെ മണ്ണ് അവനോടു മധുരമായി പെരുമാറും;
എല്ലാവരും അവനെ അനുഗമിക്കുന്നു.
അവന്റെ മുൻഗാമികളും അസംഖ്യമാണ്.
34പിന്നെ എങ്ങനെ നിങ്ങൾ എന്നെ പാഴ്‌വാക്കുകളാൽ ആശ്വസിപ്പിക്കും.
നിങ്ങളുടെ മറുപടി കാപട്യത്തിൽ കുറഞ്ഞൊന്നുമല്ല.”
Currently Selected:
JOBA 21: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.