JOBA 2:1-10
JOBA 2:1-10 MALCLBSI
പതിവുപോലെ മറ്റൊരു ദിവസം മാലാഖമാർ സർവേശ്വരന്റെ സന്നിധിയിലെത്തി. സാത്താനും അവരോടൊപ്പം അവിടെ എത്തി. സർവേശ്വരൻ സാത്താനോടു ചോദിച്ചു: “നീ എവിടെനിന്നു വരുന്നു?” “ഭൂമിയിലെല്ലാം ചുറ്റി സഞ്ചരിച്ചശേഷം വരികയാണ്” സാത്താൻ മറുപടി പറഞ്ഞു. സർവേശ്വരൻ അരുളിച്ചെയ്തു: “എന്റെ ദാസനായ ഇയ്യോബിന്റെമേൽ നീ കണ്ണു വച്ചിരിക്കുന്നുവോ? ഭൂമിയിൽ അവനെപ്പോലെ നിഷ്കളങ്കനും നീതിനിഷ്ഠനും ദൈവഭക്തനും തിന്മ തീണ്ടാത്തവനുമായി ആരുമില്ല. അവനെ അകാരണമായി നശിപ്പിക്കാൻ നീ എന്റെ സമ്മതം വാങ്ങി. എങ്കിലും അവൻ ഇപ്പോഴും ഭക്തിയിൽ ഉറച്ചുനില്‌ക്കുന്നു.” സാത്താൻ സർവേശ്വരനോടു പറഞ്ഞു: “ത്വക്കിനു പകരം ത്വക്ക്! മനുഷ്യൻ സ്വജീവനുവേണ്ടി തനിക്കുള്ളതെല്ലാം ഉപേക്ഷിക്കും. അവിടുന്ന് ഇയ്യോബിനെ ശാരീരികമായി പീഡിപ്പിക്കുമോ? തീർച്ചയായും അയാൾ അവിടുത്തെ മുഖത്തുനോക്കി ദുഷിക്കും.” അപ്പോൾ സർവേശ്വരൻ പറഞ്ഞു: “ശരി, ഇതാ അവനെ നിന്റെ അധികാരത്തിൽ വിട്ടിരിക്കുന്നു. എന്നാൽ അവനു ജീവാപായം വരുത്തരുത്.” അങ്ങനെ സാത്താൻ സർവേശ്വരന്റെ സന്നിധി വിട്ടുപോയി. ഇയ്യോബിന്റെ പാദം മുതൽ ശിരസ്സുവരെ ദേഹം ആസകലം വേദനിപ്പിക്കുന്ന വ്രണംകൊണ്ട് സാത്താൻ അദ്ദേഹത്തെ ദണ്ഡിപ്പിച്ചു. ഇയ്യോബ് ചാരത്തിലിരുന്ന് ഒരു ഓട്ടുകഷണംകൊണ്ട് തന്റെ ശരീരം ചൊറിഞ്ഞുകൊണ്ടിരുന്നു. അപ്പോൾ ഇയ്യോബിന്റെ ഭാര്യ പറഞ്ഞു: “നിങ്ങൾ ഇനിയും ദൈവത്തോടുള്ള ഭക്തിയിൽ ഉറച്ചുനില്‌ക്കുന്നുവോ? ദൈവത്തെ ദുഷിച്ചിട്ടു മരിക്കുക.” അതിന് അദ്ദേഹം ഇങ്ങനെ മറുപടി നല്‌കി. “ഭോഷത്തം പറയുന്നോ? ദൈവത്തിൽനിന്നു നന്മ സ്വീകരിച്ച നാം തിന്മ സ്വീകരിക്കാൻ മടിക്കുകയോ?” ഇത്ര കഷ്ടതകൾ വന്നിട്ടും ഇയ്യോബ് അധരംകൊണ്ടു പാപം ചെയ്തില്ല.