YouVersion Logo
Search Icon

JOBA 15

15
എലീഫസ് വീണ്ടും സംസാരിക്കുന്നു
1അപ്പോൾ തേമാന്യനായ എലീഫസ് പറഞ്ഞു:
2“ജ്ഞാനി പൊള്ളവാക്കു പറയുമോ?
കിഴക്കൻ കാറ്റുകൊണ്ട് അവൻ സ്വയം നിറയ്‍ക്കുമോ?
3വ്യർഥവിവാദത്തിൽ അവൻ ഏർപ്പെടുമോ?
അർഥശൂന്യമായ വാക്കുകൾകൊണ്ടു തർക്കിക്കുമോ?
4നീ ദൈവഭക്തി ഉപേക്ഷിക്കുന്നു.
ദൈവചിന്തപോലും നിന്നിലില്ല.
5അകൃത്യമാണു നിന്റെ അധരങ്ങളെ ഉപദേശിക്കുന്നത്.
വഞ്ചകന്റെ വാക്കുകളാണു നീ തിരഞ്ഞെടുക്കുന്നത്.
6നിന്നെ കുറ്റം വിധിക്കുന്നതു ഞാനല്ല,
നിന്റെ വാക്കുകൾ തന്നെയാണ്.
നിന്റെ ഓരോ വാക്കും നിനക്കെതിരായി സാക്ഷ്യം വഹിക്കുന്നു.
7ആദ്യം ജനിച്ചവൻ നീയാണോ?
പർവതങ്ങൾക്കു മുമ്പേ നീ ജനിച്ചുവോ?
8ദൈവത്തിന്റെ ആലോചനാസഭയിലെ വിചിന്തനങ്ങൾ നീ കേട്ടിട്ടുണ്ടോ?
ജ്ഞാനം നിന്റെ കുത്തകയാണോ?
9ഞങ്ങൾക്കില്ലാത്ത എന്ത് അറിവാണു നിനക്കുള്ളത്?
ഞങ്ങൾക്ക് അജ്ഞാതമായ എന്താണ് നിനക്കറിയാവുന്നത്?
10ഞങ്ങളുടെ ഇടയിൽ തല നരച്ചവരുണ്ട്,
നിന്റെ പിതാവിനെക്കാൾ പ്രായമുള്ള വയോവൃദ്ധന്മാർ
11ദൈവത്തിന്റെ സമാശ്വാസങ്ങൾ നിനക്കു നിസ്സാരമാണോ?
അതു തീരെ സൗമ്യമായിപ്പോയെന്നോ?
12എന്തിനാണു നീ വികാരാധീനനാകുന്നത്?
നിന്റെ കണ്ണുകൾ ജ്വലിക്കുന്നതെന്ത്?
13നീ ദൈവത്തിനു നേരേ കോപിക്കുന്നു;
കോപഭാഷണങ്ങൾ ചൊരിയുന്നു.
14മനുഷ്യനു നിഷ്കളങ്കനാകാൻ കഴിയുമോ?
സ്‍ത്രീയിൽനിന്നു ജനിച്ചവന് നീതിമാനാകാൻ സാധിക്കുമോ?
15ദൈവത്തിനു തന്റെ വിശുദ്ധന്മാരിൽപോലും വിശ്വാസമില്ല;
അവിടുത്തെ ദൃഷ്‍ടിയിൽ സ്വർഗംപോലും നിർമ്മലമല്ല.
16എങ്കിൽ മ്ലേച്ഛനും ദുഷിച്ചവനും, വെള്ളം പോലെ അധർമം കുടിക്കുന്നവനുമായ
മനുഷ്യന്റെ കാര്യം എന്തു പറയാനാണ്?
17ഞാൻ പറയുന്നതു കേൾക്കുക;
ഞാൻ കണ്ടിട്ടുള്ളതു കാണിച്ചുതരാം.
18ജ്ഞാനികൾ പറഞ്ഞിട്ടുള്ളതും അവരുടെ പിതാക്കന്മാർ മറച്ചു വയ്‍ക്കാതിരുന്നിട്ടുള്ളതും
ഞാൻ പ്രസ്താവിക്കാം.
19ദേശം നല്‌കിയത് അവർക്കു മാത്രമായിട്ടാണല്ലോ;
അന്യർ അവരുടെ ഇടയിലൂടെ കടന്നുപോയില്ല.
20നിഷ്ഠുരനായ ദുഷ്ടൻ തന്റെ ആയുസ്സു
പൂർത്തിയാകുന്നതുവരെ വേദനയിൽ പുളയുന്നു.
21ഭീകരശബ്ദങ്ങൾ അവന്റെ ചെവിയിൽ മുഴങ്ങുന്നു.
ഐശ്വര്യകാലത്ത് വിനാശകൻ അവന്റെമേൽ ചാടിവീഴുന്നു.
22അന്ധകാരത്തിൽനിന്നു മടങ്ങിവരാമെന്ന് അവന് ആശയില്ല;
വാളിന് ഇരയാകാൻ അവൻ വിധിക്കപ്പെട്ടിരിക്കുന്നു.
23ആഹാരത്തിനായി അവൻ അലഞ്ഞു നടക്കുന്നു;
‘അത് എവിടെ കിട്ടും’ എന്ന് അവൻ ചോദിക്കും;
അന്ധകാരദിനം ആസന്നമായിരിക്കുന്നു എന്ന് അവനറിയാം.
24കൊടിയ ദുഃഖവും വേദനയും അവനെ സംഭീതനാക്കുന്നു;
പടയ്‍ക്കു പുറപ്പെട്ട രാജാവിനെപ്പോലെ അവ അവനെ കീഴടക്കുന്നു.
25അവൻ ദൈവത്തിന് എതിരായി കൈയുയർത്തി;
സർവശക്തനോടു ധിക്കാരം കാട്ടിയല്ലോ.
26വൻപരിചയുമായി അവൻ ദൈവത്തിനു നേരേ ധിക്കാരത്തോടെ പാഞ്ഞുചെല്ലുന്നു.
27അവൻ മേദസ്സുകൊണ്ടു മുഖംമൂടുന്നു;
അരക്കെട്ടിനു കൊഴുപ്പു കൂട്ടുന്നു.
28അവൻ ശൂന്യനഗരങ്ങളിൽ, ആരും പാർക്കാതെ ഇടിഞ്ഞുപോകേണ്ട വീടുകളിൽ പാർക്കുന്നു.
29അവൻ സമ്പന്നനാകുകയില്ല;
അവന്റെ സമ്പാദ്യം നിലനില്‌ക്കുകയില്ല;
അവൻ ഭൂമിയിൽ വേര് പിടിക്കുകയില്ല;
30അന്ധകാരത്തിൽനിന്ന് അവൻ രക്ഷപെടുകയില്ല;
അഗ്നിജ്വാല അവന്റെ ശാഖകളെ കരിച്ചുകളയും.
അവന്റെ പൂക്കളെ കാറ്റു പറത്തിക്കളയും;
31അവൻ ശൂന്യതയെ ആശ്രയിച്ചു സ്വയം വഞ്ചിക്കാതിരിക്കട്ടെ.
ശൂന്യതയായിരിക്കുമല്ലോ അവന്റെ പ്രതിഫലം;
32ആയുസ്സ് തികയുന്നതിനുമുമ്പ് അവന്റെ
പ്രതിഫലം മുഴുവനായി അളന്നു നല്‌കപ്പെടും.
അവന്റെ ചില്ലകൾ പച്ചപിടിക്കുകയില്ല;
33മുന്തിരിവള്ളിയിൽനിന്നെന്നപോലെ
അവന്റെ പാകമാകാത്ത പഴങ്ങൾ കൊഴിഞ്ഞു വീഴും;
ഒലിവുവൃക്ഷത്തിൽനിന്നെന്നപോലെ പൂക്കൾ കൊഴിഞ്ഞുപോകും.
34അഭക്തന്റെ ഭവനം ശൂന്യമാകും;
കോഴ വാങ്ങുന്നവന്റെ കൂടാരം അഗ്നിക്കിരയാകും.
35അവർ ദ്രോഹത്തെ ഗർഭം ധരിച്ച് തിന്മയെ പ്രസവിക്കുന്നു;
അവരുടെ ഹൃദയം വഞ്ചന ഒരുക്കുന്നു.”

Currently Selected:

JOBA 15: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in