JOBA 14
14
1സ്ത്രീയിൽനിന്നുണ്ടായ മനുഷ്യന്റെ
ആയുസ്സ് ഹ്രസ്വവും ദുരിതപൂർണവും ആകുന്നു.
2അവൻ പൂവുപോലെ വിടരുന്നു; വാടിക്കൊഴിയുന്നു.
ഒരു നിഴൽപോലെ കടന്നുപോകുന്നു.
3അങ്ങനെയുള്ളവന്റെ നേരെയോ അങ്ങു തൃക്കണ്ണു മിഴിക്കുന്നത്?
അവനെയോ തിരുമുമ്പിൽ ന്യായവിസ്താരത്തിനു കൊണ്ടുവരുന്നത്?
4അശുദ്ധമായതിൽനിന്നു ശുദ്ധമായത് നിർമ്മിക്കാൻ ആർക്കും കഴിയുകയില്ല.
5മനുഷ്യന്റെ ദിനങ്ങൾ നിർണയിക്കപ്പെട്ടത്;
അവന്റെ മാസങ്ങളുടെ എണ്ണവും അങ്ങയുടെ പക്കലുണ്ട്.
അവിടുന്ന് അതിനു പരിധി നിർണയിച്ചിരിക്കുന്നു.
അവന് അതു മറികടക്കാൻ കഴിയുകയില്ല.
6അതിനാൽ അവനിൽനിന്നു ദൃഷ്ടി പിൻവലിച്ചാലും, അവനെ വിടുക;
കൂലിക്കാരനെപ്പോലെ അവൻ ആഹ്ലാദിച്ചുകൊള്ളട്ടെ.
7വൃക്ഷത്തിനു പ്രത്യാശയുണ്ട്;
അതു വെട്ടിക്കളഞ്ഞാലും വീണ്ടും പൊട്ടിക്കിളിർക്കും.
അതിനു പുതുനാമ്പുകൾ മുളച്ചുകൊണ്ടേയിരിക്കും.
8അതിന്റെ വേരു മണ്ണിൽ പഴകിയാലും, കുറ്റി ഉണങ്ങിപ്പോയാലും,
9ജലത്തിന്റെ ഗന്ധമേറ്റാൽ അതു പൊട്ടിമുളയ്ക്കും.
ഇളംചെടിപോലെ ശാഖ പുറപ്പെടുവിക്കും.
10എന്നാൽ മനുഷ്യൻ മരിക്കുന്നു;
അതോടെ അവൻ മണ്ണടിയുന്നു.
അന്ത്യശ്വാസം വലിച്ചാൽ പിന്നെ അവൻ എവിടെ?
11തടാകജലം താണുപോകുംപോലെയും
നദീജലം വറ്റി വരണ്ടുപോകുംപോലെയും
12മനുഷ്യൻ മരിക്കുന്നു; പിന്നീട് എഴുന്നേല്ക്കുന്നില്ല.
ആകാശം ഇല്ലാതാകുംവരെ അവൻ ഉണരുന്നില്ല;
അവൻ നിദ്രവിട്ട് എഴുന്നേല്ക്കുന്നില്ല
13നാഥാ, അവിടുന്ന് എന്നെ പാതാളത്തിൽ മറയ്ക്കുകയും,
അവിടുത്തെ ക്രോധം അടങ്ങുവോളം എന്നെ ഒളിച്ചുവയ്ക്കുകയും,
അങ്ങ് നിശ്ചയിക്കുന്ന സമയത്തു വീണ്ടും എന്നെ ഓർക്കുകയും ചെയ്തെങ്കിൽ!
14മനുഷ്യൻ മരിച്ചാൽ ജീവിക്കുമോ?
എങ്കിൽ എനിക്കു മോചനം ലഭിക്കുംവരെ,
എന്റെ ജീവിത പോരാട്ടകാലമെല്ലാം, ഞാൻ കാത്തിരിക്കുമായിരുന്നു.
15അങ്ങ് എന്നെ വിളിക്കും; ഞാൻ വിളികേൾക്കും.
അവിടുത്തെ സൃഷ്ടിയിൽ അങ്ങ് പ്രസാദിക്കും.
16അപ്പോൾ എന്റെ കാൽവയ്പ് ഓരോന്നും അങ്ങ് എണ്ണും;
എന്റെ പാപങ്ങളെ അവിടുന്ന് അവഗണിക്കും.
17എന്റെ അതിക്രമങ്ങൾ അവിടുന്നു പരിഗണിക്കുകയില്ല.
എന്റെ അധർമങ്ങൾ അവിടുന്നു മറയ്ക്കും.
18എന്നാൽ പർവതം വീണടിയുന്നു.
പാറകൾ ഇളകിമാറുന്നു.
19ജലം കല്ലിനു തേയ്മാനം വരുത്തുന്നു;
ഒഴുക്കിൽ മണ്ണ് ഒലിച്ചുപോകുന്നു.
അതുപോലെ മനുഷ്യന്റെ പ്രത്യാശയെ അവിടുന്നു നശിപ്പിക്കുന്നു.
20അവിടുന്ന് എപ്പോഴും മനുഷ്യനെ ജയിക്കുന്നു;
അവൻ കടന്നുപോകുന്നു.
അവിടുന്ന് അവന്റെ മുഖച്ഛായപോലും മാറ്റി പറഞ്ഞയയ്ക്കുന്നു.
21തന്റെ പുത്രന്മാർ ആദരിക്കപ്പെട്ടത് അവൻ അറിയുന്നില്ല.
അവർ അവമാനിതരാകുന്നതും അവൻ ഗ്രഹിക്കുന്നില്ല.
22ശരീരത്തിന്റെ വേദന മാത്രമേ അവൻ അറിയുന്നുള്ളൂ;
അവന്റെ വിലാപം തന്നെപ്രതിയുള്ളതു മാത്രം.”
Currently Selected:
JOBA 14: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.