YouVersion Logo
Search Icon

JOHANA 9:24-41

JOHANA 9:24-41 MALCLBSI

അന്ധനായിരുന്ന ആ മനുഷ്യനെ വീണ്ടും അവർ വിളിച്ചു: “ദൈവത്തെ പ്രകീർത്തിക്കുക. ആ മനുഷ്യൻ പാപിയാണെന്നു ഞങ്ങൾക്കറിയാം” എന്നു പറഞ്ഞു. “അദ്ദേഹം പാപിയാണോ അല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ; എന്നാൽ ഒരു കാര്യം എനിക്കറിയാം. മുമ്പു ഞാൻ അന്ധനായിരുന്നു; ഇപ്പോൾ എനിക്കു കാഴ്ചയുണ്ട്” എന്ന് അയാൾ ഉത്തരം പറഞ്ഞു. അവർ അവനോടു പിന്നെയും ചോദിച്ചു: “ആ മനുഷ്യൻ നിനക്ക് എന്തുചെയ്തു? അയാൾ നിനക്കു കാഴ്ച നല്‌കിയത് എങ്ങനെയാണ്?” അയാൾ പറഞ്ഞു: “അതു ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നതെന്ത്? നിങ്ങൾക്കും അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആകണമെന്നുണ്ടോ?” അവർ അയാളെ ശകാരിച്ചുകൊണ്ട്: “നീ അവന്റെ ശിഷ്യനാണ്; ഞങ്ങൾ മോശയുടെ ശിഷ്യന്മാരാകുന്നു. ദൈവം മോശയോടു സംസാരിച്ചിട്ടുണ്ടെന്നു ഞങ്ങൾക്കറിയാം; എന്നാൽ ഇയാൾ എവിടെനിന്നു വന്നു എന്നു ഞങ്ങൾക്കറിഞ്ഞുകൂടാ” എന്നു പറഞ്ഞു. ഉടനെ അയാൾ പറഞ്ഞു: “ഇത് ആശ്ചര്യകരം തന്നെ! അദ്ദേഹം എന്റെ കണ്ണു തുറന്നുതന്നു. എന്നിട്ടും അദ്ദേഹം എവിടെനിന്നു വരുന്നു എന്നു നിങ്ങൾക്കറിഞ്ഞുകൂടെന്നോ! പാപികളുടെ പ്രാർഥന ദൈവം കേൾക്കുകയില്ലെന്നും അവിടുത്തെ ആരാധിക്കുകയും അവിടുത്തെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്നവരുടെ പ്രാർഥന ശ്രദ്ധിക്കുമെന്നും നമുക്കറിയാം. ജന്മനാ കാഴ്ച ഇല്ലാത്ത ഒരുവന് ആരെങ്കിലും കാഴ്ച നല്‌കിയതായി ലോകം ഉണ്ടായതിനുശേഷം ഇന്നുവരെ കേട്ടിട്ടില്ലല്ലോ. ഇദ്ദേഹം ദൈവത്തിൽനിന്നുള്ളവനല്ലെങ്കിൽ ഇങ്ങനെയൊന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല.” “പാപത്തിൽത്തന്നെ ജനിച്ചു വളർന്ന നീയാണോ ഞങ്ങളെ പഠിപ്പിക്കുവാൻ വരുന്നത്?” എന്നു പറഞ്ഞുകൊണ്ട് അവർ അയാളെ ബഹിഷ്കരിച്ചു. യെഹൂദന്മാർ ആ മനുഷ്യനെ പുറന്തള്ളി എന്നു യേശു കേട്ടു. യേശു അയാളെ കണ്ടുപിടിച്ച് “നീ മനുഷ്യപുത്രനിൽ വിശ്വസിക്കുന്നുവോ?” എന്നു ചോദിച്ചു. “പ്രഭോ, ഞാൻ വിശ്വസിക്കേണ്ടതിന് അവിടുന്ന് ആരാണ് എന്നു പറഞ്ഞാലും” എന്ന് അയാൾ അപേക്ഷിച്ചു. യേശു അയാളോട് “നീ അദ്ദേഹത്തെ കണ്ടുകഴിഞ്ഞു; നിന്നോടു സംസാരിക്കുന്ന ആൾ തന്നെ” എന്ന് ഉത്തരമരുളി. അപ്പോൾ അയാൾ, “കർത്താവേ, ഞാൻ വിശ്വസിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ നമസ്കരിച്ചു. യേശു അരുൾചെയ്തു: “ന്യായവിധിക്കായി ഞാൻ ലോകത്തിൽ വന്നിരിക്കുന്നു; കാഴ്ചയില്ലാത്തവർക്കു കാഴ്ചയുണ്ടാകുവാനും കാഴ്ചയുള്ളവർക്കു കാഴ്ചയില്ലാതാകുവാനും തന്നെ.” ഇതുകേട്ട് അടുത്തുനിന്ന ചില പരീശന്മാർ ചോദിച്ചു: ‘’ഞങ്ങളും അന്ധന്മാരാണോ?” യേശു ഉത്തരമരുളി: “നിങ്ങൾ അന്ധന്മാരായിരുന്നെങ്കിൽ നിങ്ങൾക്കു കുറ്റമില്ലായിരുന്നെനേ. കാഴ്ചയുണ്ടെന്നു നിങ്ങൾ പറയുന്നതിനാൽ നിങ്ങളുടെ പാപം നിലനില്‌ക്കുന്നു.”