JOHANA 9:1-23
JOHANA 9:1-23 MALCLBSI
യേശു കടന്നുപോകുമ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു. ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “ഗുരോ, ആരു പാപം ചെയ്തിട്ടാണ് ഈ മനുഷ്യൻ അന്ധനായി ജനിച്ചത്, ഇയാളോ, ഇയാളുടെ മാതാപിതാക്കളോ?” യേശു പറഞ്ഞു: “ഈ മനുഷ്യനോ ഇയാളുടെ മാതാപിതാക്കളോ പാപം ചെയ്തതുകൊണ്ടല്ല ഇയാൾ അന്ധനായി ജനിച്ചത്; പിന്നെയോ, ദൈവത്തിന്റെ പ്രവൃത്തികൾ ഇയാളിൽ പ്രത്യക്ഷമാകേണ്ടതിനാണ്. പകലുള്ളിടത്തോളം എന്നെ അയച്ചവന്റെ പ്രവൃത്തികൾ നാം ചെയ്യേണ്ടതാകുന്നു. ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു. ഞാൻ ലോകത്തിലായിരിക്കുമ്പോൾ ലോകത്തിന്റെ പ്രകാശമാകുന്നു.” ഇങ്ങനെ പറഞ്ഞശേഷം അവിടുന്നു നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ആ മനുഷ്യന്റെ കണ്ണിന്മേൽ പൂശിയശേഷം, “നീ ശീലോഹാം കുളത്തിൽ ചെന്നു കഴുകുക” എന്നു പറഞ്ഞു. ‘ശീലോഹാം’ എന്ന വാക്കിന് ‘അയയ്‍ക്കപ്പെട്ടവൻ’ എന്നാണർഥം. അങ്ങനെ അവൻ പോയി കഴുകി കാഴ്ചപ്രാപിച്ചു തിരിച്ചുവന്നു. അയാളുടെ അയൽക്കാരും മുമ്പു ഭിക്ഷ യാചിക്കുന്നവനായി അയാളെ കണ്ടവരും, “ഇവനല്ലേ അവിടെയിരുന്നു ഭിക്ഷ യാചിച്ചിരുന്നത്?” എന്നു ചോദിച്ചു. “ഇവൻതന്നേ” എന്നു ചിലർ പറഞ്ഞു. “അല്ല, ഇവൻ അവനെപ്പോലെയിരിക്കുന്നു എന്നേയുള്ളൂ” എന്നു മറ്റു ചിലരും പറഞ്ഞു. അപ്പോൾ ആ മനുഷ്യൻ, “അതു ഞാൻ തന്നെ” എന്നു പറഞ്ഞു. “എങ്ങനെയാണു നിനക്കു കാഴ്ച ലഭിച്ചത്?” എന്ന് അവർ ചോദിച്ചു. അയാൾ പറഞ്ഞു: “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി; ശീലോഹാം കുളത്തിൽ പോയി കഴുകുക എന്നു പറഞ്ഞു. ഞാൻ പോയി കഴുകി; കാഴ്ച പ്രാപിക്കുകയും ചെയ്തു.” “അയാൾ എവിടെ?” എന്ന് അവർ ചോദിച്ചു. “എനിക്കറിഞ്ഞുകൂടാ” എന്ന് അയാൾ മറുപടി നല്‌കി. അന്ധനായിരുന്ന ആ മനുഷ്യനെ അവർ പരീശന്മാരുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയി. യേശു ചേറുണ്ടാക്കി അയാൾക്കു കാഴ്ച നല്‌കിയത് ഒരു ശബത്തു ദിവസമായിരുന്നു. പരീശന്മാരും ആ മനുഷ്യനോടു ചോദിച്ചു; “എങ്ങനെയാണ് നിനക്കു കാഴ്ച കിട്ടിയത്?” “അദ്ദേഹം എന്റെ കണ്ണിൽ ചേറു പൂശി; ഞാൻ അതു കഴുകിക്കളഞ്ഞു; എനിക്കിപ്പോൾ കാഴ്ചയുണ്ട്” എന്ന് അയാൾ പറഞ്ഞു. അപ്പോൾ പരീശന്മാരിൽ ചിലർ, “ആ മനുഷ്യൻ ദൈവത്തിൽ നിന്നുള്ളവനല്ല, അയാൾ ശബത്ത് ആചരിക്കുന്നില്ലല്ലോ” എന്നു പറഞ്ഞു. എന്നാൽ മറ്റു ചിലർ “പാപിയായ ഒരു മനുഷ്യന് ഇങ്ങനെയുള്ള അടയാളപ്രവൃത്തികൾ ചെയ്യുവാൻ എങ്ങനെ കഴിയും?” എന്നു ചോദിച്ചു. ഇങ്ങനെ അവരുടെ ഇടയിൽത്തന്നെ ഭിന്നാഭിപ്രായമുണ്ടായി. കാഴ്ച ലഭിച്ച ആ മനുഷ്യനോട് പരീശന്മാർ വീണ്ടും ചോദിച്ചു: “അയാളെക്കുറിച്ച് നീ എന്തു പറയുന്നു? അയാൾ നിനക്കു കാഴ്ച നല്‌കിയല്ലോ.” “അദ്ദേഹം ഒരു പ്രവാചകനാണ്” എന്ന് അയാൾ പറഞ്ഞു. അയാൾ അന്ധനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും മാതാപിതാക്കളിൽനിന്ന് അറിയുന്നതുവരെ യെഹൂദപ്രമുഖന്മാർ വിശ്വസിച്ചില്ല. അവർ ചോദിച്ചു: “പിറവിയിലേ അന്ധനായിരുന്നു എന്നു നിങ്ങൾ പറയുന്ന മകൻ ഇവൻ തന്നെയാണോ? എങ്കിൽ ഇപ്പോൾ അവനു കാഴ്ച ലഭിച്ചതെങ്ങനെ?” മാതാപിതാക്കൾ അതിനു മറുപടിയായി “ഇവൻ ഞങ്ങളുടെ മകനാണെന്നും പിറവിയിലേ ഇവൻ അന്ധനായിരുന്നുവെന്നും ഞങ്ങൾക്കറിയാം. എന്നാൽ ഇവന് ഇപ്പോൾ എങ്ങനെ കാഴ്ചയുണ്ടായെന്നോ, ആരാണ് ഇവനു കാഴ്ച നല്‌കിയതെന്നോ ഞങ്ങൾക്ക് അറിഞ്ഞുകൂടാ. അവനോടുതന്നെ ചോദിക്കുക; അവനു പ്രായമുണ്ടല്ലോ; അവൻതന്നെ പറയട്ടെ” എന്നു പറഞ്ഞു. യെഹൂദന്മാരെ ഭയന്നാണ് അവർ ഇങ്ങനെ പറഞ്ഞത്. എന്തെന്നാൽ യേശുവിനെ ആരെങ്കിലും ക്രിസ്തുവായി അംഗീകരിച്ചാൽ സുനഗോഗിൽനിന്ന് അയാളെ ബഹിഷ്കരിക്കണമെന്ന് യെഹൂദപ്രമുഖന്മാർ നേരത്തേ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് “അവനു പ്രായമുണ്ടല്ലോ; അവനോടു തന്നെ ചോദിക്കുക” എന്ന് അവർ പറഞ്ഞത്.