YouVersion Logo
Search Icon

JOHANA 8:28-59

JOHANA 8:28-59 MALCLBSI

അതുകൊണ്ട് അവിടുന്നു വീണ്ടും പറഞ്ഞു: “മനുഷ്യപുത്രനെ നിങ്ങൾ ഉയർത്തുമ്പോൾ ഞാനാകുന്നവൻ ഞാൻ തന്നെ ആണെന്നു നിങ്ങൾക്കു മനസ്സിലാകും. ഞാൻ സ്വയമായി ഒന്നും ചെയ്യാതെ എന്റെ പിതാവു പ്രബോധിപ്പിക്കുന്നതു മാത്രം പ്രസ്താവിക്കുന്നു എന്നു നിങ്ങൾക്കു ബോധ്യമാകും. എന്നെ അയച്ചവൻ എന്നോടുകൂടിയുണ്ട്; അവിടുത്തേക്കു പ്രസാദകരമായത് ഞാൻ എപ്പോഴും ചെയ്യുന്നതിനാൽ അവിടുന്ന് എന്നെ ഏകനായി വിട്ടിട്ടില്ല.” ഇതു പറഞ്ഞപ്പോൾ അനേകം ആളുകൾ യേശുവിൽ വിശ്വസിച്ചു. തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു പറഞ്ഞു: “എന്റെ വചനത്തിൽ നിങ്ങൾ നിലനില്‌ക്കുന്നെങ്കിൽ യഥാർഥത്തിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ തന്നെ. നിങ്ങൾ സത്യം അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” അവർ ചോദിച്ചു: “ഞങ്ങൾ അബ്രഹാമിന്റെ സന്താനങ്ങളാണ്; ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല; പിന്നെ ഞങ്ങളെ സ്വതന്ത്രരാക്കും എന്നു താങ്കൾ പറയുന്നതിന്റെ അർഥം എന്താണ്?” അതിന് യേശു ഉത്തരമരുളി: “ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. പാപം ചെയ്യുന്ന ഏതൊരുവനും പാപത്തിന്റെ അടിമയാകുന്നു. അടിമ, വീട്ടിൽ സ്ഥിരമായി വസിക്കുന്നില്ല. എന്നാൽ പുത്രൻ എന്നും അവിടെ വസിക്കുന്നു. അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരായിരിക്കും. നിങ്ങൾ അബ്രഹാമിന്റെ സന്താനങ്ങളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലുവാൻ ആലോചിക്കുന്നു. എന്തുകൊണ്ടെന്നാൽ എന്റെ വചനം നിങ്ങൾ ഗ്രഹിക്കുന്നില്ല. എന്റെ പിതാവിൽ ദർശിച്ചിട്ടുള്ളത് ഞാൻ നിങ്ങളോടു സംസാരിക്കുന്നു. എന്നാൽ നിങ്ങളുടെ പിതാവിൽനിന്നു കേട്ടിട്ടുള്ളത് നിങ്ങൾ ചെയ്യുന്നു.” അവർ യേശുവിനോടു പറഞ്ഞു: “അബ്രഹാമാണു ഞങ്ങളുടെ പിതാവ്.” യേശു പറഞ്ഞു: “നിങ്ങൾ അബ്രഹാമിന്റെ മക്കളായിരുന്നെങ്കിൽ അബ്രഹാമിന്റെ പ്രവൃത്തികൾ നിങ്ങൾ ചെയ്യുമായിരുന്നു. എന്നാൽ ദൈവത്തിൽനിന്നു കേട്ട സത്യം നിങ്ങളെ അറിയിക്കുക മാത്രം ചെയ്ത എന്നെ നിങ്ങൾ കൊല്ലുവാൻ ഭാവിക്കുന്നു. അബ്രഹാം അങ്ങനെയൊന്നും ചെയ്തില്ലല്ലോ. നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളത്രേ നിങ്ങൾ ചെയ്യുന്നത്.” “ഞങ്ങൾ ജാരസന്തതികളല്ല; ഞങ്ങൾക്ക് ഒരു പിതാവേയുള്ളൂ; ദൈവം മാത്രം” എന്ന് അതിന് അവർ മറുപടി പറഞ്ഞു. യേശു അവരോടു പറഞ്ഞു: “ദൈവം യഥാർഥത്തിൽ നിങ്ങളുടെ പിതാവായിരുന്നെങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു. എന്തെന്നാൽ ഞാൻ ദൈവത്തിൽനിന്നു വന്നിരിക്കുന്നു. ഞാൻ സ്വമേധയാ വന്നതല്ല, എന്നെ ദൈവം അയച്ചതാണ്. ഞാൻ പറയുന്നത് നിങ്ങൾ മനസ്സിലാക്കാത്തത് എന്തുകൊണ്ട്? എന്റെ വചനം ഗ്രഹിക്കുവാൻ നിങ്ങൾക്കു കഴിയാത്തതുകൊണ്ടു തന്നെ. പിശാച് ആണ് നിങ്ങളുടെ പിതാവ്. നിങ്ങളുടെ പിതാവിന്റെ ദുർമോഹം നിറവേറ്റുവാൻ നിങ്ങൾ ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകി ആയിരുന്നു. അവൻ ഒരിക്കലും സത്യത്തിന്റെ പക്ഷത്തു നിന്നിട്ടില്ല. എന്തെന്നാൽ അവനിൽ സത്യമില്ല. അവൻ അസത്യം പറയുമ്പോൾ അവന്റെ സ്വഭാവമാണു പ്രകടമാകുന്നത്. അവൻ അസത്യവാദിയും അസത്യത്തിന്റെ പിതാവുമാകുന്നു. എന്നാൽ ഞാൻ സത്യം പറയുന്നതുകൊണ്ട് നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. ഞാൻ പാപിയാണെന്ന് എന്നെ ബോധ്യപ്പെടുത്തുവാൻ നിങ്ങളിൽ ആർക്കു കഴിയും? ഞാൻ പറയുന്നതു സത്യം ആണെങ്കിൽ നിങ്ങൾ എന്തുകൊണ്ട് എന്നെ വിശ്വസിക്കുന്നില്ല? ദൈവത്തിൽ നിന്നുള്ളവൻ ദൈവത്തിന്റെ വാക്കുകൾ ശ്രവിക്കുന്നു. നിങ്ങൾ ദൈവത്തിൽനിന്നുള്ളവരല്ലാത്തതുകൊണ്ടാണ് അവിടുത്തെ വചനങ്ങൾ ശ്രവിക്കാത്തത്.” യെഹൂദന്മാർ ചോദിച്ചു: “താങ്കൾ ഒരു ശമര്യനാണെന്നും താങ്കളിൽ ഒരു ഭൂതമുണ്ടെന്നും ഞങ്ങൾ പറയുന്നത് ശരിയല്ലേ?” യേശു പറഞ്ഞു: “എന്നിൽ ഭൂതമില്ല. ഞാൻ എന്റെ പിതാവിനെ ബഹുമാനിക്കുന്നു; നിങ്ങളാകട്ടെ, എന്നെ അപമാനിക്കുന്നു. എന്നിരുന്നാലും ഞാൻ എന്റെ സ്വന്തം മഹത്ത്വം തേടുന്നില്ല. അത് എനിക്കുവേണ്ടി തേടുന്ന ഒരാളുണ്ട്; അവിടുന്നാണ് വിധികർത്താവ്. ഞാൻ ഉറപ്പിച്ചു പറയുന്നു: എന്റെ വാക്ക് അനുസരിക്കുന്നവൻ മരണം എന്തെന്ന് ഒരിക്കലും അറിയുകയില്ല.” യെഹൂദന്മാർ പറഞ്ഞു: “താങ്കളിൽ ഒരു ഭൂതമുണ്ടെന്ന് ഞങ്ങൾക്ക് ഇപ്പോൾ ബോധ്യമായി. അബ്രഹാം അന്തരിച്ചു; അതുപോലെ തന്നെ പ്രവാചകന്മാരും. എന്നിട്ടും താങ്കൾ പറയുന്നു ‘എന്റെ വാക്ക് അനുസരിക്കുന്നവർക്ക് ഒരിക്കലും മരണത്തിന്റെ അനുഭവം ഉണ്ടാകുകയില്ല’ എന്ന്. ഞങ്ങളുടെ പൂർവപിതാവായ അബ്രഹാം മരണമടഞ്ഞല്ലോ. അദ്ദേഹത്തെക്കാൾ വലിയവനാണോ താങ്കൾ? പ്രവാചകന്മാരും മരിച്ചു. താങ്കൾ ആരെന്നാണ് അവകാശപ്പെടുന്നത്?” യേശു ഉത്തരമരുളി: “ഞാൻ എന്നെത്തന്നെ പ്രകീർത്തിച്ചാൽ അതിന് ഒരു വിലയുമില്ല; നിങ്ങളുടെ ദൈവമെന്നു നിങ്ങൾ പറയുന്ന എന്റെ പിതാവാണ് എന്നെ പ്രകീർത്തിക്കുന്നത്. എന്നാൽ നിങ്ങൾ അവിടുത്തെ ഒരിക്കലും അറിഞ്ഞിട്ടില്ല: ഞാനാകട്ടെ അവിടുത്തെ അറിയുന്നു. ഞാൻ അവിടുത്തെ അറിയുന്നില്ലെന്നു പറഞ്ഞാൽ ഞാനും നിങ്ങളെപ്പോലെ കള്ളം പറയുന്നവനായിരിക്കും. ഞാൻ അവിടുത്തെ അറിയുകയും അവിടുത്തെ വചനം അനുസരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പിതാവായ അബ്രഹാം എന്റെ ആഗമനദിവസം കാണാം എന്ന പ്രത്യാശയിൽ ആഹ്ലാദിച്ചു. അദ്ദേഹം അതു കണ്ട് ആനന്ദിക്കുകയും ചെയ്തു.” അപ്പോൾ യെഹൂദന്മാർ ചോദിച്ചു: “താങ്കൾക്ക് അൻപതു വയസ്സുപോലും ആയിട്ടില്ല; എന്നിട്ടും അബ്രഹാമിനെ കണ്ടിട്ടുണ്ടെന്നോ?” യേശു പ്രതിവചിച്ചു: “ഞാൻ ഉറപ്പിച്ചു പറയുന്നു, അബ്രഹാമിനു മുമ്പുതന്നെ ഞാൻ ഉണ്ടായിരുന്നു.” ഇതു പറഞ്ഞപ്പോൾ യേശുവിനെ എറിയുന്നതിന് അവർ കല്ലെടുത്തു. എന്നാൽ യേശു അവരിൽ നിന്ന് ഒഴിഞ്ഞുമാറി ദേവാലയം വിട്ടുപോയി.