YouVersion Logo
Search Icon

JOHANA 8:1-11

JOHANA 8:1-11 MALCLBSI

യേശു ഒലിവുമലയിലേക്കു പോയി. അടുത്ത ദിവസം രാവിലെ അവിടുന്നു വീണ്ടും ദേവാലയത്തിലെത്തി. ജനമെല്ലാം അവിടുത്തെ അടുക്കൽ വന്നുകൂടി. യേശു അവിടെയിരുന്ന് അവരെ പഠിപ്പിച്ചുതുടങ്ങി. വ്യഭിചാരക്കുറ്റത്തിൽ പിടിക്കപ്പെട്ട ഒരു സ്‍ത്രീയെ മതപണ്ഡിതന്മാരും പരീശന്മാരുംകൂടി കൊണ്ടുവന്ന് അവരുടെ മധ്യത്തിൽ നിറുത്തി. അവർ യേശുവിനോടു പറഞ്ഞു: “ഗുരോ, വ്യഭിചാരകർമത്തിൽ ഏർപ്പെട്ടിരിക്കെത്തന്നെ പിടിക്കപ്പെട്ടവളാണ് ഈ സ്‍ത്രീ. ഇങ്ങനെയുള്ളവരെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് മോശയുടെ നിയമസംഹിത അനുശാസിച്ചിട്ടുള്ളത്. അങ്ങ് എന്തു പറയുന്നു?” യേശുവിന്റെ പേരിൽ കുറ്റം ആരോപിക്കുന്നതിനുവേണ്ടി അവിടുത്തെ പരീക്ഷിക്കുന്നതിനാണ് അവർ ഇങ്ങനെ ചോദിച്ചത്. യേശുവാകട്ടെ, കുനിഞ്ഞ് വിരൽകൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു. എന്നാൽ അവർ ഈ ചോദ്യം ആവർത്തിച്ചതുകൊണ്ട് യേശു നിവർന്ന് “നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ” എന്ന് അവരോടു പറഞ്ഞു. പിന്നെയും യേശു കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. ഇതു കേട്ടപ്പോൾ പ്രായം കൂടിയവർ തുടങ്ങി ഓരോരുത്തരായി എല്ലാവരും സ്ഥലം വിട്ടു. ഒടുവിൽ ആ സ്‍ത്രീയും യേശുവും മാത്രം ശേഷിച്ചു. യേശു നിവർന്ന് അവളോട് “അവരെല്ലാവരും എവിടെ? നീ കുറ്റവാളിയാണെന്ന് ആരും വിധിച്ചില്ലേ?” എന്നു ചോദിച്ചു. “ഇല്ല പ്രഭോ” എന്ന് അവൾ മറുപടി പറഞ്ഞു. അപ്പോൾ യേശു, “ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‍ക്കൊള്ളുക; ഇനിമേൽ പാപം ചെയ്യരുത്” എന്ന് അരുൾചെയ്തു.